
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്. രാജ്യാന്തര തലത്തിൽ കേരളത്തെ കൂടുതൽ ശക്തമായി അടയാളപ്പെടുത്തിയ നിരവധി പദ്ധതികളും പരിപാടികളും ഈ ദശകത്തിൽ യാഥാർത്ഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുതൽ സഹകരണ മേഖലയിലെ പുനരുജ്ജീവനം വരെ കേരളത്തിന്റെ വികസനപഥം ലോകശ്രദ്ധ നേടിയ നേട്ടങ്ങളാൽ നിറഞ്ഞതായിരുന്നു.
നവകേരളസൃഷ്ടിക്കായി സമഗ്ര പദ്ധതികൾ
നവകേരളസൃഷ്ടിക്കായി ഈ ദശകത്തിൽ സമഗ്രമായ പദ്ധതികളാണ് തുറമുഖ–സഹകരണ മേഖലയിൽ നടപ്പിലായത്. രാജ്യാന്തരതലത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ദശകമായിരുന്നു ഇത്. വിഴിഞ്ഞം തുറമുഖത്തിലൂടെ ലോക മാരിടൈം ഭൂപടത്തിൽ ഇന്ത്യൻ തുറമുഖ മേഖലയ്ക്കായി പുതിയ വാതായനം തുറന്നുനൽകുകയായിരുന്നു. ശബരിമല തീർഥാടകർക്ക് സുഗമ ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനമടക്കം ആധുനികവത്കരണം നടപ്പിലാക്കി. ദേവസ്വം വകുപ്പിൽ കമ്പ്യൂട്ടർവൽക്കരണവും നടപ്പിലാക്കി.
കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അനന്തമായി മുന്നോട്ട് നീങ്ങേണ്ടിയിരുന്ന രണ്ടാംഘട്ടം 2028-ൽ പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് നിർമ്മാണം ആരംഭിച്ചു. ഇന്ത്യയിൽ ഏറ്റവും വേഗം 10 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തെന്ന നേട്ടത്തോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ഒരു വർഷം പൂർത്തിയാക്കി. അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടർസർവീസുകൾ വഴി വിഴിഞ്ഞത്തെ ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തിയ വർഷമാണിത്.
സമുദ്ര ഗതാഗതത്തെയും ഉൾനാടൻ ജലഗതാഗതത്തെയും സംയോജിപ്പിച്ച് സമഗ്രമായ മാരിടൈം ആൻഡ് ഇൻലൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് പ്ലാൻ തയ്യാറാക്കി നടപടികൾ മുന്നോട്ടു നീങ്ങുകയാണ്. മലബാർ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തോടെ മലബാർ പോർട്ട് ആൻഡ് എസ്.ഇ.സെഡ് തുറമുഖം വികസിപ്പിക്കുന്ന പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരണത്തിലാണ്.
മാരിടൈം ബോർഡിനു കീഴിൽ കൊടുങ്ങല്ലൂരും നീണ്ടകരയിലുമുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇൻലാൻഡ് വെസ്സൽ ആക്റ്റ് പ്രകാരമുള്ള വിവിധ കോഴ്സുകൾ ആരംഭിച്ചു. സംസ്ഥാനത്തിനകത്തെ നോൺ-മേജർ തുറമുഖങ്ങളെയും മറ്റ് സംസ്ഥാനങ്ങളിലെ നോൺ-മേജർ തുറമുഖങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഇടത്തരം ക്രൂയിസ് കപ്പൽ സർവീസുകൾ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. പൊന്നാനിയിൽ മണൽ ശുദ്ധീകരണ പ്ലാന്റ് പി.പി.പി. മോഡലിൽ വിജയകരമായി നടത്തുന്നു.
ഉൾനാടൻ യന്ത്രവൽക്കൃത യാനങ്ങളുടെ സർവെ രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനായി നടപ്പിലാക്കുന്നതിനായി ‘കേരളാ നൗക - The IV Connect’ എന്ന പോർട്ടൽ നടപ്പിലാക്കി. ഇതോടെ യാനങ്ങളിലെ ക്രൂ ലൈസൻസിങ് കേന്ദ്രപോർട്ടലിലൂടെ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. യാനങ്ങളിലെ പരിശോധനയ്ക്കായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചു.
ഹൈഡ്രോഗ്രാഫിക് സർവെ വിഭാഗത്തിന്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി ജലനേത്ര വെബ് പോർട്ടൽ തയ്യാറായി.
