സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെ കൂടുതൽ സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ആദ്യമായി സമഗ്ര ഇ.എസ്.ജി നയത്തിന് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. വ്യവസായ, സംരംഭക പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവ്വഹണ ചട്ടക്കൂട് പ്രയോഗത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇ.എസ്. ജി നയത്തിന് (Environment, Social and Governance (ESG) Policy) രൂപം നൽകിയത്. സബ്സിഡികളും സാമ്പത്തിക സഹായവും ഉൾപ്പെടെയുള്ള വിപുലമായ സർക്കാർ പിന്തുണയും ഈ നയത്തിന്റെ ഭാഗമായി ലഭ്യമാകും.
ഇ.എസ്.ജി തത്വങ്ങൾ പാലിക്കുന്ന നിക്ഷേപങ്ങളെ ആകർഷിച്ച്, അത്തരം നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്ഥലമായി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. സമഗ്രമായ ഇ.എസ്.ജി നയം അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം ഇതിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പ്രകൃതി, ജനങ്ങൾ, വ്യവസായം എന്നതാണ് കേരളം മുന്നോട്ടുവെക്കുന്ന നയം. പരിസ്ഥിതിക്കിണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിർവണം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേരളം നയം നടപ്പാക്കുന്നത്. പരിസ്ഥിതി ലക്ഷ്യങ്ങൾ, സാമൂഹിക പ്രതിബദ്ധതകൾ, ഭരണ നടപടികൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, അവബോധവും ശേഷി വർദ്ധിപ്പിക്കലും എന്നിവയാണ് സംസ്ഥാന ഇ.എസ്.ജി നയത്തിന്റെ പ്രധാന സവിശേഷതകൾ.
നയം പ്രയോഗികമാകുന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ നിലവിലുള്ള സംരംഭകർക്കും ഇ.എസ്.ജി മൂല്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കും. സ്കൂൾ-സർവകലാശാലാ പാഠ്യപദ്ധതി സംയോജനം, പരിശീലന വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുക. ദേശീയ (BRSR), അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി (GRI, SASB, TCFD) ബന്ധപ്പെടുത്തി കേരളത്തിനായി ഒരു ഇ.എസ്.ജി റിപ്പോർട്ടിംഗ് സംവിധാനം വികസിപ്പിക്കും. ഇ.എസ്.ജി റേറ്റിംഗുകളും അവാർഡുകളും നടപ്പാക്കും. ഡിജിറ്റൽ ഇ-പോർട്ടൽ വികസിപ്പിക്കും. കൂടാതെ കേരളത്തെ ഇ.എസ്.ജി സംസ്ഥാനമായി ബ്രാൻഡ് ചെയ്യും.
ഇ.എസ്.ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്‌സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. ഇ.എസ്.ജി പദ്ധതികൾക്ക് 5 വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100 ശതമാനം റീഇംബേഴ്‌സ്‌മെന്റ് നൽകും. സ്ഥിര മൂലധന നിക്ഷേപത്തിന് 10 ശതമാനം സബ്സിഡി (50 ലക്ഷം രൂപ വരെ) നൽകും. യന്ത്രസാമഗ്രികൾക്കും സാങ്കേതികവിദ്യകൾക്കും കെ.എസ്.ഐ.ഡി.സി കുറഞ്ഞ നിരക്കിലുള്ള വായ്പകൾ നൽകും. പ്രാദേശിക സംരംഭങ്ങൾക്കുള്ള സർക്കാർ സംഭരണത്തിൽ 20 ശതമാനം മാർജിൻ നൽകും. പ്രോജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സഹായം നൽകുന്നതിന് എം.എസ്.എം.ഇ ക്ലിനിക്കുകൾ സ്ഥാപിക്കും. സംരംഭകത്വ പിന്തുണ പദ്ധതി, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, വിപണി പിന്തുണ, ഇ.എസ്.ജിയിലേക്ക് മാറുന്നതിന് നിലവിലുള്ള സംരംഭങ്ങൾക്ക് സബ്സിഡി എന്നിവ നടപ്പാക്കും.
2040 ആകുമ്പോഴേക്കും പൂർണ്ണമായും പുനരുപയോഗ ഊർജ്ജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നുണ്ട്. സോളാർ പാർക്കുകൾ, ഫ്ലോട്ടിംഗ് സോളാർ, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക, വൈവിധ്യവും ഉൾപ്പെടുത്തലും ഉറപ്പാക്കുക, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുക, തൊഴിൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുക, സിഎസ്‌ആർ, ക്ഷേമ സംരംഭങ്ങൾ എന്നിവയിലൂടെ സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുക, അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുക, സുതാര്യത ശക്തിപ്പെടുത്തുക, ഇ.എസ്.ജി വെളിപ്പെടുത്തലുകൾ നിർബന്ധമാക്കുക എന്നിവയും ലക്ഷ്യമായി നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ.എസ്.ജി നയം നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഐ.ഡി.സി പ്രവർത്തിക്കും. 2030 വരെ അഞ്ച് വർഷത്തേക്കാണ് ഇപ്പോഴത്തെ നയം പ്രാബല്യത്തിലുണ്ടാവുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-08 11:17:17
ലേഖനം നമ്പർ: 1883