
ജീവനക്കാർക്ക് ഓൺലൈനായി ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ സേവനം സാധ്യമാക്കി കെഎസ്ആർടിസി. തിങ്കൾ മുതൽ വ്യാഴം വരെയാണ് സൗകര്യം. ഇതിനായി keralartc.com ൽ ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപ്പോയ്‌മെന്റ് എടുക്കാവുന്നതാണ്. KSRTC ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ് ഇത്. ജനറൽ മെഡിസിൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവനക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് നേരിട്ട് പരിഹാരം നൽകാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഹൃദ്‌രോഗം, കാൻസർ എന്നീ രോഗങ്ങളും മാനസിക സമ്മർദ്ദവും ജീവനക്കാരുടെ ഇടയിൽ കൂടുതലായി കാണപ്പെടുന്ന സാഹചര്യത്തിലാണ് പുതിയൊരു സംവിധാനം കെഎസ്ആർടിസി നടപ്പാക്കിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള Online Medical Consultation എന്ന ലിങ്കിലൂടെ ജീവനക്കാർക്ക് കൺസൾട്ടേഷൻ ബുക്ക് ചെയ്യാം. പ്രത്യേകം സ്ലോട്ടുകളിലായുള്ള വ്യക്തിഗത കൺസൾട്ടേഷൻ ആയതിനാൽ കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അരമണിക്കൂർ ഇടവിട്ടുള്ള സ്ലോട്ടുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. എല്ലാ വിഭാഗം ജീവനക്കാർക്കും സൗകര്യം ഉപയോഗിക്കാൻ കഴിയും. തുടർ ചികിത്സ ആവശ്യമാണെങ്കിൽ ഡോക്ടർ നിർദ്ദേശിക്കും. ഇതിന് മാനേജ്‌മെന്റ് ഇടപെടൽ ആവശ്യമാണെങ്കിൽ അതും സാധ്യമാക്കും. കെഎസ്ആർടിസി മെഡിക്കൽ ഓഫീസർ ആണ് കൺസൾട്ടേഷൻ കൈകാര്യം ചെയ്യുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-12 11:02:20
ലേഖനം നമ്പർ: 1715