അനധികൃത നിക്ഷേപ പദ്ധതികൾ വഴി പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി ബഡ്‌സ് (Banning of Unregulated Deposit Schemes Act) കോംപീറ്റന്റ് അതോററ്റി. അമിത പലിശ വാഗ്ദാനം ചെയ്തു വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് 2019-ലെ ബഡ്സ് ആക്ട് പ്രകാരം കുറ്റകരമാണ്. സംസ്ഥാനത്ത് ധാരാളമായി ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നതായും പ്രസ്തുത സ്ഥാപനങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലുമാണ് ബഡ്‌സ് കോംപീറ്റന്റ് അതോററ്റി നടപടികൾ ശക്തമാക്കിയത്. സംസ്ഥാനത്ത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്  50 സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ ഇതിനോടകം കോംപിറ്റന്റ് അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഇതിൽ 27 സ്ഥാപനങ്ങളുടേയും കുറ്റകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരുടേയും സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവു നൽകി. ഒന്നിലധികം സംസ്ഥാനങ്ങളുമായോ കേന്ദ്ര ഭരണ പ്രദേശങ്ങളുമായോ ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം സിബിഐക്ക് കൈമാറാനും വ്യവസ്ഥയുണ്ട്. 

ബഡ്സ് നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസന്വേഷണങ്ങളുടെ മേൽനോട്ടത്തിനു പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് ഇൻസ്പെക്ടർ ജനറലിനെ സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഉത്തര, ദക്ഷിണ മേഖല ഐജിമാർ അതതു മേഖല നോഡൽ ഓഫിസർമാരാണ്. പൊതുജനങ്ങൾക്കു കോംപിറ്റന്റ് അതോറിറ്റിയുടെ ca.budsact@kerala.gov.in മുഖേനയും സഞ്ജയ് എം. കൗൾ ഐ.എ.എസ്, കോംപിറ്റന്റ് അതോറിറ്റി, ബഡ്സ് ആക്ട്, റൂം നമ്പർ 374, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 വിലാസത്തിലും പരാതികൾ സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023

sitelisthead