
പൊതുജനാരോഗ്യ സേവനം ഉറപ്പാക്കുന്നതിന് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപി) പുതിയ 15 മരുന്നുകൾ വിപണിയിലെത്തിക്കുന്നു. ആന്റിബയോട്ടിക്, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയാണ് കെഎസ്‌ഡിപിയുടെ ബ്രാൻഡിൽ പൊതുജനങ്ങളിലെത്തുക. ഇവ പൊതുവിപണിയേക്കാൾ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.
‘കേരാംസോൾ’ എന്ന പേരിൽ കഫ് സിറപ്പ്, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ‘കേരമൈസിൻ’ എന്ന പേരിൽ അസിത്രോമൈസിൻ ആന്റിബയോട്ടിക് ഗുളിക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയ്ക്ക് ‘കേരാ പിപ്പ്‌റ്റസ്’ എന്ന പേരിൽ പിപ്പെരാസിലിൻ, ടാസോബാക്ടം ഇൻജക്ഷൻ എന്നിവയാകും ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. മൂന്ന് ബ്രാൻഡുകൾക്കും കേന്ദ്രസർക്കാർ ട്രേഡ് മാർക്ക് രജിസ്‌ട്രിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്‌റ്റോറുകൾ വഴിയും മരുന്നുകൾ ലഭ്യമാകും.
രണ്ടാം ഘട്ടത്തിൽ മറ്റ് 12 മരുന്നുകൾ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് വിപണിയിലെത്തും. മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കെഎസ്ഡിപി ‘മെഡി മാർട്ട്’ എന്ന പേരിൽ ചില്ലറവ്യാപാര ശൃംഖലയും ആരംഭിക്കും. ആലപ്പുഴ ജില്ലയിലെ കലവൂരിൽ ആരംഭിക്കുന്ന വിൽപ്പനകേന്ദ്രം പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. കെഎസ്‌ഡിപിയുടെയും സ്വകാര്യ കമ്പനികളുടെയും മരുന്നുകൾ വിപണിവിലയേക്കാൾ കുറവിൽ ലഭ്യമാക്കാനാണ് മെഡി മാർട്ട് നടപ്പാക്കുന്നത്. സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് മരുന്നുകൾ കെഎസ്‌ഡിപി പുറത്തിറക്കുന്നത്.
ജനസൗഹൃദമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുവാനാണ് കെഎസ്ഡിപി പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള ഈ സംരംഭം ആരോഗ്യ മേഖലയിലെ സാമൂഹ്യനീതിയുടെയും സാമ്പത്തിക ജാഗ്രതയുടെയും ഉദാത്തമായ ഉദാഹരണമായി മാറും.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-08 14:33:45
ലേഖനം നമ്പർ: 1748