സംസ്ഥാനത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന മേൽപ്പാലങ്ങളുടെ അടിഭാഗങ്ങൾ ജനസൗഹൃദ പൊതുയിടങ്ങളാക്കി മാറ്റുകയെന്ന ടൂറിസം വകുപ്പിന്റെ അഭിമാന പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ആദ്യ വി പാർക്ക്  കൊല്ലം ടൗൺഹാളിന് എതിർവശം റെയിൽവേ മേൽപ്പാലത്തിനടിയിൽ യാഥാർത്ഥ്യമായി. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയാണ് ടൂറിസം വകുപ്പ് രണ്ട് കോടി രൂപ ചെലവഴിച്ച് പാർക്കായി ഒരുക്കിയത്.

പാലങ്ങൾക്കടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ നവീകരിച്ച് നടപ്പാതകൾ, കളിസ്ഥലങ്ങൾ, വ്യായാമകേന്ദ്രങ്ങൾ, ഫുഡ് കിയോസ്‌ക്കുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള പാർക്കുകളായി മാറുന്നു. അങ്ങനെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്ന പല സ്ഥലങ്ങളും ഒത്തുകൂടുന്നതിനും ഉല്ലാസത്തിനുമുള്ള ഇടങ്ങളായി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മേൽപ്പാലത്തിനടിയിൽ മോടിപിടിപ്പിച്ച ഓപ്പൺ പാർക്കാണ് സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായി തയാറാക്കിയത്. നടപ്പാതകൾ, ബാഡ്മിന്റൺ-ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്‌കേറ്റിങ് ട്രാക്ക്, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ, ലഘുഭക്ഷണശാല, സ്ട്രീറ്റ് ഫർണിച്ചർ തുടങ്ങിയവ സൗകര്യങ്ങളും പാർക്കിലുണ്ട്.

ടൂറിസം വകുപ്പിന് കീഴിലെ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ് നിർവഹണ ഏജൻസി. പൊതുമരാമത്ത് വകുപ്പ്, ടൂറിസം വകുപ്പ്, കൊല്ലം കോർപ്പറേഷൻ, ഡിടിപിസി, അനുബന്ധ വകുപ്പുകൾ എന്നിവയുടെ സംയുക്ത സമിതിയാണ് പാർക്കിന്റെ തുടർ പരിപാലനവും സംരക്ഷണവും കൈകാര്യം ചെയ്യുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-04 13:05:14

ലേഖനം നമ്പർ: 1712

sitelisthead