കേരളത്തിന്റെ ഭരണചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ച്, ജനങ്ങളും സർക്കാരും തമ്മിലുള്ള അകലം കുറയ്ക്കാനായി ''മുഖ്യമന്ത്രി എന്നോടൊപ്പം - CM with ME' എന്ന സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിച്ച് സർക്കാർ. സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ ജനങ്ങളെ സജീവ പങ്കാളികളാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരാതിപരിഹാര സംവിധാനത്തിന്റെ പരിധി കവിയുന്ന രീതിയിൽ, ഭരണനിർവഹണത്തിലും നയരൂപീകരണത്തിലും ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു പുതിയ കേന്ദ്രമായി ഇത് പ്രവർത്തിക്കും. ജനങ്ങൾ വികസനത്തിന്റെ ഉപഭോക്താക്കൾ മാത്രമല്ല, മറിച്ച് നാടിന്റെ ഭാവിയെ നിർണ്ണയിക്കുന്ന 'സഹശില്പികളാണ്' എന്ന കാഴ്ചപ്പാടാണ് പദ്ധതിയുടെ അടിസ്ഥാനം.

പദ്ധതിയുടെ ഭാഗമായി പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമനിധികൾ, ദുരിതാശ്വാസ ഫണ്ടുകൾ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് വൈകാതെ വിരൽത്തുമ്പിൽ ലഭ്യമാക്കും. ഇതിലൂടെ വിവരലഭ്യതയിലെ കുറവുകൾ മൂലം ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. പദ്ധതികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുകയും, അതൊരു ജനകീയ ഓഡിറ്റിന്റെ രീതിയിൽ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

ഭവനം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിൽ സർക്കാർ നടപ്പിലാക്കുന്ന നവകേരള മിഷൻ സംരംഭങ്ങളിൽ ജനങ്ങളുടെ നിർദ്ദേശങ്ങളും വിലയിരുത്തലുകളും ഉൾപ്പെടുത്തും. ഇതിലൂടെ നയങ്ങൾ കൂടുതൽ ജനകീയമാകുകയും പദ്ധതികൾക്ക് ജനങ്ങളിലെത്തുമ്പോൾ സ്വീകാര്യതയും വിശ്വാസ്യതയും വർദ്ധിക്കുകയും ചെയ്യും. പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് സമയബന്ധിതമായ മറുപടിയും കൃത്യമായ ട്രാക്കിങ് സംവിധാനവും ഉറപ്പുവരുത്തുന്നതിനാൽ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തബോധവും സേവനങ്ങളുടെ വേഗതയും വർദ്ധിക്കും.

സർക്കാരും ജനങ്ങളും തമ്മിൽ സ്ഥിരമായ ആശയവിനിമയ സംവിധാനം സൃഷ്ടിക്കുന്നതിനാൽ ഭരണത്തിൽ സുതാര്യതയും ജനപങ്കാളിത്തവും ഗണ്യമായി ഉയരും. പ്രളയം, മഹാമാരി പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായങ്ങളും വേഗത്തിൽ ജനങ്ങളിലെത്തിക്കുന്നതിനുള്ള വിശ്വസ്തമായ സംവിധാനമായി ''സി എം വിത്ത് മി'' പ്രവർത്തിക്കും.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ സർക്കാർ ഏജൻസികളും വകുപ്പുകളും ഏകോപിപ്പിക്കുന്ന ശക്തമായ നിർവ്വഹണ സംവിധാനമാണ് രൂപീകരിക്കുന്നത്. സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യ വിഭവശേഷി എന്നിവ ഒരുക്കാനുള്ള നിർണായക ചുമതല കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനാണ് (KIIFB). പദ്ധതിയുടെ പ്രതിദിന പ്രവർത്തനങ്ങൾക്കായി കെ.എ.എസ്. ഓഫീസർമാർ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ സർക്കാർ ജീവനക്കാരെ നിയോഗിക്കും. പദ്ധതിയുടെ മേൽനോട്ടത്തിനായി ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയെ ജനങ്ങളിലെത്തിക്കാനും, അവരുടെ അഭിപ്രായങ്ങൾ ശേഖരിക്കാനുമായി വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD)യ്ക്ക് 20 കോടി രൂപയുടെ അധിക ധനസഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ മൊത്തത്തിലുള്ള മേൽനോട്ടവും ഗുണനിലവാര നിയന്ത്രണവും വകുപ്പിനായിരിക്കും. തിരുവനന്തപുരം വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാണ് ഈ അത്യാധുനിക സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തിക്കുക. ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ മന്ത്രിസഭ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

''മുഖ്യമന്ത്രി എന്നോടൊപ്പം - CM with ME' പദ്ധതി കേരളത്തിന്റെ പങ്കാളിത്ത ഭരണ മാതൃകയ്ക്ക് ഒരു പുതിയ ദിശാബോധം നൽകും. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജനകീയ ഭരണ സംവിധാനം സംസ്ഥാനത്തിന്റെ ഭരണനിർവഹണത്തെ കൂടുതൽ സൗഹൃദപരവും സുതാര്യവുമാക്കുകയും, സംസ്ഥാനത്തിന്റെ സുസ്ഥിരമായ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യും. ഭരണകൂടത്തിലും പൊതുസമൂഹത്തിലും പുതുമയുള്ള ഉണർവ് സൃഷ്ടിക്കുന്നതിന് ഈ ജനകീയ സംരംഭം വലിയൊരു ചുവടുവയ്പ്പായിരിക്കും.

'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്ട് സെന്റർ 2025 സെപ്റ്റംബർ 29ന് പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെ  ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കാം.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-29 12:41:31

ലേഖനം നമ്പർ: 1871

sitelisthead