ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും

ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. കോവിഡാനന്തര ആഘാതങ്ങളിൽ നിന്ന് അതിവേഗം മടങ്ങിയെത്തിയ ടൂറിസം മേഖലയുടെയും, വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന റോഡ്, പാലം, ദേശീയപാത, മലയോരഹൈവേ, തുരങ്കപാത തുടങ്ങിയ സ്വപ്നപദ്ധതികൾ യാഥാർഥ്യമാകുന്ന അടിസ്ഥാനസൗകര്യ വികസനത്തിന്റെയും നേട്ടങ്ങൾ ഇന്ന് ജനങ്ങൾ നേരിട്ട് അനുഭവിക്കുന്നവയാണ്.

 

ടൂറിസം രംഗത് അത് ന്താരാഷ്ട്രതലത്തിൽ തന്നെ കേരളം ഏറെ ശ്രദ്ധിക്കപ്പെട്ട വർഷങ്ങളാണ് കടന്നുപോയത്. ആഭ്യന്തര ടൂറിസത്തിൽ  നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ  റെക്കോർഡ് സ്ഥാപിച്ചു. ദേശീയപാതാവികസനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. മലയോരഹൈവേയും തുരങ്കപാതയുമെല്ലാം നവകേരളത്തെ അടയാളപ്പെടുത്തുന്നു.

 

ലോക ടൂറിസം ഭൂപടത്തിൽ മികച്ച ടൂറിസം കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു. കേരളമാകെ ഒരു ടൂറിസം കേന്ദ്രം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതികൾ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പേകി. കോവിഡിന്റെ ആഘാതത്തിൽനിന്നും കേരള ടൂറിസം ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്.

 

സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡ് സ്ഥാപിച്ചു. പ്രത്യേകിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. അതേസമയം പശ്ചാത്തല വികസനമേഖലയുടെ പ്രധാന ഹബ്ബായും കേരളം മാറിക്കഴിഞ്ഞു. അടിസ്ഥാനസൗകര്യ വികസനരംഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണ്. മികച്ച റോഡുകളും പാലങ്ങളും മേൽപ്പാലങ്ങളും കെട്ടിടങ്ങളും ഈ നാട് നേരിട്ട് അനുഭവിച്ച വികസനപ്രവർത്തനങ്ങളാണ്. നടക്കില്ലെന്ന് കരുതി ഉപേക്ഷിക്കപ്പെട്ടിരുന്ന പദ്ധതികൾ യാഥാർഥ്യമാക്കിയതിലൂടെ നാടിന്റെ പൊതുവികസനത്തിന് ഗതിവേഗം പകരാനായി.

 

ലോകം കേരളത്തിലേക്ക്: റെക്കോർഡുകളുടെ പുതിയ അധ്യായം

കോവിഡിന്റെ പ്രതിസന്ധിക്കുശേഷം കേരള ടൂറിസം നേടിയ തിരിച്ചുവരവ് ഒരു സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഉദാഹരണമാണ്. ആഭ്യന്തരസഞ്ചാരികളുടെ എണ്ണം വർധിച്ചതോടൊപ്പം, ടൂറിസം വരുമാനത്തിലും കേരളം പുതിയ ഉയരങ്ങൾ കീഴടക്കി. പരമ്പരാഗത കേന്ദ്രങ്ങൾക്കപ്പുറം പുതിയ ഡെസ്റ്റിനേഷനുകളെ വികസിപ്പിക്കുകയും, വിവിധ തീരദേശ-പൈതൃക-സാഹസിക ടൂറിസം മേഖലകൾക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും ചെയ്തതും ഈ വളർച്ചയ്ക്ക് അടിസ്ഥാനം പാകി.

