മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും

കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു. പ്രളയകാലത്തും മഹാമാരിക്കാലത്തും കേരളത്തിന്റെ കാവലാളായി മാറിയ നമ്മുടെ ‘സൈന്യത്തെ’ ഹൃദയത്തോട് ചേർത്തുപിടിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഈ സമഗ്ര ഇടപെടലുകളുടെ അംഗീകാരമായി 2024-ൽ രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളം തിരഞ്ഞെടുത്തത് വലിയ നേട്ടമാണ്.

 

അതോടൊപ്പം, “സർഗാത്മകതയുടെയും ക്ഷേമത്തിന്റെയും പുതുവസന്തം തീർത്താണ് സാംസ്കാരിക കേരളം കഴിഞ്ഞ പത്തുവർഷക്കാലം കടന്നുപോയത്” എന്ന വിലയിരുത്തൽ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളാണ് സാംസ്കാരിക രംഗത്തും നടപ്പാക്കപ്പെട്ടത്. കേരളത്തിന്റെ തനിമയും സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം കലാകാരരുടെ ക്ഷേമത്തിനും നവോത്ഥാനമൂല്യങ്ങളുടെ പ്രചാരണത്തിനുമാണ് സാംസ്കാരിക വകുപ്പ് മുൻഗണന നൽകിയത്. യുവ കലാകാരർക്കായുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് തുക 17,500 രൂപയായി വർധിപ്പിച്ചതും പദ്ധതി ഏകോപിപ്പിക്കാൻ ജില്ലാ-സംസ്ഥാന തലങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചതും ഈ രംഗത്തെ വലിയ ചുവടുവെപ്പുകളാണ്.

 

പുനർഗേഹം പദ്ധതിയും പാർപ്പിട സുരക്ഷയും

കടൽക്ഷോഭത്തിന്റെ ഭീഷണിയിൽ കഴിയുന്ന തീരദേശവാസികളെ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതി കേരളത്തിന്റെ വികസനചരിത്രത്തിലെ വലിയൊരു ചുവടുവയ്പാണ്. 22,174 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതിയിൽ ഇതുവരെ 9,108 കുടുംബങ്ങൾ സന്നദ്ധത അറിയിച്ചു. ഇതിനകം 2,760 വ്യക്തിഗത ഭവനങ്ങളും 738 ഫ്ളാറ്റുകളും നിർമ്മിച്ച് 3,498 പേരെ പുനരധിവസിപ്പിച്ചു. കൂടാതെ 788 ഫ്ളാറ്റുകളുടെയും 1,186 വീടുകളുടെയും പണി ദ്രുതഗതിയിൽ നടക്കുന്നു.

 

വിഴിഞ്ഞത്ത് സിമന്റ് ഗോഡൗണിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികൾക്കായി മുട്ടത്തറയിൽ 81 കോടി രൂപ ചെലവിൽ നിർമ്മിച്ച ‘പ്രത്യാശ’ ഫ്ളാറ്റ് സമുച്ചയത്തിലെ 332 ഫ്ളാറ്റുകളുടെ താക്കോൽദാനം 2025 ആഗസ്റ്റിൽ മുഖ്യമന്ത്രി നിർവഹിച്ചു. അതോടൊപ്പം ലൈഫ് പദ്ധതി വഴി 16,798 മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകി.

 

വിദ്യാതീരം: അറിവിലൂടെ ശാക്തീകരണം

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുതിയ തലമുറയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ‘വിദ്യാതീരം’ പദ്ധതി വഴിയൊരുക്കി. മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് 1.25 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകിയതിന്റെ ഫലമായി 2021-നുശേഷം മാത്രം 55 വിദ്യാർഥികൾക്ക് MBBS-നും 72 പേർക്ക് BDS, BTech ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും പ്രവേശനം ലഭിച്ചു.

 

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന ദത്തെടുക്കൽ പദ്ധതിയിലൂടെ 45 പേർക്ക് സഹായം നൽകി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാൻ സൗകര്യമൊരുക്കിയതോടൊപ്പം 10 ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളെ 52 കോടി രൂപ ചെലവിൽ ‘സെന്റർ ഓഫ് എക്സലൻസ്’ ആയി ഉയർത്തി. വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ‘TIDE-KERALA’ പദ്ധതിയിലൂടെ സൈക്കോളജിക്കൽ കൗൺസിലർമാരെയും നിയമിച്ചു.

