ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ

സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.

 

ഭൂമിയുടെ അവകാശം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം ഭൂരേഖകളുടെ നവീകരണവും ഡിജിറ്റലൈസേഷനും റവന്യൂ സേവനങ്ങളുടെ ആധുനികവൽക്കരണവും ഈ കാലഘട്ടത്തിലെ പ്രധാന നേട്ടങ്ങളായി മാറി.

 

എല്ലാവർക്കും ഭൂമി – എല്ലാ ഭൂമിക്കും രേഖ

2016 മുതൽ 2021 വരെ കാലയളവിൽ 1,77,011 പട്ടയങ്ങളും, 2021 മുതൽ നാളിതുവരെ 2,23,945 പട്ടയങ്ങളും, ഉൾപ്പെടെ 4,10,956 പട്ടയങ്ങൾ വിതരണം ചെയ്തു. കാൽ ലക്ഷത്തോളം പട്ടയങ്ങൾ കൂടി വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

 

പട്ടയ വിതരണത്തിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ഓരോ വില്ലേജിലെയും ഭൂരഹിതരുടെ എണ്ണം, ഭൂലഭ്യത എന്നിവ കണ്ടെത്തി രേഖപ്പെടുത്താനും ഡാഷ്ബോർഡ് സംവിധാനം സജ്ജമാക്കി. സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂവുടമകളാക്കുക എന്ന ലക്ഷ്യത്തോടെ പട്ടയ മിഷൻ രൂപീകരിച്ചു. എംഎൽഎമാരുടെ അധ്യക്ഷതയിൽ നിയോജകമണ്ഡലങ്ങളിലെ എല്ലാ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികൾ സംഘടിപ്പിച്ചു. ഇവ വഴി കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി നേരിട്ട് പങ്കെടുക്കുന്ന ഓൺലൈൻ അദാലത്തുകളും സംഘടിപ്പിച്ചു.

 

വനഭൂമിയിൽ നിന്നും ഹിൽമെൻ സെറ്റിൽമെന്റുകൾക്കായി കൈമാറിയ ഭൂമി കൈവശം വച്ച് വരുന്നവർക്ക് കേന്ദ്രാനുമതി ഇല്ലാതെ തന്നെ പട്ടയം നൽകുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ 20,000, കോട്ടയം ജില്ലയിൽ 10,000, എറണാകുളം ജില്ലയിൽ 7,000 പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനാവശ്യമായ സ്പെഷ്യൽ ഓഫീസുകളും രൂപീകരിച്ചു. കൂടാതെ, വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ ജില്ലാകളക്ടർമാർക്ക് അധികാരം നൽകി.

 

ഭൂപ്രശ്നങ്ങൾക്ക് പരിഹാരം – കുടുംബങ്ങൾക്ക് ആശ്വാസം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ റവന്യൂ വകുപ്പ് ഇടപെട്ടു.  മലപ്പുറം ഏറനാട് താലൂക്കിലെ സത്രം ഭൂമി പ്രശ്നം പരിഹരിച്ചു. തിരൂരിലെ കൊടയ്ക്കൽ ടൈൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന മിച്ചഭൂമി കൈവശം വച്ചിരുന്ന 120 കുടുംബങ്ങളുടെ പട്ടയപ്രശ്നം പരിഹരിച്ചു. തളിപ്പറമ്പ് താലൂക്കിലെ മൊറാഴ പട്ടയ പ്രശ്നം പരിഹരിച്ചതോടെ 135 കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമായി. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് ബളാൽ വില്ലേജിലെ പ്രകാശ് പ്ലാൻ്റേഷൻ ഭൂമി വാങ്ങിയ 154 പേർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു. 1970 മുതൽ നിലനിന്നിരുന്ന വയനാട് മക്കിമല ഭൂമിപ്രശ്നം പരിഹരിച്ചതോടെ പട്ടികവർഗ്ഗക്കാർ ഉൾപ്പെടെയുള്ള 700 കുടുംബങ്ങൾക്ക് ആശ്വാസമായി. തൃശൂർ ജില്ലയിലെ അവണൂർ വില്ലേജിൽ സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു.പീച്ചി അണക്കെട്ട് നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഒളകരയിലെ 43 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ രേഖ ലഭ്യമാക്കി. കോട്ടയം ജില്ലയിലെ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചതിലൂടെ 1900 പേർക്ക് പട്ടയം നൽകാനായി. കോഴിക്കോട് നൊച്ചാട് വില്ലേജിലെ 60 കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കൽ, മലബാർ പ്രദേശത്ത് രാജഭരണകാലം മുതൽ നിലനിന്നിരുന്ന നികുതി കെട്ടാത്ത ഭൂമി പ്രശ്നത്തിന് പരിഹാരം, കേരളത്തിന്റെ തീരപ്രദേശങ്ങളിലെ കടൽ പുറമ്പോക്കിൽ താമസിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ എന്നിവയും ശ്രദ്ധേയമായ ഇടപെടലുകളാണ്.

