
വ്യാവസായിക-വ്യാപാര രംഗത്ത് ശാക്തീകരണം ഉറപ്പാക്കുന്നതിന് സ്ത്രീ സംരംഭകർക്കായി പ്രദർശന- വിപണന മേള എസ്കലേറയുമായി വനിതാ വികസന കോർപ്പറേഷൻ. വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റം ലക്ഷ്യമാക്കിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകരെ ഉൾപ്പെടുത്തി മേള സംഘടിപ്പിക്കുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് (ആർഡിആർ ഓഡിറ്റോറിയം, ഇടപ്പഴഞ്ഞി ) ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ എസ്കലേറ നടക്കും. ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
സ്ത്രീകൾക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും അധഃസ്ഥിതരുമായ വിഭാഗങ്ങളിൽപ്പെട്ടവരുടെ സാമ്പത്തികവും സാമൂഹികവുമായ അവസരങ്ങൾ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിത വികസന കോർപറേഷൻ പ്രവർത്തിക്കുന്നത്. കോർപ്പറേഷന്റെ സഹായഹസ്തം നിരവധി സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുകയും ചെയ്തു. വനിത വികസന കോർപറേഷൻ സ്ത്രീകളുടെ സമഗ്രവികസനത്തിന്റെ ഭാഗമായി ലിംഗ ബോധവൽക്കരണ പരിപാടികൾ, കരിയർ ഗ്രൂമിംഗ് സേവനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, വനിതാ സംരംഭകർക്കുള്ള ലോൺ വിതരണ പരിപാടികൾ, കോർപ്പറേറ്റ് തൊഴിൽ സാഹചര്യങ്ങളുമായി പെൺകുട്ടികളെ ഇണക്കാനുള്ള ഫിനിഷിംഗ് സ്‌കൂൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
സ്വയംതൊഴിൽ രംഗത്തുള്ള വനിതാ സംരംഭകർക്ക് വിപണി കണ്ടെത്തുന്നതിന് സഹായിക്കുന്നതാണ് എസ്കലേറ പ്രദർശന- വിപണന മേള. തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും മേളയിലുണ്ടാകും. സംരംഭകരുടെ തനത് ഉത്പന്നങ്ങളാണ് മേളയിലുള്ളത്. റെഡിമെയ്ഡ് കൈത്തറി വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ ഉത്പന്നങ്ങൾ, ശുദ്ധമായ തേൻ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങളും മേളയിലുണ്ടാകും.
30 വയസ്സിന് മുകളിൽ പ്രായമുള്ളവരിലെ കാൻസർ കണ്ടെത്തുന്നതിനായി ആരോഗ്യം ആനന്ദം എന്ന പേരിൽ ആരോഗ്യവകുപ്പ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി സൗജന്യ സ്ക്രീനിംഗ് നടത്തും. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, സെർവിക്കൽ കാൻസർ തുടങ്ങിയവയുടെ സ്ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ ക്യാമ്പയിൻ സഹായിക്കും. ഭക്ഷ്യമേള, കലാസന്ധ്യ തുടങ്ങിയവയും എസ്കലേറയുടെ ഭാഗമാകും. 2023 ഓഗസ്റ്റിൽ ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച എസ്‌കലേറെയുടെ ആദ്യ പതിപ്പിന് മികച്ച ജനപിന്തുണയും പ്രതികരണവും ലഭിച്ചിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-22 14:55:29
ലേഖനം നമ്പർ: 1705