
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, കെ-സ്മാർട്ട്, ഡിജി കേരളം, ലൈഫ് മിഷൻ, വിജ്ഞാനസമ്പദ് വ്യവസ്ഥ തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം ജനജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും അതുമൂലമുള്ള നേട്ടങ്ങളും വിസ്മയകരമാണ്. അതിദാരിദ്ര നിർമ്മാർജനം, മാലിന്യമുക്തം നവകേരളം, കെ-സ്മാർട്ട്, ഡിജി കേരളം, ലൈഫ് മിഷൻ, വിജ്ഞാനസമ്പദ്വ്യവസ്ഥ തുടങ്ങിയ പദ്ധതികൾ കേരളത്തെ എങ്ങനെ മാറ്റിത്തീർത്തുവെന്ന് ജനങ്ങൾക്ക് അനുഭവപ്പെട്ട കാലമായിരുന്നു കഴിഞ്ഞ പത്ത് വർഷം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ നിരവധിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ തുക 2011-16 കാലഘട്ടത്തിൽ 29,500 കോടി രൂപയായിരുന്നെങ്കിൽ 2021-26 കാലഘട്ടത്തിൽ അത് 70,526.77 കോടി രൂപയായി ഉയർന്നു. 10 വർഷം കൊണ്ട് ആകെ 1,23,175.16 കോടി രൂപയാണ് അനുവദിച്ചത്.
അതിദാരിദ്ര നിർമ്മാർജനം എന്ന ലക്ഷ്യം 2025 നവംബർ ഒന്നിന് കൈവരിച്ചതാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. ഇത് ലോകമാകെ ചർച്ച ചെയ്യപ്പെട്ടു. ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം എത്തുകയാണ്. ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ എന്ന ലക്ഷ്യം 2026 ഫെബ്രുവരിയിൽ കേരളം കൈവരിക്കും. 2016 മുതൽ ഐഎൽജിഎംഎസ്, 2024 മുതൽ കെ-സ്മാർട്ട് എന്നിവ നടപ്പാക്കിയത് സേവനങ്ങൾ അതിവേഗത്തിലും സുതാര്യമായും അഴിമതിയുടെ സാധ്യത പരമാവധി കുറച്ചും ലഭ്യമാക്കാൻ സഹായിച്ച വിപ്ലവകരമായ മാറ്റമാണ്.
കെ-സ്മാർട്ട് അടക്കം ഡിജിറ്റൽ വ്യവഹാരങ്ങൾക്ക് ജനങ്ങളെയാകെ പ്രാപ്തരാക്കാൻ ഡിജി കേരളം പദ്ധതിയിലൂടെ എല്ലാവരെയും ഡിജിറ്റൽ സാക്ഷരരാക്കി. അതിവേഗം നഗരവൽക്കരിക്കുന്ന കേരളത്തിന്റെ ഭാവി വികസനത്തെ മുന്നിൽക്കണ്ട് രാജ്യത്താദ്യമായി നഗരനയം രൂപവൽക്കരിക്കാൻ നിയോഗിച്ച കമ്മിഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കുടുംബശ്രീയിലൂടെ സ്ത്രീകളുടെ സാമ്പത്തിക വളർച്ചയ്ക്കുള്ള നിരവധി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്താനും നൈപുണി വികസിപ്പിക്കാനും വിജ്ഞാനകൈരളി പദ്ധതിയിലൂടെ കഴിയുന്നു. കാലഹരണപ്പെട്ട നിരവധി നിയമങ്ങൾ മാറ്റാനും പുതിയ ചട്ടങ്ങൾ രൂപവൽക്കരിക്കാനും കഴിഞ്ഞത് ദീർഘകാലമായുള്ള നിരവധി നിയമ-സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായകമായി.
ലൈഫ് സമ്മാനിച്ച പുതുജീവിതം : ഭവനനിർമാണ മേഖലയിൽ രാജ്യത്തിന് മാതൃകയായ ബെസ്റ്റ് പ്രാക്ടീസായി ലൈഫ് മിഷനെ കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് തിരഞ്ഞെടുത്തത് കേരളത്തിന് അഭിമാനകരമായ നേട്ടമാണ്.
