കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതി പ്രകാരമുള്ള റബ്ബർ പുനർനടീലിന് ധനസഹായം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഹെക്ടറിന് 75,000 രൂപ ധനസഹായം ലഭ്യമാക്കുക. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ആറ് ജില്ലകളിലെ റബ്ബർ കർഷകർക്കാണ് ഈ ഘട്ടത്തിൽ ആനുകൂല്യം ലഭിക്കുന്നത്.
കുറഞ്ഞത് 25 സെന്റ് മുതൽ 5 ഹെക്ടർ വരെ കൃഷിഭൂമിയുള്ള കർഷകർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. ഒരു കർഷകന് പരമാവധി 2 ഹെക്ടർ വരെയുള്ള പുനർനടീലിനാണ് ധനസഹായം അനുവദിക്കുക.
ധനസഹായത്തിന് പുറമെ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ശാസ്ത്രീയ കൃഷിമുറകളിൽ കർഷകർക്ക് പ്രത്യേക പരിശീലനവും സാങ്കേതിക പരിജ്ഞാനവും നൽകുന്നതാണ്. കൂടാതെ, ഗുണമേന്മയുള്ള റബ്ബർ തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 30 നഴ്സറികൾക്ക് 6 ലക്ഷം രൂപ വരെ സബ്സിഡിയും പദ്ധതിയുടെ ഭാഗമായി നൽകും.
തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറികളിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ എന്നിവ സഹിതം www.keraplantation.kerala.gov.in വഴി നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന കർഷകർക്കായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
വിവരങ്ങൾക്ക് കേര പദ്ധതിയുടെ കോട്ടയം, തൃശൂർ, കണ്ണൂർ റീജിയണൽ ഓഫീസുകളുമായോ താഴെ പറയുന്ന ഫോൺ നമ്പറുകളുമായോ ബന്ധപ്പെടുക: 9037824036, 9037824049, 9037824047.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-01-2026