സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ പഠനയാത്രകൾ, സ്കൂളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. മറ്റ് ഇതര ബോർഡുകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും സർക്കുലർ ബാധകമാണ്
1. പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ തുക നിശ്ചയിക്കേണ്ടതാണ്. പഠന യാത്രയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ സൗജന്യമായി ഏതെങ്കിലും കുട്ടിയെ പഠനയാത്രയിൽ പങ്കെടുപ്പിക്കുന്ന പക്ഷം ടി വിവരം മറ്റ് കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2. സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് കുട്ടികളിൽ നിന്നും ഈടാക്കാൻ പാടില്ലാത്തതാണ്.
3. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജന്മദിനം പോലുള്ള വ്യക്തി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ പരമാവധി ഒഴിവാക്കുകയും നടത്തുന്ന പക്ഷം അതിൻ്റെ സാമ്പത്തിക ബാധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാത്ത രീതിയിൽ നടത്താൻ സ്കൂൾ അധികാരികൾ ശ്രദ്ധിക്കേണ്ടതുമാണ്.
സ്കൂളുകളിൽ പഠനയാത്രകൾക്ക് വൻതോതിലുള്ള തുക നിശ്ചയിക്കുന്നതായും ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നതായും കണ്ടെത്തി. കൂടാതെ സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജന്മദിനംപോലുള്ള വ്യക്തി ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുകയും ചെയ്യുന്നുണ്ട്. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സർക്കുലർ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2025