 

മത്സ്യോൽപ്പാദനവും ആധുനിക സാങ്കേതികവിദ്യയും

2017-18-ൽ 4.83 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോൽപ്പാദനം 2024-25-ൽ 6.47 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. ജനകീയ മത്സ്യകൃഷിയിലൂടെ ഉൽപ്പാദനം 41,175 ടണ്ണായി വർധിച്ചു. കടലിലെ മത്സ്യസമ്പത്ത് കൂട്ടാൻ തിരുവനന്തപുരം ജില്ലയിലെ 33 മത്സ്യഗ്രാമങ്ങളുടെ തീരത്ത് 13.02 കോടി രൂപ ചെലവിൽ 6,300 കൃത്രിമപ്പാരുകൾ നിക്ഷേപിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് 1.50 കോടി രൂപ വിലയുള്ള 10 ബോട്ടുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കി.

 

യാനങ്ങളുടെ സുരക്ഷയ്ക്കായി 47.28 കോടി രൂപ ചെലവിൽ 12,991 ട്രാൻസ്‌പോണ്ടറുകൾ വിതരണം ചെയ്യുന്ന പദ്ധതി പുരോഗമിക്കുന്നു. 10 കോടി രൂപയുടെ ബജറ്റ് വിഹിതത്തിലൂടെ പരമ്പരാഗത മരത്തടി വള്ളങ്ങളെ സ്റ്റീൽ യാനങ്ങളാക്കി നവീകരിക്കുകയും 836 യാനങ്ങളിൽ VHF മറൈൻ റേഡിയോകൾ ഘടിപ്പിക്കുകയും ചെയ്തു.

 

തീരസംരക്ഷണവും ഹാർബർ വികസനവും

1,142.43 കോടി രൂപ ചെലവിൽ 2,061 തീരദേശ റോഡുകൾ പൂർത്തിയാക്കി. മുതലപ്പൊഴി തുറമുഖ വിപുലീകരണത്തിന് 177 കോടിയും, വിഴിഞ്ഞത്ത് പുതിയ ഹാർബറിന് 271 കോടിയും അനുവദിച്ചു. പൊഴിയൂരിൽ ഹാർബർ നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നൽകി.

 

മഞ്ചേശ്വരം, കൊയിലാണ്ടി, താനൂർ, വെള്ളയിൽ തുറമുഖങ്ങൾ നാടിനായി സമർപ്പിച്ചു. ഇന്ത്യയിൽതന്നെ ആദ്യമായി ജിയോട്യൂബ് ഉപയോഗിച്ചുള്ള ഓഫ്ഷോർ ബ്രേക്ക് വാട്ടർ തീരസംരക്ഷണ പദ്ധതി പൂന്തുറയിൽ പൂർത്തിയാക്കി. ഉപഭോക്താക്കൾക്ക് മായമില്ലാത്ത മത്സ്യം ഉറപ്പാക്കാൻ 57 മത്സ്യ മാർക്കറ്റുകൾ 142 കോടി രൂപ ചെലവിൽ നവീകരിച്ചു. ആലുവയിലും കോഴിക്കോട്ടും 100 കോടി രൂപ ചെലവിൽ ആധുനിക മാർക്കറ്റുകൾ സ്ഥാപിച്ചുവരുന്നു.

 

ശുചിത്വ സാഗരം, സുന്ദര തീരം

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളിൽ 1,54,316 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന മത്സ്യഫെഡിനെ ലാഭത്തിൽ എത്തിച്ചു. മറൈൻ പ്ലൈവുഡ് വള്ളങ്ങളെ ഫൈബർ ഗ്ലാസ് വള്ളങ്ങളാക്കി മാറ്റാനുള്ള പദ്ധതി നടപ്പാക്കി. മത്സ്യഫെഡ് ഫാമുകളിൽ അക്വാടൂറിസം പദ്ധതികൾ വികസിപ്പിച്ചു.

