
ദേശീയ തലത്തിൽ മാതൃകയായൊരുക്കി സമഗ്ര പാലിയേറ്റീവ് പരിചരണം ഉറപ്പാക്കാൻ 'കേരള കെയർ' എന്ന പേരിൽ പാലിയേറ്റീവ് കെയർ ഗ്രിഡ് പദ്ധതി അവതരിപ്പിച്ച് കേരളം. പാലിയേറ്റീവ് പരിചരണ രംഗത്ത് സംസ്ഥാനം നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് പാലിയേറ്റീവ് കെയർ ഗ്രിഡ്. ഗുരുതര രോഗബാധിതർക്കും കുടുംബങ്ങൾക്കും ചികിത്സാപരവും സാമൂഹ്യവും മാനസികവുമായ ഗൃഹ കേന്ദ്രീകൃത പരിചരണം ഉറപ്പാക്കുക എന്നതാണ് കേരള കെയർ പദ്ധതിയുടെ ലക്ഷ്യം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സമഗ്ര പാലിയേറ്റീവ് പരിചരണം ഉറപ്പാക്കാൻ സർക്കാർ, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും ഉൾക്കൊള്ളിച്ചു കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്.
പുതിയ രോഗികളെ രജിസ്റ്റർ ചെയ്ത് തുടർപരിചരണം നൽകൽ, സന്നദ്ധ പ്രവർത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നൽകൽ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നൽകൽ, പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഡാഷ് ബോർഡ്, പൊതുജനങ്ങൾക്കുള്ള ഡാഷ് ബോർഡ് എന്നിവയാണ് പാലിയേറ്റീവ് കെയർ ഗ്രിഡിലൂടെ നിർവഹിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്.
ടെസ്റ്റ് റൺ, സെക്യൂരിറ്റി ഓഡിറ്റ് എന്നിവ പൂർത്തിയാക്കിയാണ് ഗ്രിഡ് സജ്ജമാക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് പാലിയേറ്റീവ് പരിചരണം നടപ്പാക്കി വരുന്നത്. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി രൂപകൽപ്പന ചെയ്ത സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ രോഗികൾക്ക് കൂടുതൽ മികച്ച സേവനം നൽകുന്നതിനായി, അവരുടെ സമീപ പ്രദേശങ്ങളിൽ തന്നെ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കും. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കാൻ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചത്.
ഇന്ത്യയിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. 2000ത്തോളം ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്ന സംസ്ഥാനത്ത് 1,00,000 സന്നദ്ധ പ്രവർത്തകരാണ് 1,50,000ത്തോളം കിടപ്പുരോഗികളുടെ പരിചരണത്തിന് സജ്ജരായിട്ടുള്ളത്. കേരളത്തിലെ സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുകയും പ്രവർത്തനങ്ങളെ മാതൃകയായി അംഗീകരിക്കുകയും ചെയ്തു.
പാലിയേറ്റീവ് കെയർ ഗ്രിഡ് കേരള കെയർ : kerala.care
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-03 16:28:15
ലേഖനം നമ്പർ: 1711