നവകേരളത്തിന്റെ ദശാബ്ദം- വികസന നേട്ടങ്ങളിൽ നിന്ന് വിഷൻ 2031-ലേക്ക്

കേരളാ രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലായി സംസ്ഥാനം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് കേരളം. ആ യാത്രയ്ക്ക് പുതിയ ദിശ നൽകുന്നതാണ് “നവകേരളം” എന്ന വികസനദർശനം. ഈ ദശാബ്ദം വെറും ഭരണകാലയളവല്ല; കേരളം തന്റെ ചരിത്ര നേട്ടങ്ങളെ പുതുക്കി വായിക്കുകയും പുതിയ സാമ്പത്തിക-സാമൂഹിക കുതിച്ചുചാട്ടത്തിന് അടിത്തറ പാകുകയും ചെയ്ത കാലഘട്ടമാണ്.

 

വിഷൻ 2031 ഒരു വിലയിരുത്തൽ പ്രക്രിയ മാത്രമല്ല; കേരളത്തിന്റെ വികസനയാത്രയുടെ അടുത്ത ഘട്ടം രേഖപ്പെടുത്താനുള്ള സമഗ്രമായ ശ്രമമാണ്. നാം എവിടെ നിന്നാണ് ആരംഭിച്ചത്, എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചു, ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന പ്രായോഗിക വികസനരേഖ കൂടിയാണ് അത്. കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ മേഖലകളിൽ കൈവരിച്ച മുന്നേറ്റങ്ങളാണ് ഈ പുതിയ ദർശനത്തിന്റെ യാഥാർത്ഥ്യ അടിത്തറ.

 

കേരളത്തിന്റെ വികസനകഥ എപ്പോഴും പൊതുപ്രവർത്തനങ്ങളാലും ജനകീയ ഇടപെടലുകളാലും രൂപപ്പെട്ടതാണ്. ഭൂസമരങ്ങളിൽ നിന്ന് സാമൂഹ്യപരിഷ്കരണങ്ങളിലേക്കും, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ സർവജനവത്കരണത്തിൽ നിന്ന് തദ്ദേശ സ്വയംഭരണത്തിന്റെ ശക്തിപ്പെടുത്തലിലേക്കും നീണ്ടുപോകുന്ന ഇടപെടലുകളുടെ ചരിത്രമാണ് കേരളത്തിന്റെ പുരോഗതി. സർക്കാരുകളും സാമൂഹിക പ്രസ്ഥാനങ്ങളും സമൂഹങ്ങളും ചേർന്ന് കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിലായി തീർത്ത ഈ മാനവവികസന അടിത്തറ കഴിഞ്ഞ 10 വർഷത്തിനിടെ കൂടുതൽ വികസിതവും ഭാവിനോട്ടമുള്ളതുമായ ഘട്ടത്തിലേക്ക് ഉയർന്നതാണ് ഇന്നത്തെ കേരളം.

 

സാക്ഷരതയും സ്കൂൾ വിദ്യാഭ്യാസവും പൊതുജനാരോഗ്യ സംവിധാനവും സാമൂഹ്യസൗഹൃദവും തദ്ദേശഭരണ ശക്തിയും കേരളത്തിന്റെ അടിസ്ഥാന കരുത്തുകളാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം, 2025 നവംബർ 1-ന് അതിദാരിദ്ര്യം നിർമ്മാർജനം ചെയ്തതായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായി മാറിയതും ഈ ദശാബ്ദത്തിലെ ചരിത്ര നേട്ടങ്ങളിലൊന്നാണ്. സൂക്ഷ്മമായ സർവേകൾ, ശക്തമായ ക്ഷേമസംവിധാനങ്ങൾ, പ്രാദേശിക തലത്തിലുള്ള പദ്ധതീകരണം എന്നിവയാണ് അതിന് പിന്നിൽ പ്രവർത്തിച്ചത്. മനുഷ്യവികസന നേട്ടങ്ങൾ യാത്രയുടെ അവസാനമല്ല; പുതിയ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിന്റെ തുടക്കമാണെന്ന സന്ദേശമാണ് ഈ കാലഘട്ടം നൽകുന്നത്.