 

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ കേരള ടൂറിസം അതിശയകരമായ തിരിച്ചുവരവാണ് കൈവരിച്ചത്. 2022, 2023, 2024 വർഷങ്ങളിലുടനീളം സഞ്ചാരികളുടെ എണ്ണത്തിൽ തുടർച്ചയായ റെക്കോർഡുകൾ കേരളം സ്ഥാപിച്ചു. 2024-ലെ കണക്കുകൾ പ്രകാരം 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 1.72 ശതമാനം വർധനയാണെന്നും, കോവിഡിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 21.01 ശതമാനം വർധനയുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2025-ലും സഞ്ചാരികളുടെ വരവിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

 

വിദേശ സഞ്ചാരികളുടെ വരവ് പൂർണമായും സാധാരണ നിലയിലാകുന്നതിന് മുമ്പേ തന്നെ ടൂറിസം വരുമാനത്തിൽ കേരളം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 2024-ൽ മാത്രം ടൂറിസം മേഖലയിലൂടെ 45,053.61 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ടൂറിസം മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിനായി പ്രത്യേക ഡിസൈൻ പോളിസിയും രൂപീകരിച്ചു. കൊല്ലത്ത് പാലങ്ങളുടെ കീഴ്ഭാഗം പൊതുവിടങ്ങളാക്കി മാറ്റുന്ന പദ്ധതി അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. കൂടാതെ കൂടുതൽ വി-പാർക്ക് പദ്ധതികൾക്കും ടൂറിസം വകുപ്പ് അനുമതി നൽകി.

 

സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി വിവിധ ഡെസ്റ്റിനേഷനുകളെ കൂടുതൽ മികവുറ്റതാക്കുന്ന പദ്ധതികളും നടപ്പിലാക്കുന്നു. കോവളം, വർക്കല, കൊല്ലം, ആലപ്പുഴ, ഫോർട്ട് കൊച്ചി, വൈപ്പിൻ, ബേപ്പൂർ, ചാലിയം, കാപ്പാട്, മുഴപ്പിലങ്ങാട്, ബേക്കൽ എന്നിവിടങ്ങളിൽ വിവിധ വികസനപദ്ധതികൾ പുരോഗമിക്കുകയാണ്. അഴീക്കോട് ചാൽ ബീച്ചിനും കോഴിക്കോട് കാപ്പാട് ബീച്ചിനും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചതും കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ അംഗീകാരം നൽകുന്നു.

 

സാഹസിക ടൂറിസത്തിൽ കേരളത്തിന്റെ മുദ്ര

പ്രകൃതി, നദികൾ, മലനിരകൾ, തീരപ്രദേശങ്ങൾ എന്നിവയെ ആസ്പദമാക്കി സാഹസിക ടൂറിസത്തിലും കേരളം വ്യക്തമായ ഇടം നേടിയിരിക്കുകയാണ്. കയാക്കിങ്, സർഫിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ മേഖലകളിൽ സംസ്ഥാനതലത്തിലും അന്തർദേശീയതലത്തിലും ശ്രദ്ധ നേടുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

 

അന്താരാഷ്ട്ര കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ ലോകശ്രദ്ധ നേടിയ ഒരു പ്രധാന പരിപാടിയാണ്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടന്ന ഈ മത്സരങ്ങളിൽ അന്തർദേശീയ താരങ്ങളും പങ്കെടുത്തു. തുഷാരഗിരി കയാക്കിങ് അക്കാദമിയുടെ ആദ്യഘട്ട നിർമ്മാണവും പൂർത്തിയായി. വർക്കലയിൽ നടന്ന ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവലും വാഗമണ്ണിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലും സാഹസിക ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി.

 

ഇതിനൊപ്പം, കേരളത്തിലെ ട്രെക്കിങ്-ഹൈക്കിങ് പാതകൾ മാപ്പ് ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ഇടുക്കി ജില്ലയിലെ ലക്ഷ്മി എസ്റ്റേറ്റ്, മൂന്നാർ, ആനമുടി എന്നിവിടങ്ങളിലെ ട്രെക്കിങ് പാതകളുടെ ഭൂപടങ്ങൾ കെ.എ.ടി.പി.എസ് തയ്യാറാക്കിയിട്ടുണ്ട്.

