ജൂണ്‍ 24, 25, 26 തീയതികളിലായി പ്രഥമ സംസ്ഥാനതല റവന്യൂ കലോത്സവം തൃശൂരിൽ നടക്കും. ജില്ല കലക്ടര്‍മാര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റുമാര്‍ വരെയുള്ള റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാര്‍ക്ക് അവരുടെ കലാസിദ്ധികള്‍ അവതരിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരം നല്‍കുകയും ജോലിത്തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ മാനസികോല്ലാസം ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ കലോത്സവം സംഘടിപ്പിക്കുന്നത്.
തെക്കേ ഗോപുര നട, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നീ 4 വേദികളിലായാണ് മത്സരം നടക്കുക. 24ന് വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടില്‍ നടക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാവുക. 14 ജില്ല ടീമുകളും ഒരു ഹെഡ്കോര്‍ട്ടേഴ്സ് ടീമും ഉള്‍പ്പെടെ 15 ടീമുകള്‍ തമ്മിലായിരിക്കും മത്സരം. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, നാടോടി നൃത്തം, കര്‍ണാടിക് സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സിനിമാറ്റിക് ഡാന്‍സ്, ഓട്ടന്‍തുള്ളന്‍, മൈം, ലളിതഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, ഒപ്പന, നാടകം, തബല, മൃദംഗം, ഗിറ്റാര്‍, വയലിന്‍ കര്‍ണാടിക്, വയലിന്‍ വെസ്റ്റേണ്‍, മിമിക്രി, മോണോആക്ട്, കവിതാലാപനം, പ്രസംഗം തുടങ്ങിയ 39 ഇനങ്ങളിലാണ് മത്സരങ്ങൾ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-06-2022