 

ഭൂമി തരംമാറ്റം – ജനങ്ങൾക്ക് സഹായകരമായ നടപടികൾ

ഭവനനിർമ്മാണ ആവശ്യങ്ങൾക്കായി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ അന്തഃസത്ത നിലനിർത്തിക്കൊണ്ട് 25 സെൻ്റ് വരെയുള്ള ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകളിൽ പരിഹാരം കാണാൻ ഊർജിത ശ്രമങ്ങൾ നടത്തി. സമയബന്ധിതമായ നടപടികൾക്കായി സ്പെഷ്യൽ സെല്ലുകൾ രൂപീകരിക്കുകയും 990 തസ്തികകൾ താത്കാലികമായി സൃഷ്ടിക്കുകയും ചെയ്തു. അപേക്ഷകൾ കൂടുതലുള്ള 680 വില്ലേജുകളിൽ വാഹനസൗകര്യവും ഐ.ടി. ഉപകരണങ്ങളും വാങ്ങുന്നതിനായി 59.99 കോടി രൂപ അനുവദിച്ചു.

 

വനഗ്രാമങ്ങൾ റവന്യൂ ഗ്രാമങ്ങളായി

വനമേഖലയിൽ അവകാശങ്ങളില്ലാതെ കഴിയുന്ന ആദിവാസി സമൂഹത്തെ ഭൂമിയുടെ അവകാശികളാക്കി മാറ്റുകയും അവർക്ക് എല്ലാ വിധ റവന്യൂ അവകാശങ്ങളും നൽകുകയും ചെയ്ത് വനഗ്രാമങ്ങളെ റവന്യൂ ഗ്രാമങ്ങളാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.

 

സ്മാർട്ട് വില്ലേജുകളും ഇ-സേവനങ്ങളും

സംസ്ഥാനത്ത് ഇതുവരെ 600 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കി മാറ്റി. മുന്നൂറിലധികം ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ റവന്യൂ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി.ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴി 10 ലക്ഷത്തിലധികം സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു. വില്ലേജ് ഓഫീസിൽ പോകാതെ ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കി.സർക്കാർ ഭൂമിയിലെ അനധികൃത മരംമുറി, ധാതു ഖനനം, മണൽ ഖനനം തുടങ്ങിയവ അറിയിക്കാൻ അലെർട്ട് ഓൺലൈൻ സംവിധാനം ആരംഭിച്ചു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിനായി ഓൺലൈൻ HRMS നടപ്പാക്കി.

 

ഡിജിറ്റൽ റീ സർവെ പൂർത്തിയായ വില്ലേജുകളിൽ ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേർ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്തെ 1666 വില്ലേജുകളിലെ BTR തണ്ടപ്പേർ രജിസ്റ്ററുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കി.ഭൂനികുതി, കെട്ടിടനികുതി, റവന്യൂ റിക്കവറി തുടങ്ങിയവ ഇ-പോസ് മെഷീൻ, UPI എന്നിവ വഴി സ്വീകരിക്കുന്ന ഇ-പേയ്മെന്റ് പോർട്ടൽ നടപ്പാക്കി. പ്രവാസികൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ മിത്രം പോർട്ടൽ, റവന്യൂ മന്ത്രിയെ നേരിട്ട് സമീപിക്കാനുള്ള RM സെൽ, എല്ലാ വില്ലേജ് ഓഫീസുകൾക്കും പ്രത്യേക വെബ്സൈറ്റുകൾ എന്നിവയും നടപ്പാക്കി.