 

സിനിമ, പൈതൃകം, സാഹിത്യം: അനുഭവങ്ങളുടെ പുതിയ ടൂറിസം

കേരളം ടൂറിസത്തെ വെറും പ്രകൃതി സൗന്ദര്യത്തിന്റെ പരിധിയിൽ ഒതുക്കാതെ, സിനിമ, സാഹിത്യം, പൈതൃകം, സംസ്കാരം എന്നിവയുമായി ബന്ധിപ്പിച്ച സമഗ്രമായ അനുഭവമേഖലയാക്കി വികസിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ സഞ്ചാരികൾക്ക് പ്രകൃതിദൃശ്യങ്ങൾക്കൊപ്പം ചരിത്രവും കലയും സംസ്കാരവും ഉൾക്കൊള്ളുന്ന സമ്പന്നമായ അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം.

 

ജനങ്ങളുടെ മനസ്സിൽ പതിഞ്ഞ സിനിമാ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കുന്ന സിനി ടൂറിസം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ആദ്യഘട്ടമായി, കിരീടം സിനിമയിലൂടെ പ്രശസ്തമായ പാലത്തിനടുത്ത് പദ്ധതി ആരംഭിച്ചു. ബേക്കൽ സിനി ടൂറിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ബോംബെ സിനിമയുടെ ചിത്രീകരണത്തിന്റെ മുപ്പതാം വാർഷികാഘോഷത്തിൽ സംവിധായകനും നടിയും ഛായാഗ്രാഹകനും പങ്കെടുത്തു.

 

ഇതോടൊപ്പം, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 32 ഹെറിറ്റേജ് പദ്ധതികൾ പൂർത്തീകരിച്ചു. ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയും നടപ്പിലാക്കി വരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പൈതൃക പദ്ധതികളെ ഏകോപിപ്പിച്ച് തലശ്ശേരി ഹെറിറ്റേജ് പദ്ധതിയും പുരോഗമിക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് ഏകദേശം 200-ഓളം പൈതൃക കേന്ദ്രങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നത് കേരളത്തിന്റെ സമ്പന്നമായ ചരിത്രപാരമ്പര്യത്തെ കൂടുതൽ പ്രചരിപ്പിക്കുന്നതിൽ നിർണായകമായി മാറിയിട്ടുണ്ട്.

 

ടൂറിസം വികസനം സംസ്ഥാനതല നയങ്ങളിൽ മാത്രം ഒതുങ്ങാതെ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും മുന്നേറുകയാണ്. ഈ പങ്കാളിത്തമൂലക സമീപനമാണ് പ്രാദേശിക ഡെസ്റ്റിനേഷനുകളെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായത്.

 

ഡെസ്റ്റിനേഷൻ ചലഞ്ച്: പ്രാദേശിക പങ്കാളിത്തത്തോടെ ടൂറിസം വികസനം

പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി ആരംഭിച്ചു. ഇതിനകം തന്നെ ഏകദേശം 50-ഓളം പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഡെസ്റ്റിനേഷൻ വെഡിങ് പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രവും സ്ഥാപിച്ചു. മൈസ് (MICE) & ഡെസ്റ്റിനേഷൻ വെഡിങ് അന്താരാഷ്ട്ര കോൺക്ലേവും സംഘടിപ്പിച്ചു.

 

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ കേരള ടൂറിസത്തിന്റെ പുതുജീവനത്തിന് വഴിയൊരുക്കിയ പ്രധാന സംരംഭങ്ങളിലൊന്നാണ് കാരവൻ ടൂറിസം. സുരക്ഷിത യാത്ര, ഇപ്പോഴും പര്യവേക്ഷണം ചെയ്യാത്ത ഡെസ്റ്റിനേഷനുകളിലേക്കുള്ള സഞ്ചാരം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കുറഞ്ഞ മൂലധനം മതിയാകുന്ന സംവിധാനം എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. സീപ്ലെയിൻ പദ്ധതിയുടെ ഭാഗമായി പരീക്ഷണ പറക്കലും നടത്തി. ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക നയരേഖയും രൂപീകരിച്ചിട്ടുണ്ട്.

 

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺറോ തുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജടായുപ്പാറ, തെല, അച്ചൻകോവിൽ എന്നിവയെ ബന്ധിപ്പിച്ചുള്ള ജൈവ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തുന്ന പദ്ധതിയും നടപ്പിലാക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി മുട്ടറ മരുതിമലയിലെ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

സാഹിത്യവും ടൂറിസവും ബന്ധിപ്പിക്കുന്ന മലബാർ ലിറ്റററി സർക്യൂട്ട് പദ്ധതിയും ആരംഭിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ, അക്കിത്തം എന്നിവരുടെ സാഹിത്യ പാരമ്പര്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കി ബേപ്പൂർ മുതൽ തൃത്താല വരെ വ്യാപിക്കുന്ന ഈ സർക്യൂട്ടിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ നിർമ്മാണം പൂർത്തിയായി.

