പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക

2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.

2016 മുതൽ 2025 വരെയുള്ള ഒമ്പത് വർഷങ്ങളിൽ കേരളം ശ്രദ്ധേയമായ കാർഷിക മുന്നേറ്റം കൈവരിച്ചു. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും കാർഷികഭൂമിയുടെ തുടർച്ചയായ കുറവും വിപണി അസ്ഥിരതയും കാർഷികമേഖല നേരിടുന്ന കാലഘട്ടത്തിലാണ് ഈ മുന്നേറ്റം കൈവരിച്ചതെന്നത് പ്രത്യേക ശ്രദ്ധേയമാണ്. കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, കർഷക ക്ഷേമം ഉറപ്പാക്കൽ, സംഭരണ സംവിധാനങ്ങളുടെ ശാക്തീകരണം, താങ്ങുവില ഉയർത്തൽ, ജൈവ-സുസ്ഥിര കൃഷി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ സമന്വയിപ്പിച്ചാണ് ഈ പുരോഗതി സാധ്യമായത്.

കർഷക വരുമാനം വർധിപ്പിക്കുക എന്നത് ഈ കാലഘട്ടത്തിലെ കാർഷിക നയങ്ങളുടെ പ്രധാന ഘടകമായിരുന്നു. എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠനം കർഷക വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റിയതായി വ്യക്തമാക്കുന്നു. ഉൽപ്പാദനത്തിലും ഉൽപ്പാദനക്ഷമതയിലുമുള്ള വർധന, കാർഷിക ചെലവ് കുറയ്ക്കൽ, വിലസ്ഥിരത, മൂല്യവർധന, സർക്കാർ ഇടപെടലുകൾ എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്. കർഷക വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം ആസൂത്രിതമായി നീങ്ങുകയാണ്.

കാലാവസ്ഥാവ്യതിയാന വെല്ലുവിളിക്കുമുന്നിൽ  കേര പദ്ധതി

കേരളത്തിലെ കാർഷികമേഖലയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന വെല്ലുവിളി കാലാവസ്ഥാവ്യതിയാനമാണ്. ഇതിനെ നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ 2,365.5 കോടി രൂപ ചെലവിൽ ആരംഭിച്ച കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ) പദ്ധതി, സംസ്ഥാന കാർഷികചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപെടലുകളിൽ ഒന്നാണ്.

നാലുലക്ഷം കർഷകർക്ക് നേരിട്ടും പത്തുലക്ഷം കർഷകർക്ക് പരോക്ഷമായും ഗുണം ലഭിക്കുന്ന ഈ പദ്ധതിയിലൂടെ ഉൽപ്പാദനം മുതൽ വിപണനം വരെ കാർഷിക മൂല്യശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം കുറച്ച് നെൽക്കൃഷിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുവാൻ 500 കോടി രൂപ നീക്കിവെച്ചതും അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹകരണം ഉറപ്പാക്കിയതും കേരളത്തിന്റെ ശാസ്ത്രീയ സമീപനം വ്യക്തമാക്കുന്നു. നെല്ലിനൊപ്പം റബ്ബർ, കാപ്പി, ഏലം, തെങ്ങ് തുടങ്ങിയ പ്രധാന വിളകളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി.

ജനകീയ പങ്കാളിത്തത്തിന്റെ കാർഷിക പ്രസ്ഥാനം: ഞങ്ങളും കൃഷിയിലേക്ക്

കൃഷിയെ ഒരു സർക്കാർ പദ്ധതിയിൽ നിന്ന് സാമൂഹിക പ്രസ്ഥാനമായി മാറ്റിയതാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി. 23,569 കൃഷിക്കൂട്ടങ്ങൾ, 100 കർഷക ഉൽപാദക സംഘടനകൾ, 21,520 ഫാംപ്ലാനുകൾ എന്നിവ രൂപീകരിച്ചതിലൂടെ ഉൽപാദനം, സേവനം, വിപണനം, മൂല്യവർധനം എന്നീ മേഖലകൾ ഏകോപിപ്പിച്ചു.

