
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു. ജനക്ഷേമത്തെ മുൻനിർത്തിയ ദൃഢനിശ്ചയവും ദൂരദർശിത്വവുമുള്ള ഇടപെടലുകളിലൂടെ കുടിവെള്ളവിതരണം, തീരസംരക്ഷണം, ജലസേചനം, മലിനജല സംസ്കരണം തുടങ്ങി ജലവിഭവ മേഖലയിലാകെ ശ്രദ്ധേയമായ മാറ്റമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ചെല്ലാനം മാതൃക: കടലേറ്റത്തിനെതിരായ തീരസംരക്ഷണ മുന്നേറ്റം
ചെല്ലാനത്ത് 344 കോടി രൂപ മുടക്കി ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ കടൽത്തീര സംരക്ഷണ പ്രവർത്തനം ഇന്ന് കേരളത്തിനാകെ മാതൃകയാണ്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ആറു കിലോമീറ്റർ നീളുന്ന രണ്ടാംഘട്ടത്തിന് 404.6 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. തീരദേശവാസികൾക്ക് കടലേറ്റം എന്ന ഭീതി എന്നെന്നേക്കുമായി ഒഴിയുകയാണ്. തീരസംരക്ഷണത്തിന് പുറമേ ടൂറിസം രംഗത്തും വലിയൊരു കുതിച്ചുചാട്ടത്തിന് ഇതു സഹായിച്ചു. ഒൻപത് ജില്ലകളിലായി 560 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരത്തിലെ 10 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ടെട്രാപോഡുകളും ജിയോട്യൂബുകളും ഉപയോഗിച്ച് പ്രതിരോധം തീർത്ത് ആഘാതം കുറയ്ക്കാനും സർക്കാർ നടപടികൾ സഹായിച്ചു.
ആലപ്പുഴ ജില്ലയിലെ പുലിമുട്ടുകളുടെ നിർമ്മാണം: കാട്ടൂർ മുതൽ ഓമനപ്പുഴ വരെയും, അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ കാക്കാഴം മുതൽ പുന്നപ്ര വരെയും, ഹരിപ്പാട് നിയോജകമണ്ഡലത്തിലെ പതിയങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ എന്നിവിടങ്ങളിലുമായി 184 കോടി രൂപയുടെ നിർദിഷ്ട പദ്ധതിയുടെ 78 ശതമാനം പുരോഗതി കൈവരിച്ചു.
സേവനങ്ങൾ എല്ലാം ഓൺലൈനിൽ: ഡിജിറ്റൽ സൗകര്യങ്ങളുടെ വ്യാപനം
ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ജല അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴിയാക്കി മാറ്റി. കുടിവെള്ള ചാർജ് ഓൺലൈനായി അടയ്ക്കാൻ ക്വിക് പേ സംവിധാനം ഏർപ്പെടുത്തി. ജലഗുണനിലവാര പരിശോധനയ്ക്കും ഓൺലൈൻ വഴി പണമടയ്ക്കാൻ സൗകര്യമൊരുക്കി. കുടിവെള്ള-സിവറേജ് കണക്ഷനുകൾക്കുള്ള അപേക്ഷകൾ പൂർണമായും ഇ-ടാപ്പ് എന്ന ഓൺലൈൻ സംവിധാനത്തിലാക്കി. മീറ്റർ റീഡിംഗ് ഉപഭോക്താക്കൾക്ക് സ്വയം നിർണയിക്കാൻ സഹായിക്കുന്ന കെ-സെൽഫ് എന്ന സെൽഫ് മീറ്റർ റീഡിംഗ് ആപ്പും മീറ്റർ റീഡർമാർക്കായി മീറ്റർ റീഡേഴ്സ് ആപ്പും നിലവിൽ വന്നു. കൂടുതൽ ഉപഭോക്താക്കളെ എസ്‌എംഎസ് വഴി മാത്രം ബിൽ നൽകുന്ന ഹരിതബില്ലിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു.