 

വിവിധ പദ്ധതികളിലൂടെ ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിനും വലിയ സാമ്പത്തിക പിന്തുണ ലഭിച്ചു. SASCI പദ്ധതിയിലൂടെ കൊല്ലം അഷ്ടമുടി ഡൈവേഴ്സിറ്റി പദ്ധതിക്ക് 59.71 കോടി രൂപയും സർഗ്ഗാലയ ഗ്ലോബൽ വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് 95.34 കോടി രൂപയും അനുവദിച്ചു. സ്വദേശി ദർശൻ 2 പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ടൂറിസം പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴയ്ക്ക് 75.87 കോടി രൂപയും കുമരകത്തിന് 13.93 കോടി രൂപയും അനുവദിച്ചു. കൂടാതെ ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷൻ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി തലശ്ശേരി, വർക്കല ടൂറിസം കേന്ദ്രങ്ങൾക്ക് 25 കോടി രൂപയുടെ പദ്ധതികൾക്കും അനുമതി നൽകി.

 

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വില്ലേജ് ടൂറിസം, കൾച്ചറൽ ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, ഫാം/അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയ മേഖലകൾ ശക്തിപ്പെടുത്തുകയാണ്. ഇതിനായി മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങൾ, പെപ്പർ ടൂറിസം–2025, സ്ട്രീറ്റ് ഫുഡ് ടൂറിസം, അഗ്രിടൂറിസം നെറ്റ്‌വർക്ക് എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നു.

 

രാജ്യത്ത് ആദ്യമായി സഞ്ചാര സാഹിത്യ സംഗമവേദി ഒരുക്കി കേരള ടൂറിസം ശ്രദ്ധ നേടി. “യാനം” എന്ന ഈ പരിപാടിയുടെ ആദ്യപതിപ്പ് വർക്കലയിലാണ് സംഘടിപ്പിച്ചത്.

 

ടൂറിസം മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ

•   കേരളത്തിന്റെ പാരമ്പര്യവും ആവേശവും നിറഞ്ഞ ചാമ്പ്യൻസ് ബോട്ട് ലീഗ് മലബാർ മേഖലയിലേക്കും വ്യാപിപ്പിച്ചു. ഇതിലൂടെ വള്ളംകളി ഉത്സവങ്ങളെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ ടൂറിസം സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്തു.

•   ടൂറിസം മേഖലയിലേക്ക് സ്വകാര്യ സംരംഭകരെ കൂടുതൽ ആകർഷിക്കുന്നതിനായി ആദ്യമായി ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. നിക്ഷേപകർക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനായി പ്രത്യേക ഫെസിലിറ്റേഷൻ സെന്ററും ആരംഭിച്ചു.

•   യുവതലമുറയെ ടൂറിസം പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ഏകദേശം 200-ഓളം ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിൽ ടൂറിസം ബോധവൽക്കരണം വർധിപ്പിക്കുകയും പ്രാദേശിക ടൂറിസം വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.

•   2010-ന് ശേഷം ആദ്യമായി കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ (KTDC) അറ്റാദായം നേടിയത് ഈ കാലഘട്ടത്തിലാണ്. കോവിഡ് കാലത്ത് ഉണ്ടായ വൻ സാമ്പത്തിക നഷ്ടത്തിൽനിന്ന് ശക്തമായ തിരിച്ചുവരവ് നടത്താൻ ഈ മുന്നേറ്റങ്ങൾ സഹായിച്ചു.

•   മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയ്ക്ക് ഉണ്ടായ തിരിച്ചടികളെ മറികടക്കുന്നതിനായി “എന്റെ കേരളം എന്നും സുന്ദരം” എന്ന പ്രത്യേക ക്യാമ്പയിനും രൂപം നൽകി. സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നിൽ വീണ്ടും പ്രചരിപ്പിക്കുന്നതിൽ ഈ ക്യാമ്പയിൻ നിർണായക പങ്ക് വഹിച്ചു.