യുവജനങ്ങൾ, സ്ത്രീകൾ, പ്രവാസികൾ എന്നിവരെ കൃഷിയിലേക്ക് ആകർഷിച്ച ഈ പദ്ധതി, വിള അധിഷ്ഠിത കൃഷിയിൽ നിന്ന് വിളയിട അധിഷ്ഠിത ആസൂത്രിത കൃഷിയിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കി.

കൃഷിദർശനും സ്മാർട്ട് ഭരണവും

കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹാരം കണ്ടെത്തുന്ന കൃഷിദർശൻ പരിപാടി, ഭരണസംവിധാനത്തെ കൃഷിയിടത്തിലേക്ക് എത്തിച്ച ഒരു മാതൃകയായി മാറി. കൃഷിദർശന്റെ ഭാഗമായി നടത്തിയ അദാലത്തുകൾ, വർഷങ്ങളായി നീണ്ടുനിന്ന പ്രശ്നങ്ങൾ കൃഷിയിടത്തിൽ വച്ചുതന്നെ പരിഹരിക്കാൻ സഹായിച്ചു.

ഇതോടൊപ്പം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സ്മാർട്ട് കൃഷിഭവനുകൾ ആരംഭിച്ചു. 80 കൃഷിഭവനുകൾ ഇതിനകം സ്മാർട്ടായി മാറി. ആശ്രയ കർഷക സേവന കേന്ദ്രങ്ങൾ വഴി സേവനങ്ങൾ കൂടുതൽ വേഗത്തിൽ കർഷകരിലെത്തുന്നു.

ഡിജിറ്റൽ കൃഷിയുടെ പുതിയ ഘട്ടം: കേരള കൃഷി ഹബ് & കതിർ ആപ്പ്

കേരള കൃഷി ഹബ് (KKH), കതിർ ആപ്പ് എന്നിവ കാർഷിക മേഖലയെ ഡിജിറ്റൽ കാലഘട്ടത്തിലേക്ക് നയിച്ചു. ഏകീകൃത കർഷകവിവര ശേഖരം, ജിയോപോർട്ടൽ, AI അടിസ്ഥാനമാക്കിയ കൃഷിയിട അതിർത്തി നിർണ്ണയം, കാലാവസ്ഥാധിഷ്ഠിത വിള ആസൂത്രണം, കാർബൺ ക്രെഡിറ്റ്, കാർഷികോപദേശം തുടങ്ങി കർഷകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരൊറ്റ ജാലകത്തിലൂടെ ലഭ്യമാക്കുന്ന സംവിധാനമായി കതിർ ആപ്പ് മാറി.

ജൈവവും സുസ്ഥിരവുമായ കാർഷിക നയം

സുരക്ഷിത ഭക്ഷണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി ജൈവ കാർഷിക മിഷനും കേരള മാതൃക പ്രകൃതികൃഷി ഉപമിഷനും നടപ്പാക്കി. ജൈവകൃഷി വിസ്തൃതി 25,000 ഹെക്ടറിൽ നിന്ന് ഒരു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. സർട്ടിഫിക്കേഷൻ, ട്രേസബിലിറ്റി, ബ്രാൻഡിംഗ് എന്നിവ ഉറപ്പാക്കിയതോടെ ജൈവ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ വിശ്വാസ്യത ലഭിച്ചു.

കൂൺഗ്രാമം പദ്ധതി: വീട്ടുവളപ്പിൽ നിന്ന് അധിക വരുമാനത്തിലേക്ക്

വീട്ടമ്മമാർക്ക് അധിക വരുമാനം എന്ന നിലയിൽ ആരംഭിച്ച കൂൺകൃഷി പ്രോത്സാഹന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂൺഗ്രാമം പദ്ധതി 100 തദ്ദേശഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്നു.

ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് ആവശ്യമായ പരിശീലനം വകുപ്പ് നൽകുന്നു. ഹിമാചൽ പ്രദേശിലെ സോളനിൽ നിന്നും പരിശീലനം സിദ്ധിച്ച കൂൺകർഷകരെ മാസ്റ്റർ പരിശീലകരാക്കി കൂടുതൽ കർഷകർക്ക് പരിശീലനം നൽകുന്നുമുണ്ട്. കൂണിൽനിന്ന് ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ നല്ല സ്വീകാര്യതയുണ്ട്.

