അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി വീഡിയോ/ റീൽസ് മത്സരം നടത്തുന്നു. ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് പതിനായിരം രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കും. സംസ്ഥാനത്തെ ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകൾ (സർക്കാർ, സ്വകാര്യ, സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ), ഐ എച്ച് ആർ ഡി, എൽ ബി എസ് എന്നിവയുടെ കീഴിലുള്ള കോളേജുകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവ്വകലാശാലാ കാമ്പസുകൾ എന്നിവയിലെ ബിരുദതലം മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികൾക്ക് ഒറ്റയ്ക്കും ടീമായും പങ്കെടുക്കാം. ഒരാൾക്ക്/ടീമിന് ഒന്നിലധികം എൻട്രികളും നൽകാം.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മത്സരരാർത്ഥിയുടെ/മത്സരാർത്ഥികളുടെ കോളേജിലുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ, പഠന-പഠനേത രംഗത്തുള്ള മികച്ച മാതൃകകൾ, കോളേജിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ എന്നിവ കലാപരമായി ഉൾച്ചേർന്ന റീൽസ്/വീഡിയോകൾ ആണ് തയ്യാറാക്കേണ്ടത്. ഏതു ഭാഷയിലുമാവാം ചിത്രീകരണം. രണ്ടു മിനിട്ടു വരെ ദൈർഘ്യമാകാം.
അയക്കുന്ന റീൽസ്/വീഡിയോയുടെ അവസാനം മത്സരാർഥികളുടെയും കോളേജിന്റെയും പേര്, കോൺടാക്ട് നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങളെല്ലാം ഉണ്ടാവണം. തയ്യാറാക്കിയ വീഡിയോകൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റുഫോമുകളിൽ അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് video.conclave@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ജനുവരി രണ്ടിനു മുമ്പായി അയക്കണം. ലിങ്കിനു പുറമെ മത്സരത്തിൽ പങ്കെടുക്കുന്നയാളുടെ പേര്, കോളേജ്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, കോളേജ് ഐഡന്റിറ്റി കാർഡ്, വീഡിയോയുടെ ഹ്രസ്വ വിവരണം എന്നിവ കൂടി ഇ-മെയിലിൽ ഉൾപ്പെടുത്തണം. #keralahighereducation എന്ന ഹാഷ്‌ടാഗോടുകൂടിയാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ജനുവരി 14 നു കൊച്ചിൻ സർവകലാശാലയിൽ കോൺക്ലേവ് സംഘടിപ്പിക്കും. വിവരങ്ങൾക്ക് സന്ദർശിക്കുക keralahighereducation.com
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-12-2024