 

സാമൂഹിക നേട്ടങ്ങളിൽ നിന്ന് സാമ്പത്തിക ശക്തിയിലേക്ക്

കേരളത്തിന് ഇന്ന് ഉയർന്ന വിദ്യാഭ്യാസമുള്ള ജനസംഖ്യയുണ്ട്; ശക്തമായ പൊതുആരോഗ്യ സംവിധാനമുണ്ട്; ഉയർന്ന സാമൂഹിക ബോധവുമുണ്ട്; സജീവമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. ഇവ സാമൂഹിക നേട്ടങ്ങൾ മാത്രമല്ല, സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനശക്തികളുമാണ്. ഗുണമേൻമയുള്ള തൊഴിലും ആധുനിക ഉൽപ്പാദനാധിഷ്ഠിത സമ്പദ്വ്യവസ്ഥയും സൃഷ്ടിക്കുന്നതിലേക്ക് ഈ ശക്തികളെ ഉപയോഗപ്പെടുത്തുന്ന ഘട്ടമാണ് ഇപ്പോൾ.

 

വിദ്യാഭ്യാസ-ആരോഗ്യ നേട്ടങ്ങൾ കൊണ്ട് ലോകശ്രദ്ധ നേടിയ “കേരള മോഡൽ” വികസനം ഈ ദശാബ്ദത്തിൽ പുതുക്കിയ അർത്ഥത്തോടെയാണ് മുന്നേറിയത്. സാമൂഹികനീതിയും പൊതുജനക്ഷേമവുമെന്ന അടിത്തറ നിലനിർത്തിക്കൊണ്ട് വ്യവസായ നിക്ഷേപം, ഐടി, ലോജിസ്റ്റിക്സ്, സ്റ്റാർട്ടപ്പ്, അടിസ്ഥാനസൗകര്യം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ കേരളം വലിയ മുന്നേറ്റം കൈവരിച്ചു.

 

വ്യവസായ, ഐടി, സ്റ്റാർട്ടപ്പ് മേഖലകളിലെ കുതിപ്പ്

2016-ന് ശേഷമുള്ള കാലയളവിൽ വ്യവസായ മേഖലയ്ക്ക് നൽകിയ മുൻഗണനയുടെ ഫലമായി ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംസ്ഥാനം മുന്നേറി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും പരിസ്ഥിതിയോട് ഉത്തരവാദിത്തം പുലർത്തിയും ദീർഘകാല സുസ്ഥിരത ലക്ഷ്യമിട്ട വ്യവസായ വളർച്ചയാണ് കേരളം പിന്തുടരുന്നത്.

 

വിവരസാങ്കേതിക മേഖലയിൽ കേരളം നിർണായകമായ പരിവർത്തനമാണ് സാക്ഷാത്കരിച്ചത്. ഒരുകാലത്ത് ഐ.ടി. സാധ്യതകൾ നഷ്ടപ്പെടുത്തിയെന്ന പൊതുധാരണ നിലനിന്നിരുന്നെങ്കിലും, കഴിഞ്ഞ 10 വർഷം ആ ധാരണയെ പൂർണ്ണമായി തെറ്റാണെന്ന് തെളിയിച്ചു. ടെക്നോപാർക്ക് 127.2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലേക്കും 500 കമ്പനികളിലേക്കും 80,000 ജീവനക്കാരിലേക്കും വളർന്നു. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ 90,000 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് കേരളം കൈവരിച്ചത്. ഇൻഫോപാർക്ക് 12,060 കോടി രൂപയുടെ സോഫ്റ്റ്‌വെയർ കയറ്റുമതി നേടി. കോഴിക്കോട് സൈബർപാർക്കിൽ കയറ്റുമതി 130 കോടി രൂപയായി ഉയർന്ന് 42.77 ശതമാനം വളർച്ച രേഖപ്പെടുത്തി.