സഹകാരികൾക്കൊപ്പം
രാജ്യത്തെ ഏറ്റവും വലിയ ഷെഡ്യൂൾഡ് സഹകരണ ബാങ്കായ കേരള ബാങ്ക് രൂപവൽക്കരിച്ചു. ജോർദാനിൽ നടന്ന പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ പ്രാഥമിക സഹകരണസംഘങ്ങൾ ഗ്രാമീണ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ, കേരള ബാങ്ക്, ഊരാളുങ്കൽ തുടങ്ങിയ മികവുകൾ ചർച്ചയായി. കേരള സഹകരണ സംഘം സമഗ്ര ഭേദഗതിക്ക് കേരള നിയമസഭ അംഗീകാരം നൽകി. നിയമഭേദഗതിയെ തുടർന്ന് സഹകരണ ചട്ടവും സമഗ്രമായി ഭേദഗതി ചെയ്തു. ഇന്ത്യയിൽ ഇതാദ്യമായി കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം ആരംഭിച്ചു.
റിസ്‌ക് ഫണ്ട് പദ്ധതി
റിസ്ക് ഫണ്ട് പദ്ധതി പ്രകാരം മരണാനന്തര / ചികിത്സാ ധനസഹായമായി 9600 വായ്പകളിലായി 502.20 കോടി രൂപയുടെ ധനസഹായം നൽകി.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 16664 അപേക്ഷകർക്കായി 1069.32 കോടി രൂപ ധനസഹായം നൽകി.
സഹകാരികളുടെ ചികിത്സയ്ക്കായി 50,000 രൂപയും മരണപ്പെട്ടുപോയ സഹകാരികളുടെ ആശ്രിതർക്ക് പരമാവധി 25,000 രൂപയും ധനസഹായം ലഭിക്കുന്ന പദ്ധതി പ്രകാരം 387 അപേക്ഷകളിലായി ഇതുവരെ 1,02,80,000 രൂപ അനുവദിച്ചിട്ടുണ്ട്. സഹകരണ അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം 39837 ഗുണഭോക്താക്കൾക്കായി 83,33,95,000 രൂപ അനുവദിച്ചിട്ടുണ്ട്. കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗത്വമുള്ള സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കുള്ള പരിരക്ഷ തുക 2 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി വർധിപ്പിച്ചു.
കെയർ ഹോം പദ്ധതി
2018-ലെ പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ആരംഭിച്ച കെയർ ഹോം പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2,093 വീടുകൾ നിർമ്മിച്ചു നൽകി. കെയർ ഹോം പദ്ധതി രണ്ടാം ഘട്ടത്തിൽ 14 ജില്ലകളിലും ലൈഫ് മിഷൻ നിർദ്ദേശിച്ച സ്ഥലത്ത് ഭവനസമുച്ചയങ്ങൾ നിർമ്മിച്ചു നൽകുന്നു. തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ 40 കുടുംബങ്ങൾക്ക് വസിക്കാൻ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. പാലക്കാട് ജില്ലയിൽ കണ്ണാടി-2 വില്ലേജിൽ 28 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിർമ്മാണം നടന്നുവരുന്നു. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പന്നിയൂർ വില്ലേജിൽ 18 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
പട്ടികജാതി / പട്ടികവർഗ സഹകരണ സംഘങ്ങൾക്കായി പുനർജ്ജനി പദ്ധതി നടപ്പിലാക്കുന്നു. അട്ടപ്പാടി മേഖലയിലെ പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾക്ക് സൗജന്യമായി സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്ന പ്രവർത്തനം നടത്തി. 6924 പേർക്ക് പദ്ധതി പ്രകാരം പ്രയോജനം ലഭിച്ചിട്ടുണ്ട്. സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കി. പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി നിലവിൽ 23 ആശുപത്രി സഹകരണ സംഘങ്ങളിൽ നടപ്പിലാക്കുന്നു. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം മുഖേനയാണ് 21 ലക്ഷം പേർക്ക് സാമൂഹികസുരക്ഷാ പെൻഷൻ വിതരണം നടത്തുന്നത്.
ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ തുക
തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്കായി ഏറ്റവും കൂടുതൽ തുക അനുവദിച്ചത് ഇക്കഴിഞ്ഞ പത്തുവർഷക്കാലമാണ്. സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്ക് 2016-17 മുതൽ 2025 സെപ്റ്റംബർ വരെ അനുവദിച്ചത് 640 കോടി രൂപയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് - 145,40,00,000 രൂപ,
കൊച്ചിൻ ദേവസ്വം ബോർഡ് - 26,38,33,153 രൂപ,
മലബാർ ദേവസ്വം ബോർഡ് - 3,04,85,85,709 രൂപ,
കൂടൽമാണിക്യം ദേവസ്വം - 4,15,00,000 രൂപ,
ശ്രീപത്മനാഭസ്വാമി ക്ഷേത്രം - 3,47,00,000 രൂപ,
ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി - 85,45,67,330 രൂപ,
ശബരിമല സാനിറ്റേഷൻ പദ്ധതി - 21,86,05,442 രൂപ,
ഹിന്ദുമത ധർമ്മസ്ഥാപന ഭരണ വകുപ്പ് - 27,85,25,635 രൂപ,
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് - 20,75,78,747 രൂപ,
ശബരിമല ഇടത്താവള പദ്ധതികൾക്കായി 116.41 കോടി രൂപ എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്.
ഉത്തരമലബാറിലെ ആചാരസ്ഥാനിയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്ന് 1600 രൂപയായി സർക്കാർ വർധിപ്പിച്ചു. ഈ ധനസഹായ പദ്ധതിപ്രകാരം നിലവിൽ 1544 ആചാരസ്ഥാനീയർക്കും 368 കോലധാരികൾക്കും ധനസഹായം നൽകുന്നു.
ഗുരുവായൂർ തെക്കേനടയിൽ മെഡിക്കൽ സെന്ററിനു സമീപം എട്ട് കോടി രൂപ ചെലവിൽ രാജ്യാന്തര നിലവാരത്തോടുകൂടിയ കംഫർട്ട് സ്റ്റേഷന്റെ പ്രവൃത്തികൾ ആരംഭിച്ചു.
ഭിന്നശേഷി വ്യക്തികൾക്ക് ‘സഹകരണം സൗഹൃദം’ സംരംഭക വായ്പാ പദ്ധതിയിൽ 4.30 കോടി രൂപ വിതരണം ചെയ്തു. ചെറുകിട, വഴിയോര കച്ചവടം, ചെറുസംരംഭം എന്നിവ ആരംഭിക്കുന്നതിനും ഓട്ടോറിക്ഷ വാങ്ങുന്നതിനും 6643 വായ്പകളിലായി 13.49 കോടി രൂപ വിതരണം ചെയ്തു.
കഴിഞ്ഞ നാല് വർഷത്തിനിടെ സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലുമായി കേരള ബാങ്കിലുമായി 16390 നിയമനങ്ങളാണ് നടന്നത്. കേരള ബാങ്കും മറ്റ് സഹകരണ ബാങ്കുകളും നൽകിയ വായ്പകൾ ഉപയോഗിച്ച് ആരംഭിച്ച സ്റ്റാർട്ടപ്പ് / MSME സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ ആദ്യ നഴ്സിങ് കോളേജ് ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന മെറ്റീരിയൽ ബാങ്ക് വെള്ളിയൂരിൽ പ്രവർത്തനം തുടങ്ങി. കോട്ടയത്ത് അക്ഷര മ്യൂസിയം സ്ഥാപിച്ചു. അടുത്ത ഘട്ടങ്ങൾക്കായി 14.98 കോടി രൂപ അനുവദിച്ചു.
ശബരിമല വികസനം
ശബരിമല വിമാനത്താവള പദ്ധതി, ശബരിമല മാസ്റ്റർപ്ലാൻ, ശബരിമല വികസനം എന്നിവയുള്‍പ്പെട്ട കാര്യങ്ങളിൽ ഭക്തജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആഗോള അയ്യപ്പ സംഗമം ഉൾപ്പെടെ, സുഗമ തീർഥാടനത്തിനായി സർക്കാരും ദേവസ്വം ബോർഡും ഭക്തർക്കൊപ്പം നിന്ന കാലഘട്ടമാണിത്.