 

ദേശീയപാതകളും തുരങ്കപാതകളും: ഗതാഗതരംഗത്തെ പുതിയ വേഗത

ടൂറിസത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അടിസ്ഥാനസൗകര്യ വികസനം. വർഷങ്ങളായി മുടങ്ങി കിടന്ന ദേശീയപാതകളും റോഡ് വികസന പദ്ധതികളും കഴിഞ്ഞ കാലഘട്ടത്തിൽ പുതിയ വേഗത കൈവരിച്ചു. ഇതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക ഗതിക്ക് നിർണായക പിന്തുണ ലഭിച്ചു.

 

ദേശീയപാത 66 യാഥാർഥ്യമാകുന്നു

ദേശീയപാത വികസന അതോറിറ്റി (NHAI)യുടെ നേതൃത്വത്തിൽ ദീർഘകാലമായി നിലച്ചു കിടന്നിരുന്ന ദേശീയപാത 66 വികസന പദ്ധതി യാഥാർഥ്യമാകുകയാണ്. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് 5580 കോടി രൂപ നൽകി. നിലവിൽ 492.64 കിലോമീറ്റർ ദേശീയപാതയുടെ പ്രവൃത്തി പൂർത്തിയായി. ആറുവരിയിലേക്കു വികസിപ്പിച്ച ഓരോ റീച്ചും ഘട്ടംഘട്ടമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു. കുതിരാൻ ടണൽ പ്രവൃത്തിയും പൂർത്തിയായി. മൂന്നാർ–ബോഡിമേട്ട്, നാട്ടുകാൽ–താണാവ് എന്നീ ദേശീയപാത പ്രവൃത്തികളും സമാപിച്ചു.

 

തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, എറണാകുളം ബൈപ്പാസ്, കൊല്ലം–ചെങ്കോട്ട ഗ്രീൻഫീൽഡ് പാതകൾ എന്നിവയ്ക്കായി മാത്രം 2370.59 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. പാലക്കാട്–കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുന്നു. ദേശീയപാത 85-ൽ കൊച്ചി–മൂന്നാർ 125 കിലോമീറ്റർ പാതയുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടി നിവർത്തുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുന്നു.

 

തുരങ്കപാത

ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു. ടണൽ റോഡിനായി 2143.7 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

 

ആകെ 1179.45 കിലോമീറ്റർ നീളമുള്ള മലയോര ഹൈവേയിൽ 473.42 കിലോമീറ്റർ ഇതിനകം പൂർത്തിയായി. 481.13 കിലോമീറ്ററിൽ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ഇതുവരെ 3867.05 കോടി രൂപ അനുവദിച്ചു.

 

507.865 കിലോമീറ്റർ നീളമുള്ള തീരദേശപാതയിൽ മൂന്ന് റീച്ചുകളുടെ നിർമ്മാണം പൂർത്തിയായി. അഴീക്കോട്–മുനമ്പം പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. കൂടാതെ 39 റീച്ചുകളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

മേൽപ്പാലങ്ങൾ, റസ്റ്റ് ഹൗസുകൾ, സ്മാർട്ട് റോഡുകൾ: അനുഭവിക്കുന്ന വികസനം

വികസനം എന്നത് വെറും സംഖ്യകളല്ല; ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഗതാഗതസൗകര്യവും യാത്രാസൗകര്യവും പൊതുപ്രവർത്തന സംവിധാനങ്ങളുടെ ഗുണമേന്മയുമാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിരവധി ഇടപെടലുകൾ ഈ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങളായി മാറി.

 

ലെവൽ ക്രോസ്സില്ലാത്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് റെയിൽവേ മേൽപ്പാലങ്ങളും ഒരു അടിപ്പാതയും പൂർത്തിയാക്കി. കാഞ്ഞങ്ങാട്, കൊടുവള്ളി, ഫറോക്ക്, ഗുരുവായൂർ, കാരിത്താസ്, മാളിയേക്കൽ, തിരൂർ, ചിറങ്ങര, മുളന്തുരുത്തി എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളാണ് പൂർത്തിയാക്കിയത്. നിലമ്പൂർ യാർഡ് അടിപ്പാതയും പൂർത്തിയാക്കി.