കുടിവെള്ള വിതരണത്തിൽ വലിയ മുന്നേറ്റം
കുടിവെള്ള വിതരണം – പ്രധാന കണക്കുകൾ
* 853 ശുദ്ധജല വിതരണ പദ്ധതികൾ
* 45.73 ലക്ഷം ഗൃഹകണക്ഷനുകൾ
* 90,492 പൊതുടാപ്പുകൾ
* ഏകദേശം 2.58 കോടി ജനങ്ങൾക്ക് കുടിവെള്ള വിതരണം
* കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം 27 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ
* വിവിധ പദ്ധതികളിലായി 745 പ്രധാന പ്രവൃത്തികൾ ആരംഭിച്ചു; ഇതിൽ 264 പ്രവൃത്തികൾ ഇതിനകം പൂർത്തിയായി
* ഏകദേശം 50 ലക്ഷം പേർക്ക് കുടിവെള്ള മേഖലയിലൂടെ നേരിട്ടുള്ള പ്രയോജനം ലഭിച്ചു
* ബാക്കി വരുന്ന 481 പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഏകദേശം രണ്ടുകോടി ജനങ്ങൾക്ക് കൂടി മതിയായ അളവിൽ കുടിവെള്ളം ലഭ്യമാകും
* മുൻവർഷങ്ങളിൽ വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാതെ നിന്ന 44 പ്രവൃത്തികൾ പൂർത്തീകരിച്ചു
* ഏകദേശം 20 ലക്ഷം പേർക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ സാധിച്ചു
* ഗ്രാമീണ മേഖലയിൽ ആകെ കുടിവെള്ള കണക്ഷൻ നൽകേണ്ട വീടുകൾ – 69.82 ലക്ഷം
* ഇതിൽ 38.81 ലക്ഷം വീടുകളിൽ (2025 ഡിസംബർ വരെ) കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി
കേരള ജല അതോറിറ്റി 853 ശുദ്ധജല വിതരണ പദ്ധതികളിലൂടെ 45.73 ലക്ഷം ഗൃഹകണക്ഷനുകളിലൂടെയും 90,492 പൊതുടാപ്പുകളിലൂടെയും സംസ്ഥാനത്തെ ഏകദേശം 2.58 കോടി ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥാപനമായി വളർന്നിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 4,283 ദശലക്ഷം ലിറ്റർ പ്രതിദിന ഉൽപ്പാദന ശേഷിയുള്ള ജലശുദ്ധീകരണശാലകൾ പ്രവർത്തിച്ചുവരുന്നു. ജനങ്ങൾക്ക് വീടുകളിലേക്കുതന്നെ ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം 27 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ നൽകാൻ കേരള ജല അതോറിറ്റിക്ക് സാധിച്ചു.
ഈ സർക്കാരിന്റെ കാലത്ത് ജലജീവൻ മിഷൻ, അമൃത്, കിഫ്ബി, സംസ്ഥാന പദ്ധതി, ADB, നബാർഡ്, RKI തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കുടിവെള്ള വിതരണ മേഖലയിലും മലിനജല നിർമ്മാർജന മേഖലയിലും ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ കേരള ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.
38.81 ലക്ഷം വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ
ജലജീവൻ മിഷനും അമൃത് പദ്ധതിയും വഴി സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലും നഗരപ്രദേശങ്ങളിലുമുള്ള എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി ആരംഭിച്ച് നാലുവർഷത്തിനുള്ളിൽ തന്നെ 21 ലക്ഷത്തിലധികം കണക്ഷനുകൾ നൽകി. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 38.81 ലക്ഷം വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കി. ജലജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ പ്രതിദിന ആളോഹരി ജലലഭ്യത 55 ലിറ്റർ എന്ന നിലയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ കേരളത്തിൽ പ്രതിദിന ആളോഹരി ജലലഭ്യത 100 ലിറ്റർ എന്ന കണക്കിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് പകുതിയിലധികം ഗ്രാമീണ വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകാനായി. 55.59 ശതമാനം കണക്ഷനുകൾ ഇതിനകം നൽകിയിട്ടുണ്ട്. 2025 ഡിസംബർ കണക്കുകൾ പ്രകാരം കേരളത്തിലെ 120 പഞ്ചായത്തുകൾ ഇതിനോടകം 100 ശതമാനം കുടിവെള്ളലഭ്യത കൈവരിച്ചു. ഒൻപത് നിയമസഭാമണ്ഡലങ്ങളും 100 ശതമാനം കുടിവെള്ളലഭ്യത കൈവരിച്ചു. ഏഴ് ജില്ലകളിൽ 50 ശതമാനത്തിലധികം വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കി.
മീനച്ചിൽ–മലങ്കര: ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി
കേരള ജല അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ 1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പദ്ധതിക്ക് തുടക്കം കുറിച്ചു. ജലജീവൻ മിഷനു കീഴിൽ മലങ്കര ഡാം ജലസ്രോതസ്സാക്കി പാലാ, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിൽപ്പെട്ട 13 പഞ്ചായത്തുകളെ ഉൾപ്പെടുത്തി ജല അതോറിറ്റി നടപ്പാക്കുന്നതാണ് പദ്ധതി.
