കർഷക ക്ഷേമവും കാർഷിക വികസനവും, മുന്നേത്തിന്റെ പാതയിൽ കേരളം

ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു. 

 

വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്. കാലാവസ്ഥാ വ്യതിയാനം, വിഭവ പരിമിതികള്‍, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും, വൈവിധ്യവല്‍ക്കരണം, സാങ്കേതിക വിദ്യകളുടെ ഉള്‍പ്പെടുത്തല്‍, സ്ഥാപനപരമായ പിന്തുണ എന്നിവയിലൂടെ കാർഷിക മേഖല ചെറുത്തുനില്‍പ്പ് തെളിയിച്ചിട്ടുണ്ട്. 

 

2024-25 കാലയളവിലെ ഭൂവിനിയോഗ കണക്ക് പ്രകാരം, സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറില്‍, മൊത്തം കൃഷി വിസ്തൃതി 25.15 ലക്ഷം ഹെക്ടറും (64.71 ശതമാനം) യഥാര്‍ത്ഥ കൃഷി വിസ്തൃതി 19.67 ലക്ഷം ഹെക്ടറുമാണ് (50.61ശതമാനം). സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 30.44 ശതമാനം തെങ്ങ് കൃഷിയാണ്, 21.78 ശതമാനമാണ് റബ്ബര്‍ കൃഷി. 

 

2024-25 ല്‍ സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 7.01 ശതമാനം നെല്‍കൃഷിയായിരുന്നു. ‘നെല്ല് വികസന’ പദ്ധതിയിലൂടെ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനത്തെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. കുട്ടനാട്, ഓണാട്ടുകര, പൊക്കാളി, കോള്‍, പാലക്കാട്, വയനാട്, കൈപ്പാട് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിലെ നെല്‍കൃഷി പ്രോത്സാഹനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

 

പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനം ‘പച്ചക്കറി വികസന’ പദ്ധതി നടപ്പിലാക്കി വരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനായി കാര്‍ഷിക കോളേജ്, വെള്ളായണിയിലെ പെസ്റ്റിസൈഡ് റസിഡ്യൂ റിസര്‍ച്ച് ആന്റ് അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ ‘കെ.എ.യു സേഫ്ടു ഈറ്റ്’ എന്ന പ്രോജക്ട് നടപ്പിലാക്കുന്നു.

 

സംസ്ഥാനത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും കുടുംബശ്രീ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലേക്ക് (ജെ.എല്‍.ജി) സ്ത്രീകളെ അണിനിരത്തിയും കൂട്ടു കൃഷി പ്രോത്സാഹിപ്പിച്ചും, ഉപജീവനമാര്‍ഗ്ഗങ്ങളും ഭക്ഷ്യസുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതില്‍ കുടുംബശ്രീ നിര്‍ണായക പങ്ക് വഹിക്കുന്നു. വനിതാ ജെ.എല്‍.ജി കളുടെ നേതൃത്വത്തിലുള്ള പാട്ട കൃഷി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സജീവമായി ഇടപെട്ടു.

 

ജെ.എല്‍.ജി കളുടെ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കുടുംബശ്രീ, ‘നാട്ടുചന്ത’ എന്ന പേരില്‍ ആഴ്ചതോറുമുള്ള വിപണികള്‍ നടത്തുകയും ആകെ 31,376 നാട്ടുചന്തകള്‍ സംഘടിപ്പിച്ച്, 16.48 കോടി രൂപയുടെ വരുമാനം നേടുകയും ചെയ്തു. കുടുംബശ്രീ ഓണക്കാലത്ത് നടത്തിയ ‘ഓണക്കണി’, ‘നിറപൊലിമ’ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ, പച്ചക്കറി വിപണിയില്‍ നിന്ന് 7.79 കോടി രൂപയുടെയും പൂക്കളില്‍ നിന്ന് 3 കോടി രൂപയുടെയും വിറ്റുവരവ് നേടി. 

 

കേരളത്തിലെ കർഷകരുടെ സാമ്പത്തിക സുരക്ഷ, വരുമാന വർധന, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ ക്ഷേമപദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു. കേരള കർഷക ക്ഷേമനിധി ബോർഡ് പെൻഷൻ പദ്ധതി, കർഷകശ്രീ പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി എന്നിവ അതിൽ ഉൾപ്പെടുന്നു. കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് വിതരണം ചെയ്യുന്നതിനായി, കൃഷി വകുപ്പ് ‘ഓണസമൃദ്ധി’ പഴം, പച്ചക്കറി വിപണികള്‍ സംഘടിപ്പിച്ചു. 2024-25 ല്‍ ആകെ 1,956 ഓണം വിപണികള്‍ നടത്തി. ഇതില്‍ കൃഷി വകുപ്പിന്റെ 1,076 വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ 720 വിപണികളും, വി.എഫ്.പി.സി.കെ യുടെ 160 വിപണികളും ഉള്‍പ്പെടുന്നു.

അനുബന്ധ ലേഖനങ്ങൾ

സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