• 6,00,547 – വീടുകൾ നിർമ്മിക്കുന്നതിന് കരാറായി
• 4,716,076 – വീടുകൾ പൂർത്തീകരിച്ചു
• 1,24,471 – വീടുകളുടെ നിർമ്മാണം പുരോഗതിയിൽ
• 19,127.47 കോടി രൂപ – 2017-18 മുതൽ 2025 ഡിസംബർ 31 വരെ ലൈഫ് പദ്ധതിക്കായി ചെലവഴിച്ചു
• 2,301.05 കോടി രൂപ – കേന്ദ്ര വിഹിതം
സർക്കാർ നാല് ഭവന സമുച്ചയങ്ങൾ ഇതിനകം നിർമ്മിച്ച് കൈമാറി. കൂടാതെ ഒരു ഭവനസമുച്ചയം വിലയ്ക്ക് വാങ്ങി ഗുണഭോക്താക്കൾക്ക് നൽകി. അഞ്ച് ഭവനസമുച്ചയങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിച്ച് നൽകി. പാർട്ണർഷിപ്പിലൂടെ രണ്ടും സ്പോൺസർഷിപ്പിലൂടെ രണ്ടും ഭവനസമുച്ചയങ്ങൾ ലഭ്യമാക്കി. ലൈഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് 2000 ഭൂരഹിത, ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി ഒരു കുടുംബത്തിന് പരമാവധി 2.5 ലക്ഷം രൂപ നിരക്കിൽ 50 കോടി രൂപ ധനസഹായം നൽകുന്നതിന് ധാരണാപത്രം ഒപ്പിട്ടു. നാളിതുവരെ 1466 പേർക്ക് ഭൂമി രജിസ്‌ട്രേഷൻ നടത്തി. ഭവനനിർമ്മാണ രംഗത്ത് രാജ്യത്തെ ഏറ്റവും ഉയർന്ന സബ്സിഡി തുകയാണ് കേരളം നൽകുന്നത്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 16.10.2025 വരെ 26.14 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തു.
നഗരവികസനവും നഗരനയ കമ്മിഷനും
നഗരനയ കമ്മിഷൻ ശുപാർശകൾ അനുസരിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെട്രോപൊളിറ്റൻ കമ്മിറ്റികൾ രൂപവൽക്കരിക്കാനും മുനിസിപ്പൽ ബോണ്ട് പുറപ്പെടുവിക്കാനും 2025 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം നടത്തി. കൊച്ചി നഗരത്തിനായുള്ള കൊച്ചി മെട്രോപൊളിറ്റൻ കമ്മിറ്റി ഇതിനകം രൂപവൽക്കരിച്ചിട്ടുണ്ട്.
93 നഗര ഭരണ പ്രദേശങ്ങളിലും മാസ്റ്റർ പ്ലാൻ രൂപവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 48 എണ്ണം അന്തിമ അനുമതി നേടി. ബാക്കിയുള്ളവയിൽ ഒൻപത് എണ്ണം കരട് തയ്യാറായി. നഗരങ്ങളിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി അമൃത് പദ്ധതിയിലൂടെ ആറ് കോർപ്പറേഷനുകളിലും മൂന്ന് നഗരസഭകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു.
അമൃത് ഒന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി 2358 കോടി രൂപയുടെ 1111 പദ്ധതികളിൽ 1658 കോടി രൂപയുടെ 1004 പദ്ധതികൾ പൂർത്തിയാക്കി. 880 കോടി രൂപയുടെ 107 പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിൽ 3514 കോടി രൂപയുടെ 740 പദ്ധതികൾക്ക് ഭരണാനുമതി നൽകി.
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ 1070 കോടി രൂപയിൽ 606.63 കോടി രൂപയുടെ 63 പദ്ധതികൾ പൂർത്തിയാക്കി.തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ 1135.70 കോടി രൂപയിൽ 930.49 കോടി രൂപയുടെ 60 പദ്ധതികൾ പൂർത്തിയാക്കി.
തൊഴിലുറപ്പ്, ക്ഷേമം
തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് വിലയിരുത്തുന്ന പ്രധാന മാനദണ്ഡങ്ങളിൽ കേരളം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു. കേരളത്തിനുള്ള വിഹിതം കേന്ദ്ര സർക്കാർ വർഷംതോറും കുറയ്ക്കുമ്പോഴും ഫലപ്രദമായ വിനിയോഗത്തിലൂടെ 3411.61 കിലോമീറ്റർ റോഡുകളും 37 ഗ്രാമ ചന്തകളും ഈ പദ്ധതിയിലൂടെ സൃഷ്ടിച്ചു. 4100 ഹെക്ടർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി.
തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തിയ ഏക സംസ്ഥാനമാണ് കേരളം. പദ്ധതിയുടെ ഓഡിറ്റ് 100 ശതമാനം പൂർത്തിയാക്കിയ സംസ്ഥാനവും കേരളമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ചെലവിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി.
• 2024-25 ൽ – 30.58 ലക്ഷം തൊഴിൽദിനങ്ങൾ, 165 കോടി രൂപ ചെലവ്
• 2025-26 ൽ – ഇതുവരെ 33.57 കോടി രൂപ ചെലവഴിച്ചു
സംസ്ഥാനത്തെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 200 ദിവസത്തെ തൊഴിൽദിനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള ട്രൈബൽ പ്ലസ് പദ്ധതി നടപ്പിലാക്കി.