മൈക്രോ ഇറിഗേഷൻ: സൂക്ഷ്മ ജലസേചനത്തിൽ വിപുലീകരണം
കെ.എം. മാണി മൈക്രോ ഇറിഗേഷൻ പദ്ധതി കേരളത്തിന്റെ വിവിധ ജില്ലകളിലായി 11 ഇടങ്ങളിൽ തുടക്കം കുറിച്ചു. പാലക്കാട് ചിറ്റൂരിൽ വിജയകരമായി നടപ്പാക്കിയ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
പാലക്കാട് കരടിപ്പാറ (3.10 കോടി രൂപ), മൂങ്കിൽമട (6.79 കോടി രൂപ), വലിയേരി (3.88 കോടി രൂപ), നാവിതൻകുളം (3.00 കോടി രൂപ), കുന്നംകാട്ടുപതി (5.21 കോടി രൂപ), വയനാട് അത്തിച്ചാൽ-മുണ്ടൻകൊല്ലി (2.65 കോടി രൂപ) എന്നിവിടങ്ങളിൽ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതികൾ കെ.ഐ.ഐ.ഡി.സി. പൂർത്തിയാക്കിയിട്ടുണ്ട്.
തൃശൂർ പഴയന്നൂർ (2 കോടി), എറണാകുളം തിരുമാറാടി (5.27 കോടി), പത്തനംതിട്ട സീതത്തോട് (2.85 കോടി), ഇടുക്കി വണ്ടന്മേട് (3.10 കോടി), കാമാക്ഷി (3.23 കോടി), കാമാക്ഷി-2 (2 കോടി), കാൽവരിമൗണ്ട് (9.91 കോടി), കോഴിക്കോട് കാഞ്ഞിരമൂഴി (5.08 കോടി) എന്നിവിടങ്ങളിൽ മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു.
ശബരിമലയിലേക്ക് പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം
നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതിവഴി ശബരിമല തീർഥാടകർക്ക് പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്.
പദ്ധതി പ്രവർത്തനം തുടങ്ങിയതിനു ശേഷം നടന്ന ആദ്യ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ടാങ്കർ ലോറി വഴി വിതരണം ചെയ്യേണ്ടിവന്നത് 1890 കിലോലിറ്റർ വെള്ളം മാത്രം. കഴിഞ്ഞ മണ്ഡലകാലത്ത് 1.02 ലക്ഷം കിലോലിറ്റർ വെള്ളം ടാങ്കർ ലോറി വഴി വിതരണം ചെയ്തിരുന്ന സ്ഥാനത്താണ് ഇത്തവണ ഈ നിലയിലേക്ക് ചുരുക്കാൻ കഴിഞ്ഞത്.
ഈ തീർഥാടന കാലത്ത് നിലയ്ക്കൽ-സീതത്തോട് കുടിവെള്ള പദ്ധതിയിലൂടെ 1.17 ലക്ഷം കി.ലി വെള്ളം വിതരണലൈൻ വഴി നിലയ്ക്കലിലെത്തി. ടാങ്കർ വഴി കുടിവെള്ളം എത്തിക്കേണ്ട സ്ഥിതി ഒഴിവായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.54 കോടി രൂപയാണ് ഈ തീർഥാടനകാലത്ത് ലാഭിക്കാനായത്.
ഈ തീർഥാടന കാലത്ത് പമ്പയിലും നീലിമലയിലുമായി 4.69 ലക്ഷം കി.ലി പൈപ്പ് ലൈൻ വഴിയെത്തിച്ചു. നിലയ്ക്കലിലെ 1.17 ലക്ഷം കി.ലി വെള്ളം കൂടി ചേർത്ത് ആകെ 5.87 ലക്ഷം കി.ലി കുടിവെള്ളമാണ് ഈ തീർഥാടന കാലത്ത് ശബരിമലയിൽ വിതരണലൈൻ വഴിയെത്തിച്ചത്.
