കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി സംസ്ഥാനത്തെ സമന്വയിപ്പിക്കുന്നതിനായുള്ള ലോക കേരള സഭ ജൂൺ 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 169 ജനപ്രതിനിധികൾ, 182 പ്രവാസികൾ എന്നിവരുൾപ്പെടെ 351 അംഗങ്ങളാണ് മൂന്നാം ലോക കേരള സഭയിൽ പങ്കെടുക്കുക.
സംസ്ഥാനത്തെ നിയമസഭാംഗങ്ങൾ, കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും. 182 പ്രവാസികളിൽ 104 പേർ ഇന്ത്യയ്ക്കു പുറത്തുള്ളവരും 36 പേർ ഇതര സംസ്ഥാന പ്രവാസികളുമാണ്. തിരികെയെത്തിയ 12 പ്രവാസികളും പ്രമുഖരായ 30 പ്രവാസികളും ഉൾപ്പെടുന്നു. ഇവരെ കൂടാതെ ഇന്ത്യൻ പൗരത്വം ഇല്ലാത്തവരും പ്രവാസവുമായി ബന്ധപ്പെട്ട മറ്റ് പ്രമുഖരും പ്രത്യേക ക്ഷണിതാക്കളാകും.
ലോക കേരള സഭയുടെ മുന്നോടിയായി നടന്ന ബ്രെയിൻ സ്റ്റോമിങ് സെഷനിൽ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ,നവകേരള നിർമാണം, ഭാവി പ്രവാസം,പ്രവാസി പുനരധിവാസം, സാംസ്‌കാരിക വിനിമയ സാധ്യതകൾ, സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാനത്തുള്ള മലയാളി പ്രവാസികളുടെ പ്രശ്നങ്ങൾ, പുതിയ കുടിയേറ്റ നിയമം 2021 ഡ്രാഫ്റ്റ് തുടങ്ങിയവയിൽ ചർച്ചകൾ നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടു വിഷയാധിഷ്ഠിത മേഖലകളിലും ഏഴു ഭൂമിശാസ്ത്രപരമായ മേഖലകളിലുമാണ് മൂന്നാം ലോക കേരള സഭയിൽ ചർച്ചകൾ നടക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2022