മാലിന്യസംസ്‌കരണം – പുതിയ അവബോധം
കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ഉണ്ടായ ഏറ്റവും പ്രകടമായ മാറ്റങ്ങളിൽ ഒന്നാണ് മാലിന്യ പരിപാലന രംഗത്ത് ഉണ്ടായ പുരോഗതി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ വലിച്ചെറിയൽ സംസ്കാരത്തിൽ നിന്ന് ഒരു പരിധിവരെ മോചനം നേടാൻ കഴിഞ്ഞു. വർഷങ്ങളായി അടിഞ്ഞുകൂടിയിരുന്ന മാലിന്യ കൂമ്പാരങ്ങളിൽ പലതും നീക്കം ചെയ്തു.
മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി 2025 മാർച്ച് 30 ന് 1027 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ഖരമാലിന്യമുക്തമായി പ്രഖ്യാപിച്ചു.
രാജ്യത്താദ്യമായി സാന്ത്വനപരിചരണ നയം
പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ച ആദ്യസംസ്ഥാനമാണ് കേരളം. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 1142 പാലിയേറ്റീവ് ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കുടുംബശ്രീ – നവസംരംഭങ്ങളുടെ ശക്തി
• കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 1,05,504 സംരംഭ യൂണിറ്റുകൾ ആരംഭിച്ചു. ഇതുവഴി 1.9 ലക്ഷം കുടുംബങ്ങൾക്ക് ഉപജീവനം ലഭിച്ചു.
• 2024-25 സാമ്പത്തിക വർഷം കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി 3,60,862 പേർക്ക് തൊഴിൽ അവസരം സൃഷ്ടിച്ചു. കാർഷിക മേഖലയിൽ 1,08,195 വനിതകൾ മുഖേന 21,457.13 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചു.
• കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 482 ബ്രോയിലർ ഫാമുകളും 142 ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നു. കേരള ചിക്കൻ പദ്ധതിക്ക് 400 കോടി രൂപയ്ക്കുമേൽ വിറ്റുവരവ് ലഭിച്ചു.
• വിവിധ ഗാർഹിക പരിചരണ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കെ-ഫോർ കെയർ പദ്ധതി നടപ്പിലാക്കി. കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ പോക്കറ്റ്മാർട്ട് ആപ്പ് ആരംഭിച്ചു.
• ADS കൾക്ക് ഒരു ലക്ഷം രൂപ വീതം സ്പെഷ്യൽ റിവോൾവിംഗ് ഫണ്ട് അനുവദിച്ച് ആകെ 95 കോടി രൂപ നൽകി. CDS ചെയർപേഴ്സൺമാരുടെ ഹോണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയായി വർധിപ്പിച്ചു.
• തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കെ-ഡിസ്കുമായി ചേർന്ന് 1,67,284 തൊഴിലുകൾ കണ്ടെത്തി. ഇതിൽ 75,548 പേർക്ക് തൊഴിൽ നൽകി.
വിമുക്തി – ലഹരിവിരുദ്ധ കേരളം
• വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. നിലവിൽ 5862 ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.
• കോളേജുകളിൽ നേർക്കൂട്ടം, ശ്രദ്ധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
• ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയത്തോടെ ഉണർവ്, ടീം വിമുക്തി സ്പോർട്സ് ടീം എന്നീ പദ്ധതികൾ നടപ്പിലാക്കുന്നു.
• ബാല്യം അമൂല്യം പദ്ധതി പ്രൈമറി തലത്തിലെ കുട്ടികൾക്ക് ജീവിത നൈപുണികൾ നൽകുന്നു.
• ലഹരി ഉപയോഗം മൂലം വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന പെരുമാറ്റ മാറ്റങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന നേർവഴി പദ്ധതി വഴി 727 പരാതികൾ പരിഹരിച്ചു.
• ലഹരിമോചന ചികിത്സയ്ക്കായി 14 ജില്ലകളിലും വിമുക്തി ഡീ-അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു.
ഓഫീസുകൾ കയറിയിറങ്ങേണ്ട കാലം കഴിഞ്ഞു
സേവനങ്ങൾ വേഗത്തിലും സുതാര്യമായും ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കാൻ ILGMS എന്ന പ്ലാറ്റ്ഫോം 2022 ഏപ്രിൽ മുതൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കി. അതിന്റെ തുടർച്ചയായി കെ-സ്മാർട്ട് ഏകീകൃത സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം 2025 ഏപ്രിൽ 1 മുതൽ മുഴുവൻ ത്രിതല പഞ്ചായത്തുകളിലും വിന്യസിച്ചു.
കെ-സ്മാർട്ടിലൂടെ ഇതിനകം ഒരു കോടിയിലേറെ ഫയലുകൾ കൈകാര്യം ചെയ്തു. അതിൽ 9 ലക്ഷം ഫയലുകൾ ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കി. 21.5 ലക്ഷം അപേക്ഷകൾ ഒരു ദിവസത്തിനകം തീർപ്പാക്കി. ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങളിൽ വലിയ മാറ്റം വന്നതോടെ സേവനങ്ങൾ അതിവേഗത്തിൽ ലഭ്യമാകുന്ന സംവിധാനമായി മാറി.