 

‘കേരള സീഫുഡ് കഫെ’ എന്ന പേരിൽ സീഫുഡ് റെസ്റ്റോറന്റ് വിഴിഞ്ഞത്ത് ആരംഭിച്ചു. ഈ പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കാൻ നടപടി തുടരുന്നു. കെ-ഷോപ്പി സംവിധാനം മുഖേന മത്സ്യഫെഡ് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽപ്പന ആരംഭിച്ചു. ആലപ്പുഴയിൽ ട്വയിൻ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു.

 

മത്സ്യത്തൊഴിലാളികൾക്ക് കരുതലിന്റെ കൈത്താങ്ങ്

മത്സ്യത്തൊഴിലാളികൾക്ക് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. മത്സ്യബോർഡിൽ ഇൻഷുറൻസ് ഉള്ളവർക്ക് 10 ലക്ഷം രൂപയും, മത്സ്യഫെഡ് അംഗങ്ങൾക്ക് അധികമായി 10 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കി.വിരമിക്കൽ ആനുകൂല്യം ചരിത്രത്തിലാദ്യമായി അനുവദിക്കുകയും, ഇതിനായി രണ്ട് കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഈ സർക്കാരിന്റെ കാലത്തുമാത്രം 184.82 കോടി രൂപ ധനസഹായം നൽകി.

 

സമുദ്ര ബസ് സർവീസ് വഴി വനിതാ വിപണനക്കാർക്ക് സൗജന്യയാത്ര ഉറപ്പാക്കി. SAF വഴി 607 യൂണിറ്റുകൾ ആരംഭിച്ച് വിറ്റുവരവ് 150 കോടിയിലെത്തി. കൂടാതെ ‘ബ്ലൂ ടൈഡ്സ് 2025’ കോൺക്ലേവിലൂടെ 7,288 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾ ലഭിച്ചതും വലിയ നേട്ടമാണ്.

 

കലാകാരെ ചേർത്തുപിടിച്ച കാലം

കലാവതരണങ്ങൾക്കായി പൊതുഇടങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ‘നാട്ടരങ്ങ്’ എന്ന പേരിൽ പാതയോരങ്ങളിൽ വേദികൾ ഒരുക്കി. ഇതിനകം വള്ളിക്കുന്ന്, ചെങ്ങന്നൂർ, ആലങ്ങാട് എന്നിവിടങ്ങളിൽ ഇവ പൂർത്തിയായി. മറ്റു എട്ടിടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നു.ഒറ്റപ്പെട്ടുപോയ കലാകാരർക്കായി മാവേലിക്കരയിൽ ‘അഭയകേന്ദ്രം’ ഒരുങ്ങുന്നു. തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പിന് സ്വന്തമായി ആസ്ഥാനമന്ദിരം നിർമ്മിക്കാനുള്ള നടപടികളും ആരംഭിച്ചു. കണ്ണൂർ പിണറായിയിൽ നിർമ്മിക്കുന്ന ദക്ഷിണേന്ത്യൻ സാംസ്കാരിക കേന്ദ്രം വരുംദിവസങ്ങളിൽ കേരളത്തിന്റെ സാംസ്കാരിക ഹബ്ബായി മാറും.

 

സർഗാത്മകതയുടെയും ക്ഷേമത്തിന്റെയും പുതുവസന്തം തീർത്താണ് സാംസ്‌കാരിക കേരളം കഴിഞ്ഞ പത്തുവർഷക്കാലം കടന്നുപോയത്. കേരളത്തിന്റെ തനിമയും സാംസ്‌കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം കലാകാരരുടെ ക്ഷേമത്തിനും നവോത്ഥാനമൂല്യങ്ങളുടെ പ്രചാരണത്തിനുമാണ് സാംസ്‌കാരിക വകുപ്പ് മുൻഗണന നൽകിയത്.