 

സ്റ്റാർട്ടപ്പ് രംഗത്തും കേരളം ദേശീയതലത്തിൽ ശ്രദ്ധേയമായ സ്ഥാനത്തെത്തി. സംസ്ഥാനത്ത് 7,333 സ്റ്റാർട്ടപ്പുകൾ നിലവിലുണ്ട്; 74,000 തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേന 514 കോടി രൂപയുടെ സാമ്പത്തിക പിന്തുണ നൽകി. രാജ്യമൊട്ടാകെ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയ ഈ രംഗം അറിവിനെ അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നു.

 

അടിസ്ഥാനസൗകര്യ വികസനത്തിന്റെ പുതിയ അധ്യായം

ഈ ദശാബ്ദത്തിലെ ഏറ്റവും നിർണായകമായ നേട്ടങ്ങളിൽ ഒന്നാണ് അടിസ്ഥാനസൗകര്യ മേഖലയിലെ കുതിപ്പ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് കേരളത്തിന്റെ വികസനചരിത്രത്തിലെ മൈൽസ്റ്റോണാണ്. 2028-ഓടെ തുടർഘട്ട വികസനം പൂർത്തിയാക്കാനുള്ള ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗെയ്ൽ പൈപ്പ്‌ലൈൻ പൂർത്തിയായി. ഇടമൺ-കൊച്ചി 400 കെവി ലൈൻ പൂർത്തിയായി. പുതുവൈപ്പ് എൽപിജി ടെർമിനൽ പ്രവർത്തനക്ഷമമായി. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി.

 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഈ കാലയളവിൽ ഘട്ടം 1A, 1B എന്നിവ പൂർത്തിയാക്കി തൃപ്പൂണിത്തുറയിലേക്കുള്ള ആദ്യ മെട്രോ കോറിഡോർ യാഥാർത്ഥ്യമാക്കി. 2024-25 സാമ്പത്തിക വർഷത്തിൽ 233.35 കോടി രൂപ പ്രവർത്തനലാഭം നേടി തുടർച്ചയായി രണ്ട് വർഷം ലാഭത്തിലായതും ശ്രദ്ധേയമാണ്. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള പിങ്ക് ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ 100 ശതമാനം പൂർത്തിയാക്കിയതും രണ്ടാംഘട്ട വികസനത്തിന് ബലം നൽകി.

 

കൊച്ചി വാട്ടർ മെട്രോ കേരളത്തിന്റെ ഗതാഗതചരിത്രത്തിലെ മറ്റൊരു നവീന നേട്ടമാണ്. 2023 ഏപ്രിൽ 25-ന് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി ഇന്ന് 6 റൂട്ടുകളിലായി 20 ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ച് 12 ടെർമിനലുകളെ ബന്ധിപ്പിക്കുന്നു. 52 ലക്ഷം യാത്രക്കാർ ഇതിനോടകം ഈ സേവനം ഉപയോഗിച്ചു. ഗ്ലോബൽ അംഗീകാരങ്ങളും കേന്ദ്ര സർക്കാരിന്റെ മാതൃകാപദ്ധതി തെരഞ്ഞെടുപ്പും വാട്ടർ മെട്രോയുടെ പ്രാധാന്യം ഉയർത്തുന്നു.

 

ഉൾനാടൻ ജലപാത വികസനത്തിലും നേട്ടങ്ങൾ ഉണ്ടായി. കോവളം മുതൽ ബേക്കൽ വരെ 305.54 കിലോമീറ്റർ ജലപാത സഞ്ചാരയോഗ്യമാക്കി. ലോക്ക്-കം-ബ്രിഡ്ജുകൾ, സ്റ്റീൽ ലിഫ്റ്റിങ് ബ്രിഡ്ജുകൾ, ബോട്ട് ജെട്ടികൾ, ടെർമിനലുകൾ എന്നിവ പൂർത്തിയാക്കി ജലഗതാഗതത്തിന് പുതിയ അധ്യായം തുറന്നു.