മൂല്യവർധിത കൃഷി: കാബ്‌കോയും വിപണി വിപുലീകരണവും

കേരളത്തിലെ കാർഷികമേഖലയുടെ പരിമിതികൾ മറികടക്കാൻ ദ്വിതീയ കാർഷികമേഖലയ്ക്ക് സർക്കാർ നൽകിയ പ്രാധാന്യം നിർണായകമായി. ഇതിന്റെ ഭാഗമായാണ് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപവൽക്കരിച്ചത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ദേശീയ-അന്തർദേശീയ വിപണികൾ കണ്ടെത്തുക, മൂല്യവർധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ നിക്ഷേപം ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കാബ്‌കോ ഏറ്റെടുത്തത്.

തിരുവനന്തപുരം ആനയറയിൽ 72 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സ്‌പോ & അഗ്രി പാർക്ക്, കാർഷിക വിപണന രംഗത്ത് കേരളത്തിന് പുതിയ സാധ്യതകൾ തുറക്കുന്നു. 65,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ അന്താരാഷ്ട്ര നിലവാരമുള്ള എക്സിബിഷൻ സെന്റർ, 33,260 ചതുരശ്ര വിസ്തൃതിയിൽ 365 പേർക്ക് ഇരിക്കുവാൻ സൗകര്യമുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ ഫുഡ് കോർട്ട്, 1,02,876 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഏഴ് നിലകളിലായി ഓഫീസ് മുറികളും മീറ്റിംഗ് സംവിധാനങ്ങളോടും കൂടി കൃഷിവകുപ്പ് ഡയറക്റ്ററേറ്റും അനുബന്ധ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിക്കുവാനുള്ള സംവിധാനങ്ങളോടെയാണ് കാബ്‌കോ എക്സ്‌പോ & അഗ്രി പാർക്ക് ഒരുങ്ങുന്നത്.

ഇൻഷുറൻസ് പരിരക്ഷയും കർഷകക്ഷേമവും

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. മാനദണ്ഡങ്ങൾ ലഘൂകരിച്ചതിലൂടെ കൂടുതൽ കർഷകർ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ എത്തി. കർഷക കടാശ്വാസ കമ്മിഷൻ വഴി കർഷക കടങ്ങൾ എഴുതി തള്ളിയതും കർഷകക്ഷേമം ലക്ഷ്യമാക്കി കർഷകക്ഷേമബോർഡ് സ്ഥാപിതമായതും കർഷകർക്ക് ആശ്വാസമായി.

കർഷക വരുമാനം അൻപത് ശതമാനം വർധിപ്പിക്കും എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കി. സംസ്ഥാന എക്കണോമിക് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠന റിപ്പോർട്ട് പ്രകാരം 2019-ൽ കർഷകകുടുംബത്തിന്റെ ശരാശരി മാസവരുമാനം 17,915 രൂപയിൽ നിന്ന് 2024-ൽ 28,984 രൂപയായി മാറി 61.79% വർധന കൈവരിച്ചു. ഇത് 2026-ഓടെ 33,411 രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഈ വളർച്ചയ്ക്ക് പിന്നിൽ ഉൽപ്പാദന വർധന, മൂല്യവർധന, വിപണന സൗകര്യങ്ങൾ, കാലാവസ്ഥാ പ്രതിരോധം, യന്ത്രവൽക്കരണം തുടങ്ങിയ ഘടകങ്ങൾ പ്രധാന പങ്കുവഹിച്ചു.

വിളവിൽനിന്ന് വിപണിവരെ: നേട്ടങ്ങളുടെ സംഗ്രഹം

നെൽക്കൃഷി: രണ്ട് ലക്ഷം ഹെക്ടർ വിസ്തൃതി സംരക്ഷിച്ച് ഉൽപാദനക്ഷമത വർധിപ്പിച്ചു; 62.81 ലക്ഷം മെട്രിക് ടൺ നെല്ല് സർക്കാർ സംഭരിച്ചു.

നാളികേരം: കേരഗ്രാമം പദ്ധതി വഴി ഉൽപ്പാദന കുതിപ്പ്.