 

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ചേർത്തുപിടിക്കുന്നതിനായി മഴമിഴി (കോവിഡ് അതിജീവനം), തളിർമിഴി (ഗോത്രകലകൾ), കടൽമിഴി (തീരദേശ കലകൾ), മഴമിഴി കമ്പാഷൻ (ഭിന്നശേഷി കലാപ്രതിഭകൾ) തുടങ്ങിയ പദ്ധതികളിലൂടെ ആയിരക്കണക്കിന് കലാകാരർക്ക് ധനസഹായവും വേദിയും നൽകാൻ സർക്കാരിന് കഴിഞ്ഞു.

 

ലിംഗപദവി സമത്വം ഉറപ്പാക്കുന്നതിനായി ‘സമം’ പദ്ധതി ആവിഷ്‌കരിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ സ്മരണയ്ക്കായി ചെങ്ങന്നൂരിൽ സ്വതന്ത്ര സ്മൃതി പാർക്കും ആരംഭിച്ചു. വൈക്കം സത്യാഗ്രഹം, ആലുവ സർവമത സമ്മേളനം എന്നിവയുടെ ശതാബ്ദി ആഘോഷങ്ങൾ പുതുതലമുറയ്ക്ക് നവോത്ഥാന മൂല്യങ്ങൾ പകർന്നുനൽകുന്ന തരത്തിൽ വിപുലമായി സംഘടിപ്പിച്ചു.

 

ഗ്രാമീണ കലാകാരരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി വാസ്തുവിദ്യാ ഗുരുകുലം വഴി നടപ്പിലാക്കിയ ‘റൂറൽ ആർട്ട് ഹബ്ബ്’ പദ്ധതിയിലൂടെ 758 കലാകാരർക്ക് തൊഴിൽ നൽകി. കൂടാതെ 2021 മുതൽ 2025 വരെ 423 പുതിയ കലാകാര പെൻഷനുകൾ അനുവദിച്ചു. 30 ലക്ഷത്തിലധികം രൂപ ചികിത്സാസഹായമായി വിതരണം ചെയ്തു.

 

ചലച്ചിത്ര മേഖലയിൽ നവീകരണം

ഇന്ത്യയിലാദ്യമായി സർക്കാർ ഉടമസ്ഥതയിൽ ‘സി-സ്‌പേസ്’ എന്ന OTT പ്ലാറ്റ്ഫോം ആരംഭിച്ചു. വനിതകൾക്കും എസ്സി/എസ്ടി വിഭാഗക്കാർക്കുമായി സിനിമ നിർമ്മിക്കാൻ 1.5 കോടി രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലൂടെ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ ആധുനികവൽക്കരിച്ചു വരുന്നു. കാസർകോട്, പാലക്കാട് എന്നിവിടങ്ങളിലെ നിർമ്മാണങ്ങൾ പൂർത്തിയായി. കേരള ചലച്ചിത്ര അക്കാദമി വഴി പെൻഷൻ തുക വർധിപ്പിച്ചതും, പുരാതന സിനിമകളുടെ 2K റെസ്റ്റോറേഷൻ നടത്തിയതും, ഗോത്രവർഗകുട്ടികൾക്കായി ചലച്ചിത്ര ക്യാമ്പുകൾ സംഘടിപ്പിച്ചതും ശ്രദ്ധേയ നേട്ടങ്ങളാണ്.

 

സാംസ്‌കാരിക സമുച്ചയങ്ങളുടെ പുതിയ വിപുലീകരണം

ജില്ലകളിൽ നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സമുച്ചയം ഉദ്ഘാടനം ചെയ്തു.യുവകലാകാരരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സാംസ്കാരിക വികസനം സാധ്യമാക്കുന്നതിനുമായി 1000 കലാകാരർക്ക് വജ്രജൂബിലി ഫെല്ലോഷിപ്പുകൾ അനുവദിച്ചു.നാടൻ കലാകാരരുടെയും കരകൗശല തൊഴിലാളികളുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് വിപണി സൗകര്യം ഒരുക്കുന്നതിനുമായി ഗ്രാമീണ കലാകേന്ദ്രം പദ്ധതി നടപ്പിലാക്കി. 50 വയസ്സ് കഴിഞ്ഞ അർഹരായ കലാകാർക്ക് കലാകാര പെൻഷൻ ഉറപ്പാക്കി.