 

കെ-ഫോൺ, ഡിജിറ്റൽ കേരളം, വിജ്ഞാനസാമ്പത്തികത്വം

കെ-ഫോൺ (Kerala Fiber Optic Network) കേരളത്തിന്റെ ഡിജിറ്റൽ ഉൾപ്പെടുത്തലിന്റെ കരുത്തായാണ് ഉയർന്നത്. 2022-ൽ ഐ.പി-1 സർട്ടിഫിക്കേഷനും 2025 ജൂലൈയിൽ ഐ.എസ്.പി ‘A’ ലൈസൻസും കരസ്ഥമാക്കി. 23,163 സർക്കാർ ഓഫീസുകളിൽ കണക്ഷൻ നൽകി സംസ്ഥാനത്തെ ഭരണ-സേവന രംഗത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തി.

 

കൃത്രിമ ബുദ്ധി, ഡാറ്റാ ശാസ്ത്രം, ഡിജിറ്റൽ സേവനങ്ങൾ, സാങ്കേതികാധിഷ്ഠിത ഭരണപരിഷ്‌കാരങ്ങൾ എന്നിവയെ ഭാവിവികസനത്തിന്റെ കേന്ദ്രത്തിലാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമവും ഈ കാലഘട്ടത്തിൽ വ്യക്തമായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സെന്റർ ഫോർ വൺ ഹെൽത്ത് സ്ഥാപിച്ചതും, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ മികവിന്റെ കേന്ദ്രമായി ഉയർത്തിയതും അറിവ് അധിഷ്ഠിത ഭാവിനോട്ടത്തിന്റെ സൂചനകളാണ്.

 

പരിസ്ഥിതി, ജലസുരക്ഷ, കാലാവസ്ഥാ പ്രതിരോധം

പ്രളയവും മണ്ണിടിച്ചിലും പോലുള്ള കാലാവസ്ഥാ പ്രതിസന്ധികളെ നേരിട്ട കേരളം, വികസനത്തെ പരിസ്ഥിതി സുസ്ഥിരതയിൽ നിന്ന് വേർതിരിച്ച് നോക്കാനാകില്ലെന്ന തിരിച്ചറിവോടെ മുന്നേറി. CZMP 2019 അടിസ്ഥാനമാക്കിയ പുതുക്കിയ തീരദേശ മേഖല മാനേജ്‌മെന്റ് പ്ലാൻ 2024 ഒക്ടോബർ 16-ന് കേന്ദ്ര അംഗീകാരം നേടിയതിലൂടെ തീരദേശ സംരക്ഷണത്തിൽ വലിയ മുന്നേറ്റമുണ്ടായി.

 

ജലസുരക്ഷാ വിഷയങ്ങളിലുമുള്ള നിയമ-ഭരണ നടപടികൾ ശ്രദ്ധേയമായി. ചെമ്പകവള്ളി അണക്കെട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന താൽപര്യത്തിന് അനുകൂലമായ വിധി സമ്പാദിക്കാനും, പറമ്പിക്കുളം-ആളിയാർ മേഖലയിൽ കടുത്ത വരൾച്ചക്കാലത്ത് പൂർണ്ണ ജലവിഹിതം ഉറപ്പാക്കാനും സാധിച്ചു.

 

വയനാട് പുനരധിവാസവും കരുതലിന്റെ ഭരണവും

ദുരന്തബാധിതർക്കായുള്ള പുനരധിവാസത്തിൽ കേരളം അതിവേഗവും മാതൃകാപരവുമായ ഇടപെടലുകളാണ് കാഴ്ചവെച്ചത്. വയനാട്ടിൽ ദുരന്തബാധിതർക്കായി കൽപ്പറ്റ നഗരത്തിന്റെ ഹൃദയഭാഗത്ത് മാതൃകാ ടൗൺഷിപ്പ് ഉയർന്നു. 1000 ചതുരശ്ര അടി വിസ്തൃതിയുള്ള 451 വീടുകൾ, വ്യാപാരികൾക്ക് നഷ്ടപരിഹാരം, ആധാരം നഷ്ടപ്പെട്ടവർക്ക് സൗജന്യ രേഖാപകർപ്പ് എന്നിവ കരുതലിന്റെയും വേഗതയുടെയും ഉദാഹരണങ്ങളാണ്.

