
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.
രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു. ഇത് വരുംവർഷങ്ങളിലും തുടരുന്നതോടെ രജിസ്‌ട്രേഷൻ വകുപ്പിന്റെ സേവനം പൂർണ്ണമായും രാജ്യാന്തര നിലവാരത്തിലേക്ക് ഉയരും.
പുരാവസ്തു സംരക്ഷണത്തിലും ഗവേഷണത്തിലും മുന്നേറ്റങ്ങൾ
സംസ്ഥാന പുരാവസ്തുവകുപ്പിന് 192 സംരക്ഷിത സ്മാരകങ്ങളുണ്ട്. അവയിൽ നൂറിലധികം സ്മാരകങ്ങളുടെ സംരക്ഷണ പ്രവൃത്തികൾ കഴിഞ്ഞ പത്തു വർഷത്തിനിടെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.പുരാവസ്തു വകുപ്പിന്റെ ഉത്ഖനന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മലബാറിന്റെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള കോഴിക്കോട് ഫറോക്ക് കോട്ടയിലെ ശാസ്ത്രീയ ഉത്ഖനന പ്രവർത്തനങ്ങൾ രണ്ടുഘട്ടം പൂർത്തിയാക്കി. രക്ഷാർത്ഥമുള്ള ഇരുപത്തിയഞ്ചോളം ഉത്ഖനനങ്ങളും നിർവ്വഹിച്ചു.
കണ്ണൂരിലെ ഏഴിമല കോട്ടയിലെ ശാസ്ത്രീയ പരിശോധനയും പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെയും വയനാട് ജില്ലയിലെ കുഞ്ഞോം പ്രദേശത്തെയും പുരാതത്വ സർവെയും പൂർത്തിയാക്കി. കാസർകോട് ജില്ലയിലെ ചീമേനി അരിയിട്ടപാറയിൽ സമഗ്രമായ പുരാതത്വപരിശോധന പൂർത്തിയാക്കി.
അറിയപ്പെടാത്ത പുരാലിഖിതങ്ങൾ കണ്ടെത്തി പകർപ്പുകൾ തയ്യാറാക്കുകയും പഠനവിധേയമാക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രാധാന്യമുള്ള ഒട്ടേറെ നിർമ്മിതികളും പുരാവശേഷിപ്പുകളും തെളിവുകളും കണ്ടെത്താനും സംരക്ഷിക്കാനും ഇത്തരം പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.
രേഖാപാരമ്പര്യ സംരക്ഷണം
ചരിത്രപ്രസിദ്ധമായ മതിലകം രേഖകൾ ഉൾപ്പെടെ ഒരു കോടിയിലേറെ താളിയോലരേഖകളും അതിലേറെ പേപ്പർ രേഖകളും സംരക്ഷിച്ചുവരുന്ന പുരാരേഖാ വകുപ്പ് പ്രാദേശിക സർവ്വേകളുടെ അടിസ്ഥാനത്തിൽ സ്വകാര്യരേഖകൾ കൂടി കണ്ടെത്തി സംരക്ഷിക്കാനുള്ള പുതിയ പദ്ധതി ആരംഭിക്കുകയുണ്ടായി.
ഇന്റർനാഷണൽ ആർക്കൈവ്സ് ആൻഡ് ഹെറിറ്റേജ് സെന്റർ എന്ന ഗവേഷണ സ്ഥാപനത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കേരള പൊതുരേഖ ആക്ട് രൂപീകരിക്കാൻ കഴിഞ്ഞത് ഈ സർക്കാറിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്.
ലോകത്തുതന്നെ ആദ്യമായി താളിയോലരേഖകൾ മാത്രം ഉപയോഗപ്പെടുത്തി താളിയോല രേഖാമ്യൂസിയം സജ്ജീകരിച്ച് നാടിനു സമർപ്പിക്കാനും ഈ സർക്കാറിനു കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായി മ്യൂസിയം കമ്മിഷൻ രൂപീകരിച്ചു.
കേരളത്തിൽ മ്യൂസിയങ്ങൾ സജ്ജീകരിക്കുന്നതിനുള്ള സാങ്കേതിക മേൽനോട്ടം വഹിക്കുന്നതിന് കേരളം ചരിത്രപൈതൃക മ്യൂസിയം എന്ന ഏജൻസിയെ നിയോഗിച്ചു.
മ്യൂസിയം നിർമ്മാണങ്ങൾ
• 13 പുതിയ മ്യൂസിയങ്ങൾ സ്ഥാപിച്ചു.
• ആറ് മ്യൂസിയങ്ങൾ സമഗ്രമായി പുനസ്സജ്ജീകരിച്ചു.
• രാജാരവിവർമ്മ ചിത്രങ്ങളുടെ സംരക്ഷണത്തിന് മ്യൂസിയം വകുപ്പിൽ പ്രത്യേക കൺസർവേഷൻ ലാബ് സ്ഥാപിച്ചു. 53 പെയിന്റിങുകളുടെ രാസസംരക്ഷണം പൂർത്തിയാക്കി.