 

ലോകപ്രശസ്ത ചിത്രകാരനായ എ. രാമചന്ദ്രന്റെ അമൂല്യ ചിത്രങ്ങൾ സംരക്ഷിക്കാനും പ്രദർശിപ്പിക്കാനും കൊല്ലത്ത് ആർട്ട് ഗ്യാലറി ഒരുക്കുന്നു. സിനിമയിലെ സാങ്കേതിക രംഗത്ത് സ്ത്രീസാന്നിധ്യം വർധിപ്പിക്കുന്നതിന് തൊഴിൽപരിശീലന പദ്ധതി നടപ്പിലാക്കി. പുസ്തകവിൽപ്പനരംഗത്ത് ‘കഫെ ബുക്ക്മാർക്ക്’ എന്ന നൂതന സംരംഭം തിരുവനന്തപുരത്ത് ആരംഭിച്ചു.

 

കലാമണ്ഡലം സമ്പൂർണ്ണ സർവകലാശാലയിലേയ്ക്ക്

കേരള കലാമണ്ഡലത്തിൽ കഥകളി പഠനത്തിന് പെൺകുട്ടികൾക്ക് പ്രവേശനം നൽകിയതും, അതിനെ സമ്പൂർണ്ണ സർവകലാശാലയാക്കി മാറ്റാനുള്ള നടപടികളും ചരിത്രപരമായ തീരുമാനങ്ങളാണ്.സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ പ്രഥമ സാർവദേശീയ സാഹിത്യോത്സവം സംഘടിപ്പിച്ചു. സംഗീത നാടക അക്കാദമി വഴി ഇന്ത്യയിലാദ്യമായി ‘കേരള ആർട്ടിസ്റ്റ് ഡേറ്റ ബാങ്ക്’ തയ്യാറാക്കി.

 

മലയാളം മിഷൻ വഴിയുള്ള പഠിതാക്കളുടെ എണ്ണം 76,259 ആയി വർധിച്ചു. അതിഥി തൊഴിലാളികൾക്കായി ‘അനന്യ മലയാളം’ പദ്ധതി ആരംഭിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ‘ബാലകേരളം’ പദ്ധതി വഴി കുട്ടികളിൽ യുക്തിബോധം വളർത്താനും, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി 268 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.

 

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പാർപ്പിട സുരക്ഷ മുതൽ വിദ്യാഭ്യാസ ശാക്തീകരണം, മത്സ്യോൽപ്പാദനത്തിന്റെ ആധുനികവൽക്കരണം മുതൽ തീരസംരക്ഷണം, കലാകാരരുടെ ക്ഷേമം മുതൽ സാംസ്കാരിക പൈതൃക സംരക്ഷണം വരെ വ്യാപിക്കുന്ന സമഗ്ര ഇടപെടലുകളാണ് കഴിഞ്ഞ ദശകത്തിൽ കേരളം സാക്ഷാത്കരിച്ചത്. ഈ നേട്ടങ്ങൾ ഒരേസമയം രണ്ട് മേഖലകളുടെ വളർച്ചയെയല്ല, ക്ഷേമവും സർഗാത്മകതയും കൈകോർക്കുന്ന ഒരു നവകേരള മാതൃകയെയാണ് അടയാളപ്പെടുത്തുന്നത്.

അനുബന്ധ ലേഖനങ്ങൾ

സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
കേരള ആരോഗ്യരംഗം- സമഗ്ര പരിചരണത്തിന്റെ കരുത്തുറ്റ മാതൃക
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നതല്ല; ജനങ്ങളുടെ ജീവിത നിലവാരത്തിൽ നേരിട്ട് പ്രതിഫലിച്ച മാറ്റങ്ങളാണ് അവ. മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്, സൗജന്യ ചികിത്സാ പദ്ധതികളുടെ വ്യാപ്തി, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വികസനം, അപൂർവരോഗ ചികിത്സയിൽ നിന്ന് കാൻസർ പരിചരണത്തിലും പാലിയേറ്റീവ് കെയറിലും വരെയുള്ള സമഗ്ര ഇടപെടലുകൾ എന്നിവ കേരളത്തെ രാജ്യത്തെ ആരോഗ്യരംഗത്തെ മുൻനിര സംസ്ഥാനമായി ഉയർത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
  കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