 

കിഫ്ബി: പശ്ചാത്തല സൗകര്യ വികസനത്തിന്റെ ചാലകശക്തി

പശ്ചാത്തല സൗകര്യ വികസനത്തെ വേഗത്തിലാക്കുന്നതിൽ കിഫ്ബിയുടെ പങ്ക് നിർണായകമാണ്. 90,562 കോടി രൂപയുടെ 1,190 പദ്ധതികൾക്ക് രൂപം നൽകിയ കിഫ്ബി, റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, തുരങ്കപാതകൾ, വ്യവസായ പാർക്കുകൾ, ട്രാൻസ്ഗ്രിഡ് 2.0, പൊതുജനാരോഗ്യ പദ്ധതികൾ തുടങ്ങി നിരവധി മേഖലകളിൽ വികസന ചാലകശക്തിയായി മാറി.

 

സുരക്ഷ, സാങ്കേതികവിദ്യ, ജനസേവനം: പുതിയ കേരളാ പോലീസ്

കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പോലീസ് രാജ്യത്തെ മുൻനിര സേനകളിലൊന്നായി ഉയർന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനസാന്നിധ്യം, സാങ്കേതിക ശേഷി, വനിതാ പങ്കാളിത്തം എന്നിവ ഈ സേനയുടെ പ്രത്യേക ശക്തികളാണ്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 സർവേ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.

 

സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. ഡാർക്ക് വെബ്ബിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി സൈബർഡോം, ഗ്രാപ്നെൽ 1.0 പോലുള്ള സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ ഉറപ്പാക്കാൻ പിങ്ക് പോലീസ്, വനിതാ സ്വയംപ്രതിരോധ പദ്ധതി, വുമൺ സേഫ്റ്റി ഡിവിഷൻ, POSH കംപ്ലയൻസ് പോർട്ടൽ, ‘കൂട്ട്’, ‘കവചം’, ‘ഹോപ്പ്’, ‘മാലാഖ’, ‘ചിരി’ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.

 

ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയാൻ 155260 സൈബർ ഫിനാൻഷ്യൽ ഫ്രോഡ് കോൾ സെന്റർ, പോലീസ് ചാറ്റ്‌ബോട്ട്, മൊബൈൽ ആപ്ലിക്കേഷനുകൾ, ഡ്രോൺ ഫോറൻസിക് ലാബ്, മൊബൈൽ ആന്റി-ഡ്രോൺ വാഹനം ‘ഈഗിൾ ഐ’, മി-കോപ്പ് ആപ്പ് തുടങ്ങിയ സംവിധാനങ്ങൾ നിലവിൽവന്നു. ജനസുരക്ഷയും സാങ്കേതികസജ്ജീകരണവും ഒരുമിപ്പിച്ച ജനകീയ പോലീസ് മോഡലാണ് ഈ കാലഘട്ടത്തിലെ നേട്ടം.

 

അഗ്നിരക്ഷാസേന, ജയിൽ, കോടതി: ഭരണത്തിന്റെ ശക്തമായ കൈത്താങ്ങ്

2016 മുതൽ 2025 വരെ 251 കോടിയിലധികം രൂപയുടെ അത്യാധുനിക ഉപകരണങ്ങളാൽ അഗ്നിരക്ഷാസേനയെ സജ്ജമാക്കി. റോബോട്ടിക് ഫയർ ഫൈറ്റിങ് വാഹനം, അണ്ടർ വാട്ടർ ഡ്രോൺ, ഫയർ ടെൻഡറുകൾ, ടവർ മോണിറ്റർ, ഏരിയൽ ലാഡർ പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ലഭ്യമാക്കി. ചരിത്രത്തിലാദ്യമായി 100 ഫയർവുമൺ തസ്തികകളും 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകളും സൃഷ്ടിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ സ്കൂബാ ഡൈവിങ് ടീമായ ‘GANNETS’ രൂപീകരിച്ചതും ഈ കാലഘട്ടത്തിലെ ശ്രദ്ധേയ നേട്ടമാണ്.

