ദത്ത് മാതാപിതാക്കളുടെയോ കുട്ടിയുടേയോ സ്വകാര്യത വെളിപ്പെടുത്തുന്ന യാതൊരു വിവരവും മാധ്യമങ്ങളിലോ സാമൂഹ്യമാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കരുത്. ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചു.
2015 ലെ ദി ജുവനൈൽ ജസ്റ്റിസ് (കെയർ ആൻറ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് പ്രകാരവും, ദി ജുവനൈൽ ജസ്റ്റിസ് (കെയർ ആൻറ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) മോഡൽ റൂൾസ് 2016 പ്രകാരവുൺ ദത്ത് നടപടികൾ ദത്ത് രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂർണമായി പാലിക്കപ്പെടണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുണ്ട് . ദി ജുവനൈൽ ജസ്റ്റിസ് (കെയർ ആൻറ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ടിലെ 74 -ാം വകുപ്പ് പ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയും മറ്റും സ്വകാര്യത ലംഘിച്ച് പത്രമാധ്യമങ്ങളിലോ മറ്റോ വാർത്തകളോ മറ്റോ നൽകുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിച്ചാൽ ആറു മാസം തടവ് ശിക്ഷയോ, രണ്ട് ലക്ഷം രൂപ വരെ പിഴയോ, രണ്ടും ഒന്നിച്ചോ നൽകപ്പെടാവുന്നതാണ്. ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള കുട്ടികളുടെ സ്വകാര്യയ്ക്ക് അത്രമേൽ പ്രാധാന്യമാണ് നിയമങ്ങൾ നൽകിയിട്ടുള്ളത്.
കോടതി നടപടികളിലും കുട്ടിയുടെയും ദത്ത് എടുക്കുന്ന രക്ഷിതാക്കളുടെയും സ്വകാര്യത സംരക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2016 ലെ ദി ജുവനൈൽ ജസ്റ്റിസ് (കെയർ ആൻറ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) മോഡൽ റൂൾസിലെ 46 (2) ചട്ടപ്രകാരം കുട്ടിയുടെ സ്വകാര്യത വെളിപ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങൾ അഡോപ്ഷൻ റെഗുലേഷനിൽ പരാമർശിച്ച പോർട്ടലിലല്ലാതെ യാതൊരു സ്ഥലത്തും അപ്‌ലോഡ് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
2017ലെ അഡോപ്ഷൻ റെഗുലേഷൻസിലെ റെഗുലേഷൻ 44(6) പ്രകാരം സ്വാഭാവിക രക്ഷിതാവിന്റെയോ ദത്ത് രക്ഷിതാക്കളുടെയോ ദത്ത് നൽകപ്പെടുന്ന കുഞ്ഞിന്റെയോ ഉറവിട വിവരങ്ങൾ ഒരു മൂന്നാംകക്ഷിക്ക് പരിശോധിക്കാൻ നിയമപരമായി അധികാരമില്ല. മാത്രമല്ല, അഡോപ്ഷനുമായി ബന്ധപ്പെട്ട എല്ലാ കോടതി നടപടികളും അേടാപ്ഷൻ റെഗുലേഷൻസിലെ റെഗുലേഷൻ 12(6) പ്രകാരവും ദി ജുവനൈൽ ജസ്റ്റിസ് (കെയർ ആൻറ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ടിലെ ആക്ട് 61 (2) പ്രകാരം ഇൻ ക്യാമറ നടപടിയായാണ് നടത്തേണ്ടത്. ഈ വ്യവസ്ഥകൾ വ്യക്തമാക്കുന്നത് ദത്ത് മാതാപിതാക്കളുടെയോ കുട്ടിയുടേയോ സ്വകാര്യത വെളിപ്പെടുത്ത യാതൊരു വിവരവും പ്രസിദ്ധീകരിക്കരുത് എന്നാണ്.
ബാലാവകാശ കമ്മീഷൻ മുമ്പാകെ നിലവിലുള്ള കേസുകളിലെ കുട്ടിയുടേയോ, ആ കുട്ടിക്കായി സമർപ്പിക്കപ്പെട്ട ദത്ത് ഹർജിലിലെ മാതാപിതാക്കളുടേയോ വിവരങ്ങൾ വെളിപ്പെടുത്താനോ, ദൃശ്യശ്രാവ്യമാധ്യമങ്ങളിലോ മറ്റോ പ്രസിദ്ധീകരിക്കാനോ അനുവാദമില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2023