• മൂന്ന് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം കേരളത്തിൽ ആദ്യമായി തിരുവനന്തപുരം ആർട്ട് മ്യൂസിയത്തിൽ നടപ്പിലാക്കി.
• ഇടുക്കി ജില്ലയിലെ പൈനാവിൽ ഇടുക്കി ജില്ലാ ആർക്കൈവൽ സെന്ററും ഹെറിറ്റേജ് ഗ്യാലറിയും സജ്ജീകരിച്ചു.
• 1,49,47,730 പേപ്പർ രേഖകളും 29,14,234 താളിയോലകളും ഉൾപ്പെടെ 1.78 കോടി രേഖകൾ ഡിജിറ്റൈസ് ചെയ്തു.
• 'ഇ-ലിഖിതം' സോഫ്റ്റ്‌വെയർ മുഖേന റിസർച്ച് മുറികളിൽ ഗവേഷകർക്ക് രേഖകൾ ഡിജിറ്റലായി പരിശോധിക്കാനുള്ള സൗകര്യം ഒരുക്കി.
• കമ്മ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറത്തെ കരിയിക്കാട് ക്ഷേത്രം, ചെമ്പ്രശ്ശേരിമന, വയനാട്ടിലെ പുഴമുടി തറവാട്, കണ്ണൂർ സി.എസ്.ഐ ഇംഗ്ലീഷ് പള്ളി, നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് എന്നിവിടങ്ങളിലെ രേഖകൾക്ക് സംരക്ഷണം.
• തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിലെ 12,000 താളിയോല രേഖകളുടെ സംരക്ഷണം പുരോഗമിക്കുന്നു.
• 1949 മുതൽ 2016 വരെയുള്ള ക്യാബിനറ്റ് രേഖകൾ ഏറ്റെടുത്തു; 10,22,822 രേഖകൾ ഡിജിറ്റൈസ് ചെയ്തു.
• 415 ഭൂപടങ്ങളുടെ രാസസംരക്ഷണം പൂർത്തിയാക്കി.
• കുമാരനാശാൻ, കേശവദേവ് തുടങ്ങി പ്രശസ്തരുടെ കൈയെഴുത്തുപ്രതികൾ ശാസ്ത്രീയമായി സംരക്ഷിച്ചു.
• 25 സംരക്ഷിത സ്മാരകങ്ങളുടെ 2ഡി ഡോക്യുമെന്റേഷൻ പൂർത്തിയാക്കി.
• ഹിൽപ്പാലസിലെ ഛായാചിത്രങ്ങൾ, തൊടീക്കളം ചുവർചിത്രങ്ങൾ, മ്യൂസിയം പ്രദർശനവസ്തുക്കൾ എന്നിവയുടെ രാസസംരക്ഷണം പൂർത്തിയാക്കി.
• 36 നാണയശേഖരങ്ങളുടെ പ്രാമാണീകരണം പൂർത്തീകരിച്ചു.
• ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ മലയാളി സമൂഹവുമായി സഹകരിച്ച് പൈതൃകോത്സവങ്ങൾ സംഘടിപ്പിച്ചു.
• കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി മ്യൂസിയം പൂർത്തീകരിച്ചു.
പൂർത്തിയായിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ
• തിരുവനന്തപുരം കാര്യവട്ടത്ത് ഇന്റർനാഷണൽ ആർക്കൈവ്സ് ആൻഡ് ഹെറിറ്റേജ് സെന്റർ.
• കണ്ണൂർ കടന്നപ്പള്ളി പാണപ്പുഴയിൽ തെയ്യം മ്യൂസിയം.
• മണ്ണടിയിൽ വേലുത്തമ്പി ദളവാ സ്മാരക മ്യൂസിയം കാമ്പസിൽ അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രം.
രജിസ്‌ട്രേഷൻ വകുപ്പ്
നികുതി സമാഹരണം
സംസ്ഥാനത്ത് നികുതി സമാഹരണത്തിൽ രണ്ടാം സ്ഥാനമാണ് രജിസ്‌ട്രേഷൻ വകുപ്പിനുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്, മറ്റ് പലവക ഫീസുകൾ എന്നിവ വഴിയാണ് വകുപ്പ് പ്രധാനമായും വരുമാനം സ്വരൂപിക്കുന്നത്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷ കാലയളവിൽ സംസ്ഥാന ഖജനാവിലേക്ക് രജിസ്‌ട്രേഷൻ വകുപ്പിന്റെ സംഭാവന ചുവടെ ചേർക്കുന്നു.
| സാമ്പത്തിക വർഷം | വരുമാനം (കോടിയിൽ) |
| 2021-22 | 4431 |
| 2022-23 | 5662 |
| 2023-24 | 5219 |
| 2024-25 | 5579 |
| 2025-26 (2025 ഡിസംബർ വരെ) | 4355 |
രജിസ്‌ട്രേഷൻ നടപടികളുടെ ലഘൂകരണം
രജിസ്‌ട്രേഷൻ നടപടികളുടെ ലഘൂകരണത്തിനായി സ്വീകരിച്ച നടപടികൾ:
• ജില്ലയിലെ ഏത് വസ്തുവും ഉൾപ്പെട്ടുവരുന്ന ആധാരങ്ങൾ അതേ ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം (Anywhere Registration) നടപ്പിലാക്കി.
• പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുമ്പോൾ ഫയൽ ചെയ്യേണ്ട ഗഹാനും വായ്പ അവസാനിക്കുമ്പോൾ ഫയൽ ചെയ്യേണ്ട ഗഹാൻ റിലീസും പൂർണമായും ഓൺലൈൻ ആക്കി.
• സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ക്യാഷ്‌ലെസ് ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കി.
• എല്ലാ ഭൂമി ഇടപാടുകളിലും ആധാരത്തോടൊപ്പം ഭൂമിയുടെ പ്രീ-മ്യൂട്ടേഷൻ സ്‌കെച്ച് കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം നിലവിൽ വന്നു.
• ആധാരപ്പകർപ്പുകൾ, ബാധ്യതസർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ നൽകുന്നതും ഫീസ് ഒടുക്കുന്നതും വിതരണവും പൂർണ്ണമായും ഓൺലൈൻ ആക്കി.
• ആധാര രജിസ്‌ട്രേഷനായി സമയം മുൻകൂട്ടി നിശ്ചയിക്കുന്ന ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പിലാക്കി.
• രജിസ്‌ട്രേഷൻ വകുപ്പിന്റെ PEARL സോഫ്റ്റ്‌വെയർ, റവന്യൂ വകുപ്പിന്റെ RELIS സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച് ഓൺലൈൻ പോക്കുവരവിനുള്ള സൗകര്യം നടപ്പിലാക്കി.
ഇ-സ്റ്റാമ്പിങ്
ഇ-സ്റ്റാമ്പിങ് സമ്പ്രദായം നടപ്പിൽ വരുത്തുകയും ഇ-സ്റ്റാമ്പിങ് പോർട്ടൽ ഒരുക്കുകയും ചെയ്തു.
വാണിജ്യബാങ്കുകളിൽ നിന്നും ചെറുകിട വ്യവസായവായ്പകളും വ്യക്തിഗത വായ്പകളും ലഭിക്കുന്നതിനാവശ്യമായ കരാറുകൾക്ക് ഇ-സ്റ്റാമ്പിങ് സൗകര്യം ഉപയോഗിച്ച് പൂർണ്ണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന Digital Document Execution Platform (DDE Platform) നടപ്പിലാക്കി.
ഡിജിറ്റൈസേഷൻ
ലെഗസി റിക്കോർഡുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും അവ പൊതുജനങ്ങൾക്ക് ഡിജിറ്റൽ രൂപത്തിൽ നൽകുന്നതിനും പഴയതും പൊടിഞ്ഞുപോയതുമായ രജിസ്റ്റർ വാല്യങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുമായി Preservation and Digitization of Old Registered Deeds എന്ന പദ്ധതി നടപ്പിലാക്കി.
സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലെയും 1998 മുതലുള്ള രജിസ്റ്റർ വാല്യങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്തു. ആധാരപ്പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം പ്രാബല്യത്തിലായി. സബ് രജിസ്ട്രാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരപ്പകർപ്പുകൾ ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
കേരള സംഘം രജിസ്‌ട്രേഷൻ ബിൽ നിയമസഭ പാസാക്കി.
പൈതൃക സംരക്ഷണവും രേഖാപാരമ്പര്യത്തിന്റെ പരിപാലനവും മ്യൂസിയങ്ങളുടെ നവീകരണവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോഗവും ഏകോപിപ്പിച്ച് കേരളം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ പ്രവർത്തനങ്ങളിലൂടെ ചരിത്രസ്മാരകങ്ങളും രേഖകളും ശാസ്ത്രീയമായി സംരക്ഷിക്കപ്പെടുകയും ഗവേഷണത്തിന് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്തു. അതോടൊപ്പം രജിസ്‌ട്രേഷൻ വകുപ്പിൽ നടപ്പാക്കിയ സാങ്കേതിക നവീകരണങ്ങളും സേവനങ്ങളുടെ ലഘൂകരണവും പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടിയ സേവനങ്ങൾ ഉറപ്പാക്കി.
പൈതൃക സംരക്ഷണവും ആധുനിക ഡിജിറ്റൽ ഭരണവും സമന്വയിപ്പിച്ച ഈ മുന്നേറ്റം കേരളത്തിന്റെ ഭരണസംവിധാനത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായതാക്കി മാറ്റിയിരിക്കുകയാണ്. വരുംകാലങ്ങളിലും ഇത്തരം നവീന ഇടപെടലുകൾ തുടരുന്നതോടെ കേരളത്തിന്റെ പൈതൃകസംരക്ഷണവും പൊതുസേവന സംവിധാനവും രാജ്യത്തിനുതന്നെ മാതൃകയാകുന്ന പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കാം.