 

ജയിൽ വകുപ്പിൽ ജയിലുകളുടെ എണ്ണം 59 ആയി ഉയർത്തുകയും അംഗീകൃത ശേഷി വർധിപ്പിക്കുകയും പുതിയ ജയിലുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കോടതികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി 9 ജില്ലകളിലായി 16 കെട്ടിടങ്ങളുടെ നിർമ്മാണ-വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

 

പ്രവാസികളോട് ഒപ്പമുള്ള കേരളം

ലോകമെമ്പാടുമുള്ള മലയാളികൾക്കായി നോർക്ക റൂട്ട്സ് ശക്തമായ സുരക്ഷാ-സഹായ സംവിധാനങ്ങൾ സൃഷ്ടിച്ചു. 2018-ൽ ലോക കേരള സഭ രൂപീകരിച്ചതിനുശേഷം അഞ്ച് പതിപ്പുകൾ നടന്നു. ഇന്ന് 103 രാജ്യങ്ങളിലും 25 ഇന്ത്യൻ സംസ്ഥാനങ്ങളിലും നിന്നുള്ള പ്രതിനിധികൾ ഈ വേദിയിൽ അംഗങ്ങളാണ്.

 

നോർക്ക കെയർ പദ്ധതി 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയും 10 ലക്ഷം രൂപയുടെ അപകടപരിരക്ഷയും നൽകുന്നു. 132,034 പ്രവാസി കുടുംബങ്ങളിൽ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം അംഗങ്ങൾ പദ്ധതിയുടെ ഭാഗമാണ്. NDPREM മുഖേന 9,239 സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുകയും 106.38 കോടി രൂപ സബ്സിഡി നൽകുകയും ചെയ്തു. സാന്ത്വനം പദ്ധതിയിലൂടെ 35,580 പ്രവാസി കുടുംബങ്ങൾക്ക് ഏകദേശം 212 കോടി രൂപ നൽകി. 181 രാജ്യങ്ങളിലെ കേരളീയർക്കായി പ്രവാസി ഐഡി കാർഡ് വിതരണം ചെയ്തു. സുരക്ഷിത കുടിയേറ്റം, തൊഴിൽ, നിയമസഹായം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം എന്നിവയെ ഏകോപിത സേവനരീതിയിലൂടെ കൈകാര്യം ചെയ്തതും ഈ കാലഘട്ടത്തിന്റെ വലിയ നേട്ടമാണ്.

 

ജനാധിപത്യം, മതേതരത്വം, വികേന്ദ്രീകരണം: കേരളത്തിന്റെ ഭാവി അടിത്തറ

കേരളത്തിന്റെ പ്രത്യേക ശക്തികളിൽ ഒന്നാണ് വികേന്ദ്രീകൃത ഭരണസംവിധാനം. പീപ്പിൾസ് പ്ലാൻ പ്രസ്ഥാനവും തുടർന്ന് നടന്ന പരിഷ്കാരങ്ങളും പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും യഥാർത്ഥ അധികാരകേന്ദ്രങ്ങളാക്കി. പ്രളയവും മഹാമാരിയും പോലുള്ള പ്രതിസന്ധിക്കാലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ അവരുടെ ശേഷിയും പ്രതിബദ്ധതയും തെളിയിച്ചു. ജനാധിപത്യ പങ്കാളിത്തവും ഭരണ കാര്യക്ഷമതയും കൂട്ടിച്ചേർക്കുന്ന ഈ ശക്തി കേരളത്തിന്റെ ഭാവി വികസനത്തിനും നിർണായകമാണ്.

 

മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ടു മാത്രമേ വികസനം സാധ്യമാകൂ എന്നതാണ് കേരളത്തിന്റെ ദീർഘകാല അനുഭവം. കർഷകരിൽ നിന്ന് യുവാക്കളിലേക്കും തൊഴിലാളികളിൽ നിന്ന് സംരംഭകരിലേക്കും എല്ലാവരുടെയും സഹകരണം ഈ വികസനയാത്രയിൽ അനിവാര്യമാണ്. വിവിധ വകുപ്പുകൾ സംസ്ഥാനമൊട്ടാകെ 33 സെമിനാറുകൾ സംഘടിപ്പിക്കുകയും അവയെ വിഷയാധിഷ്ഠിത സമ്മേളനങ്ങളായി ഏകോപിപ്പിക്കുകയും ചെയ്തതും, 120-ലധികം വിദഗ്ധർ പങ്കാളികളാകുന്ന വിഷൻ 2031 കോൺഫറൻസും, നല്ല നയം കൂട്ടായ ചിന്തയിൽ നിന്നാണ് രൂപപ്പെടുന്നത് എന്ന കേരളത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.

