സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ  പദ്ധതി -2023 പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പാക്കാനും, കോവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിൽ പ്രത്യേക ഇളവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിൽ  100%   കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. സാധാരണ പലിശ നിരക്കിൽ മാത്രമേ തുക ഇടാക്കൂ. 2022 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്യം ലഭിക്കും.  കേരളബാങ്ക്, ,ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2023

sitelisthead