പച്ചക്കറി-ഫലവർഗങ്ങൾ: ദേശീയ പ്രവണതകൾക്ക് വിരുദ്ധമായി വിസ്തൃതിയിലും ഉൽപ്പാദനത്തിലും വർധന; സ്വയംപര്യാപ്തത ലക്ഷ്യമാക്കി മുന്നേറ്റം.

റബർ: വിലസ്ഥിരതാ പദ്ധതിയിലൂടെ കർഷക സംരക്ഷണം.

2022-23ൽ കാർഷികമേഖലയിലെ ദേശീയ വളർച്ചാനിരക്ക് 2.1% മാത്രമായിരിക്കെ കേരളത്തിൽ 4.65% വർധനവ് നേടി.

പച്ചക്കറി ഉൽപ്പാദനം 2015-16ൽ 6.28 ലക്ഷം മെട്രിക് ടൺ ആയിരുന്നത് 2024-25ൽ 19.106 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നു.

നെല്ലിന്റെയും നാളികേരത്തിന്റെയും ഉൽപാദനക്ഷമതയിൽ ഗണ്യമായ വർധനവുണ്ടായി.

ഒരു കൃഷിഭവൻ ഒരു ഉൽപന്നം പദ്ധതിയിൽ നാലായിരത്തിലധികം മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു.

കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ഏകോപിപ്പിക്കുന്നതിന് സിയാൽ മോഡലിൽ ആരംഭിച്ച കമ്പനിയാണ് കാബ്കോ (കേരള അഗ്രോ ബിസിനസ് കമ്പനി).

കേരളാഗ്രോ: കർഷക ഉൽപ്പന്നങ്ങൾക്ക് ഒരു മുഖം

ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളെ ഒരു പൊതുബ്രാൻഡിന് കീഴിൽ കൊണ്ടുവന്നതാണ് കേരളാഗ്രോ. ഒരു കൃഷിഭവൻ ഒരു മൂല്യവർധിത ഉൽപ്പന്നം എന്ന ആശയം പ്രായോഗികമായി നടപ്പാക്കിയതോടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ സജ്ജമായി.

എല്ലാ ജില്ലകളിലും കേരളാഗ്രോ ഷോറൂമുകൾ ആരംഭിച്ചതോടെ കർഷക ഉൽപ്പന്നങ്ങൾക്ക് ഉറച്ച വിപണി ലഭിച്ചു. 2026ഓടെ 4,000 ഉൽപ്പന്നങ്ങൾ എന്ന ലക്ഷ്യം കേരളത്തിന്റെ മൂല്യവർധിത കാർഷികരംഗത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ്.

2016 മുതൽ 2025 വരെയുള്ള കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് വെറും വളർച്ചയുടെ കാലമല്ല, പരിവർത്തനത്തിന്റെ കാലഘട്ടം കൂടിയായിരുന്നു. കാലാവസ്ഥാ വെല്ലുവിളികൾ, വിപണി അനിശ്ചിതത്വം, ഭൂവിശാലതയിലെ കുറവ് തുടങ്ങിയ അനനുകൂല സാഹചര്യങ്ങൾക്കിടയിലും കർഷക ക്ഷേമം, ഉൽപ്പാദനക്ഷമത, മൂല്യവർധന, ഡിജിറ്റൽ സാങ്കേതികവിദ്യ, ജൈവ-സുസ്ഥിര സമീപനം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് കേരളം പുതിയ കാർഷിക മാതൃക സൃഷ്ടിച്ചു.

കർഷകന്റെ വരുമാനവും ആത്മവിശ്വാസവും ഒരുപോലെ ഉയർത്തുന്ന ഈ മാതൃക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ഒരു വികസനപാതയായി സംസ്ഥാനത്തെ മുന്നോട്ട് നയിക്കുകയാണ്. അതുകൊണ്ടുതന്നെ, കേരളത്തിന്റെ കാർഷികമുന്നേറ്റം ഇന്ന് ഒരു മേഖലയുടെ നേട്ടമാത്രമല്ല; ശാസ്ത്രീയമായ, ജനകീയമായ, സുസ്ഥിരമായ വികസനത്തിന്റെ ശക്തമായ ഉദാഹരണവുമാണ്.

അനുബന്ധ ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
  കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