 

ഇപ്പോൾ 24 മേൽപ്പാലങ്ങളുടെ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനായി 2028.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് 39 റെയിൽവേ മേൽപ്പാലങ്ങൾക്ക് 100 ശതമാനം റെയിൽവേ ഫണ്ടിങോടെ അനുമതി ലഭിച്ചിട്ടുണ്ട്.

 

ഓൺലൈൻ സംവിധാനം ഉപയോഗിച്ച് PWD റസ്റ്റ് ഹൗസുകളിൽ റൂം ബുക്ക് ചെയ്ത് കുറഞ്ഞ ചെലവിൽ താമസിക്കാനായി പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി നടപ്പിലാക്കി. നാല് വർഷത്തിനിടെ അഞ്ചര ലക്ഷത്തോളം ബുക്കിംഗുകളും 32 കോടി രൂപയിലേറെ വരുമാനവും ലഭിച്ചു.

 

ജനകീയ റസ്റ്റ് ഹൗസുകൾ

•   23 റസ്റ്റ് ഹൗസുകളുടെ നവീകരണം പൂർത്തിയാക്കി.
•   17 റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കുന്നതിന് അനുമതി നൽകി.

 

പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കൺസ്റ്റിറ്റ്യൂൻസി മോണിറ്ററിംഗ് ടീം രൂപീകരിച്ചു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും ശ്രദ്ധയിൽപ്പെടുത്തുന്നതിനായി pwd4u ആപ്പ് ആരംഭിച്ചു.

 

പാതകൾ സ്മാർട്ടായി

റോഡ് നവീകരണത്തിന് ഏകദേശം 35,000 കോടി രൂപ അനുവദിച്ചു. 8200 കിലോമീറ്ററിലധികം റോഡുകൾ നവീകരിച്ചു. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,522 കിലോമീറ്റർ റോഡുകളിൽ 17,749.11 കിലോമീറ്റർ ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തി.

 

ഡിസൈൻ ചെയ്ത് നിർമ്മിച്ച തലസ്ഥാന നഗരിയിലെ സ്മാർട്ട് റോഡുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടി.

 

അഞ്ചുവർഷത്തിനുള്ളിൽ നൂറ് പാലങ്ങൾ പൂർത്തീകരിക്കുമെന്ന വാഗ്ദാനം മൂന്ന് വർഷത്തിനുള്ളിൽ തന്നെ പാലിച്ചു. വിവിധ വിഭാഗങ്ങളിലായി 150-ലധികം പാലങ്ങൾ പൂർത്തിയാക്കി. നൂറിലധികം പാലങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

ടൂറിസം രംഗത്ത് കൈവരിച്ച റെക്കോർഡുകളും ദേശീയപാത മുതൽ മലയോര ഹൈവേ വരെയുള്ള വിപുലമായ വികസനപദ്ധതികളും, പൈതൃക–സാഹസിക–ഉത്തരവാദിത്ത ടൂറിസം മേഖലകളിലെ വ്യാപനവും ഒരുമിച്ചുചേരുമ്പോൾ കേരളം സമഗ്ര വികസനത്തിന്റെ മാതൃകയായി മാറുകയാണ്. സഞ്ചാരികളുടെ വരവിൽ നിന്നുള്ള വരുമാനവർധനയും അതിനെ പിന്തുണയ്ക്കുന്ന റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, റസ്റ്റ് ഹൗസുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണവും സംസ്ഥാനത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നു.

 

അനുബന്ധ ലേഖനങ്ങൾ

ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ
നവകേരളത്തിന്റെ ദശാബ്ദം- വികസന നേട്ടങ്ങളിൽ നിന്ന് വിഷൻ 2031-ലേക്ക്
കേരളാ രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലായി സംസ്ഥാനം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് കേരളം. ആ യാത്രയ്ക്ക് പുതിയ ദിശ നൽകുന്നതാണ് “നവകേരളം” എന്ന വികസനദർശനം.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
  കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