1033.62 കോടി രൂപയുടെ പദ്ധതികൾക്കാണ് ശബരിമലയ്ക്കായി ഇക്കാലയളവിൽ ഇതിനോടകം അനുമതി നൽകിയിട്ടുള്ളത്. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്കായി 148.5 കോടി രൂപ വിവിധ വികസന പദ്ധതികൾക്കായി സർക്കാർ ചെലവഴിച്ചിട്ടുണ്ട്. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിൽ 600.47 കോടി രൂപയും രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയുമാണ് ലക്ഷ്യമിടുന്നത്. മൂന്നാം ഘട്ടത്തിന്റെ 77.68 കോടി രൂപയടക്കം 778.17 കോടി രൂപയാണ് സന്നിധാനത്തിന്റെ വികസനത്തിനായി ലേ ഔട്ട് പ്ലാൻ പ്രകാരം കണക്കാക്കിയിരിക്കുന്നത്.
പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിൽ 184.75 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 22.73 കോടി രൂപയുൾപ്പെടെ ആകെ 207.48 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല വികസനത്തിനായി 2016-17 മുതൽ 2024-25 വരെയുള്ള കാലയളവിൽ 70,37,74,264 രൂപ വിവിധ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടുണ്ട്. ബജറ്റിന് ഉപരിയായി കിഫ്ബി സഹായത്തോടെ 116.41 കോടി രൂപ ചെലവഴിച്ച് ഇടത്താവളങ്ങളുടെ നിർമാണവും നടത്തിയിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയിൽ 150 കോടി രൂപയും ഈ കാലയളവിൽ ചെലവഴിച്ചിട്ടുണ്ട്. കഴക്കൂട്ടം, ചെങ്ങന്നൂർ, ചിറങ്ങര, എരുമേലി, നിലക്കൽ, മണിയങ്കോട് എന്നിവിടങ്ങളിൽ ഇടത്താവളങ്ങളുടെ നിർമാണം നടത്തി. മണ്ഡലകാലത്ത് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കി.
വിഴിഞ്ഞം തുറമുഖം: ഒരു വർഷത്തെ നേട്ടങ്ങൾ
• ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം TEU കൈകാര്യം ചെയ്ത പോർട്ട്.
• വെറും 10 മാസത്തിൽ ആദ്യ ഘട്ടത്തിലെ പരമാവധി ശേഷിയായ 10 ലക്ഷം TEU പിന്നിട്ടു.
• ഇതുവരെ 665 കപ്പലുകളും 14.2 ലക്ഷം TEUയും കൈകാര്യം ചെയ്തു.
• 399+ മീറ്റർ നീളമുള്ള 41 ULCV കപ്പലുകൾ ഇന്ത്യയിലെ ഏത് പോർട്ടും കൈകാര്യം ചെയ്തതിൽ ഏറ്റവും കൂടുതൽ.
• 300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകൾ.
• 16 മീറ്റർ ഡ്രാഫ്റ്റിൽ കൂടുതലുള്ള 45 കപ്പലുകൾ.
• 17.1 മീറ്റർ ഡ്രാഫ്റ്റ് ഉള്ള MSC Verona ദക്ഷിണേഷ്യയിൽ കൈകാര്യം ചെയ്തതിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും ആഴമുള്ള കപ്പൽ.
• MSC Paloma ഒരൊറ്റ കപ്പലിൽ 10,576 TEU കൈകാര്യം ചെയ്ത റെക്കോർഡ്.
• ഒക്ടോബർ 2025-ൽ ഏറ്റവും ഉയർന്ന GCR (ഗ്രോസ് ക്രെയിൻ റേഷ്യോ) 28.52.
• ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ MSC IRINA ഉൾപ്പെടെ ബെർത്ത് ചെയ്ത ഇന്ത്യയിലെ ആദ്യ പോർട്ട്.
• വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പോർട്ട്.
തുറമുഖ വികസനം, സഹകരണ മേഖലയിലെ ശക്തീകരണം, ദേവസ്വം ഭരണത്തിന്റെ ആധുനികവത്കരണം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയ ഈ കാലഘട്ടം നവകേരള നിർമ്മാണത്തിന് ശക്തമായ അടിത്തറയായി മാറിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം പോലുള്ള രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും, സഹകരണ മേഖലയിലെ സാമൂഹിക സുരക്ഷാ പദ്ധതികളും, തീർഥാടകരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന ദേവസ്വം വികസന പദ്ധതികളും കേരളത്തിന്റെ വികസന മാതൃകയെ കൂടുതൽ ശക്തമാക്കുന്നു. സമഗ്ര വികസനവും സാമൂഹിക ഉത്തരവാദിത്തവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഈ വികസന യാത്ര നവകേരളത്തിന്റെ ഭാവിക്ക് ആത്മവിശ്വാസം പകരുന്നതാണ്.