സംസ്ഥാനത്തെ കാർഷിക സമ്പദ് വ്യവസ്ഥയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്ന കെ-അഗ്‌ടെക് ലോഞ്ച്പാഡ് പദ്ധതി നടപ്പാക്കി കൃഷി വകുപ്പ്. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും ആശയവൽക്കരണത്തിൽ നിന്ന് വിപണിയിലെത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ നൽകൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള കാർഷിക സർവകലാശാലയിൽ ആരംഭിക്കുന്ന പദ്ധതിയാണ് കെ-അഗ്‌ടെക് ലോഞ്ച് പാഡ്. കേരള കാർഷിക സർവ്വകലാശാലയും നബാർഡും വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  സർവ്വകലാശാലയുടെ കീഴിൽ സെക്ഷൻ-8 കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്ന ഈ പദ്ധതിക്കായി പ്രത്യേക ഭരണസംവിധാനം നിലവിൽ വരും.

കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവ്, വൈവിധ്യവൽക്കരണം എന്നിവയിലൂടെ കർഷകരുടെയും സംരംഭകരുടെയും വരുമാന വർദ്ധനവിനുള്ള സാധ്യത ഉറപ്പുവരുത്തുക, കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സാമ്പത്തിക പിന്തുണ നൽകുകയും ഇൻക്യുബേഷന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക, സ്ത്രീ സംരംഭകർക്ക് പ്രാമുഖ്യം നൽകി അവരെ ശാക്തീകരിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ വിവിധ വിളകളിലെ കൃത്യതാ കൃഷിക്കുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുക  എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിയുടെ ഭാഗമായി ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ഒരു ഹൈടെക് കൃഷി യൂണിറ്റ് വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-20 16:20:45

ലേഖനം നമ്പർ: 1729

sitelisthead