 

ഡിജിറ്റൽ സർവെ – ഭൂവിവരങ്ങളുടെ നവീകരണം

സർവെ ഭൂരേഖാ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ റീ സർവെ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാൻ “എന്റെ ഭൂമി” സമഗ്ര പോർട്ടൽ വികസിപ്പിച്ചു.റീബിൽഡ് കേരള ഇൻീഷ്യേറ്റീവിൽ ഉൾപ്പെടുത്തി 858 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തിനായി 451 കോടി രൂപ സർവെ വകുപ്പിന് അനുവദിച്ചു.560 വില്ലേജുകളിൽ ഡിജിറ്റൽ സർവെ ആരംഭിച്ചു. സർവെ പൂർത്തിയായ 363 വില്ലേജുകളിൽ 9(2) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായി 9,21,260.5 ഹെക്ടർ ഭൂമി ഡിജിറ്റലായി അളന്നു. 67,48,559 ലാൻഡ് പാർസലുകൾ അളന്നുകഴിഞ്ഞു. മാർച്ച് മാസത്തോടെ 10 ലക്ഷം ഹെക്ടർ ഭൂമിയുടെ അളവ് പൂർത്തിയാക്കും.

 

ഡിജിറ്റൽ സർവെ കോൺക്ലേവ്

“Digital Land Survey – Innovation, Integration and Impact” എന്ന പ്രമേയത്തിൽ തിരുവനന്തപുരത്ത് ദേശീയ ഡിജിറ്റൽ സർവെ കോൺക്ലേവ് സംഘടിപ്പിച്ചു. കേരളത്തിന്റെ ഭൂസർവെയും ഭൂരേഖാപരിപാലനവും ഉൾക്കൊള്ളുന്ന സർവെ മ്യൂസിയം തിരുവനന്തപുരത്ത് നിർമ്മിക്കുന്നു.

 

ഭവനനിർമ്മാണവകുപ്പിന്റെ പദ്ധതികൾ

മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ കൂട്ടിരിപ്പുകാർക്കായി ആശ്വാസ് വാടക വീട് പദ്ധതി നടപ്പാക്കി. ഭവനരഹിതർക്കായി ഗൃഹശ്രീ പദ്ധതിയിൽ 4000 വീടുകൾ പൂർത്തിയാക്കി. വയോജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി വാർധക്യസൗഹൃദ ഭവനങ്ങളും വെൽനെസ് സെന്ററുകളും ആരംഭിച്ചു. വനിതാ ശിശുക്ഷേമ വകുപ്പുമായി ചേർന്ന് തന്റെ ഇടം പദ്ധതി, കൊച്ചിയിൽ മറൈൻ ഇക്കോസിറ്റി, കാട്ടാക്കടയിൽ താങ്ങും തണലും സുസ്ഥിര പാർപ്പിട പദ്ധതി, തിരുവല്ലം വാഴമുട്ടത്ത് നാഷണൽ ഹൗസിങ് പാർക്ക് എന്നിവ നടപ്പാക്കുന്നു. നിർമാണ സാങ്കേതിക വിദ്യയിൽ പുതുമകൾ ഉൾപ്പെടുത്തി KESNIC ബിൽഡിങ് ടെക്നോളജി ഇന്നവേഷൻ ആൻഡ് എക്സിബിഷൻ സെന്റർ, നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്ന മൊബൈൽ ടെസ്റ്റിംഗ് ലാബ്, സംസ്ഥാനത്ത് ആദ്യമായി 3D പ്രിന്റഡ് ബിൽഡിങ് സാങ്കേതികവിദ്യ എന്നിവയും നടപ്പാക്കി.

അനുബന്ധ ലേഖനങ്ങൾ

പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കുന്ന കേരളം: വ്യവസായ വളർച്ചയുടെ പുതിയ അധ്യായം
മികച്ച മനുഷ്യവിഭവശേഷിയും അനുകൂല കാലാവസ്ഥയും ശക്തമായ കണക്റ്റിവിറ്റി സംവിധാനങ്ങളും കൈവശമുള്ള കേരളം ഇന്ന് ലോകത്തിനുമുന്നിൽ പുതിയ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ആഗോള തിരിച്ചറിയലിനൊപ്പം, നിക്ഷേപകരുടെയും സംരംഭകരുടെയും വിശ്വസ്ത ലക്ഷ്യസ്ഥാനമായും കേരളം ഉയർന്നുവരുന്നു.
കൂടുതൽ വിവരങ്ങൾ
പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