 

ദശാബ്ദ നേട്ടങ്ങളിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക്

കഴിഞ്ഞ 10 വർഷം കേരളത്തിനായി വെറും ഭരണവിജയങ്ങളുടെ പട്ടികയല്ല; ഭാവിയുടെ അടിത്തറ പാകിയ മാറ്റങ്ങളുടെ കാലഘട്ടമാണ്. അടിസ്ഥാനസൗകര്യത്തിൽ നിന്ന് ഡിജിറ്റൽ ബന്ധത്തിലേക്ക്, വ്യവസായത്തിൽ നിന്ന് ഐ.ടി. വളർച്ചയിലേക്ക്, പൊതുസുരക്ഷയിൽ നിന്ന് ക്ഷേമ-പ്രവാസി പിന്തുണയിലേക്ക്, പരിസ്ഥിതി പ്രതിരോധത്തിൽ നിന്ന് തദ്ദേശഭരണ ശക്തിപ്പെടുത്തലിലേക്ക് വ്യാപിച്ച ഒരു സമഗ്ര വികസനരേഖയാണ് ഈ ദശാബ്ദം.

 

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടർ മെട്രോ, കെ-ഫോൺ, സ്റ്റാർട്ടപ്പ് വളർച്ച, കിഫ്ബി പദ്ധതികൾ, സൈബർ സുരക്ഷാ മുന്നേറ്റങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, ദുരന്തപുനരധിവാസ മാതൃകകൾ—ഇവയെല്ലാം ചേർന്നാണ് “നവകേരളം” രൂപം കൊള്ളുന്നത്.മനുഷ്യവികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി, അറിവിനെ അധിഷ്ഠിതമാക്കി, സാമൂഹ്യനീതി കൈവിടാതെ, സുസ്ഥിരത മുൻനിർത്തി, കൂടുതൽ ഉൽപ്പാദനക്ഷമവും സമത്വാധിഷ്ഠിതവും ആധുനികവുമായ കേരളത്തെ രൂപപ്പെടുത്തുകയാണ് ഇനി ലക്ഷ്യം. കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ആ ഭാവിയാത്രയ്ക്ക് ആത്മവിശ്വാസം നൽകുന്നു. വിഷൻ 2031 ആ ആത്മവിശ്വാസത്തെ ദിശാബോധമുള്ള വികസനരേഖയായി മാറ്റുന്ന അടുത്ത വലിയ ചുവടുവയ്പാണ്.

അനുബന്ധ ലേഖനങ്ങൾ

ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
  കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.
കൂടുതൽ വിവരങ്ങൾ
മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഗതാഗത വികസനത്തിന്റെ ഒരു ദശാബ്ദം
യാത്രക്കാർക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും ഗതാഗത വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബസ് സർവീസുകളുടെ നവീകരണം, പുതിയ വാഹനങ്ങളുടെ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം, സ്മാർട്ട് ട്രാവൽ കാർഡുകളുടെ പരിചയം, ബഡ്ജറ്റ് ടൂറിസം പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഊർജ്ജസ്വയംപര്യാപ്തതയിലേക്കുള്ള ഒരു ദശകം
പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത, ഊർജ്ജസ്വയംപര്യാപ്തതയിലേയ്ക്കുള്ള യാത്രയുടെ ഒരു ദശകമാണ് കടന്നുപോയത്. ജലവൈദ്യുതപദ്ധതികളെ പുനരുജ്ജീവിപ്പിച്ചും പുതിയ പദ്ധതികൾ നടപ്പാക്കിയും അധികവൈദ്യുതി ഉൽപാദനമെന്ന നേട്ടം കരസ്ഥമാക്കി.
കൂടുതൽ വിവരങ്ങൾ