ജലഗുണനിലവാര പരിശോധനയിൽ ശക്തമായ ലാബ് ശൃംഖല
ജലഗുണനിലവാര പരിശോധനാ മേഖലയിൽ 86 ജലപരിശോധനാലാബുകൾക്ക് ദേശീയ ഏജൻസിയായ എൻഎബിഎല്ലിന്റെ അംഗീകാരം ലഭിച്ചു. നിലവിൽ നൂറിലധികം ലാബുകൾ കേരളത്തിലുടനീളം മിതമായ നിരക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
ഹില്ലി അക്വ: 15 രൂപയ്ക്ക് നിലവാരമുള്ള കുപ്പിവെള്ളം
രാജ്യാന്തര നിലവാരത്തിലുള്ള ശുദ്ധീകരണ സംവിധാനത്തോടെ കുറഞ്ഞ വിലയിൽ ഹില്ലി അക്വ വിപണിയിൽ സുലഭമായി ലഭ്യമാക്കി. സ്വകാര്യ കമ്പനികൾ 20 രൂപയ്ക്ക് വിൽക്കുന്ന കുപ്പിവെള്ളം 15 രൂപയ്ക്കാണ് പൊതുവിപണിയിൽ ഹില്ലി അക്വ വിൽക്കുന്നത്. നിലവിൽ തൊടുപുഴയിലും തിരുവനന്തപുരത്തുമാണ് ഹില്ലി അക്വയുടെ പ്ലാന്റുകൾ ഉള്ളത്. കോഴിക്കോട് പുതിയ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
മലിനജല സംസ്കരണത്തിൽ അടിസ്ഥാനസൗകര്യ വികസനം
അമൃത് പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ മലിനജല നിർമ്മാർജനത്തിനായി സീവറേജ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതികളും വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊച്ചി ഇളംകുളത്തും 5 എംഎൽഡി വീതമുള്ള രണ്ട് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ അമൃത് പദ്ധതിക്ക് കീഴിൽ നിർമ്മിച്ച് പ്രവർത്തനസജ്ജമാക്കി.ഗുരുവായൂരിൽ വർഷങ്ങളായി പൂർത്തിയാകാതെ കിടന്ന സീവറേജ് പദ്ധതി പ്രവർത്തനക്ഷമമാക്കി. സീവറേജ് സംവിധാനം പരിപാലിക്കുന്ന അപകടകരവും പ്രാകൃതവുമായ ജോലിയിൽ നിന്ന് മനുഷ്യരെ ഒഴിവാക്കി റോബോട്ടുകളെ നിയോഗിച്ചുള്ള പദ്ധതിക്കും ഇന്ത്യയിൽ ആദ്യമായി തുടക്കം കുറിച്ചു.
വിസിബി-കം-റെഗുലേറ്ററുകൾ: കർഷകർക്ക് ജലസുരക്ഷ
കർഷകരുടെ ആവശ്യം മുൻനിർത്തി ഈ സർക്കാരിന്റെ കാലത്ത് നാല് റെഗുലേറ്ററുകൾ ഉദ്ഘാടനം ചെയ്തു. ഒൻപത് എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
നിർമ്മാണം പൂർത്തിയായവ
* കണ്ണൂർ പിണറായി പാറപ്രം ലോക്കോട് കൂടിയുള്ള റെഗുലേറ്റർ – 55.82 കോടി രൂപ
* കണ്ണൂർ ചെക്കുപാലത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് – 43.39 കോടി രൂപ
* മലപ്പുറം പുഴങ്കാവിൽ റെഗുലേറ്റർ – 9.14 കോടി രൂപ
* പാലക്കാട് വടകരപ്പള്ളി റെഗുലേറ്റർ – 20.89 കോടി രൂപ
നിർമ്മാണം പുരോഗമിക്കുന്നവ
മലപ്പുറം മോതിക്കയം (59.75 കോടി), മലപ്പുറം കാങ്കക്കടവ് (107.03 കോടി രൂപ), കോഴിക്കോട് പെരിഞ്ചേരിക്കടവ് (57.03 കോടി രൂപ), കോഴിക്കോട് കുരുവാട്ടൂർ (24.5 കോടി രൂപ), തൃശൂർ പുതുക്കാട് കാനാത്തോട് (23.85 കോടി രൂപ), കണ്ണൂർ ചപ്പാരപ്പടവ് (25.99 കോടി രൂപ), പാലക്കാട് കാലടിക്കുന്ന് (29.18 കോടി രൂപ), തിരുവനന്തപുരം കൊല്ലംപുഴ റെഗുലേറ്റർ (50.2 കോടി രൂപ), എറണാകുളം ഉദയംപേരൂർ ലോക്കോട് കൂടിയ റെഗുലേറ്റർ (22.99 കോടി രൂപ).