
ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ രാജ്യത്ത് ആദ്യമായി വനിതകളുടെ നേതൃത്വത്തിൽ സ്‌കൂബാ ഡൈവിംഗ് ടീമിനെ സജ്ജമാക്കി കേരളം.ആദ്യ ബാച്ച് വനിതാ സ്‌കൂബാ ഡൈവിംഗ് ടീം ആയ 'ഗാനെറ്റ്സ്' (Gannets) അഗ്‌നിരക്ഷാ വകുപ്പിന്റെ കീഴിൽ ഫോർട്ട് കൊച്ചി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കി.
ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, ജലാശയ അപകടങ്ങൾ ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിനു കീഴിലുള്ള ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിലാണ് സ്‌കൂബാ ഡൈവിങ് ടീം പരിശീലനം പൂർത്തിയാക്കിയത്. അഗ്നിരക്ഷാ വകുപ്പിൽ ചരിത്രത്തിൽ ആദ്യമായി നിയമിച്ച 100 വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരിൽ നിന്നും തെരഞ്ഞെടുത്ത 17 ഓഫീസർമാർക്കാണ് വിദഗ്ധ പരിശീലനം നൽകിയത്. വെള്ളത്തിനടിയിൽ 30 അടി താഴ്ചയിൽ വരെ ഡൈവ് ചെയ്ത് മീൻ പിടിക്കാൻ കഴിയുന്ന 'ഗാനെറ്റ്സ് ' എന്ന കടൽപ്പക്ഷിയുടെ പേരാണ് ടീമിന് നൽകിയിരിക്കുന്നത്.
സ്വിമ്മിങ് പൂളിലും ക്വാറിയിലും പുഴയിലുമായി 21 ദിവസത്തെ ബേസിക് ഓപ്പൺ വാട്ടർ ഡൈവിങ് പരിശീലനവും 10 ദിവസത്തെ അഡ്വാൻസ്ഡ് ഓപ്പൺ വാട്ടർ ഡൈവിങ് പരിശീലനവും നൽകി. വെള്ളത്തിനടിയിൽ 25 മുതൽ 30 മീറ്റർ ആഴത്തിൽ മുങ്ങാനും വിവിധ തരം തിരച്ചിൽ രീതികളിലും രക്ഷാപ്രവർത്തനങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്. ജലാശയ അപകടങ്ങൾ തടയുന്നതിന് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്‌കൂ ബാ ഡൈവിങ് ടീമിന്റെ സേവനം ലഭിക്കും.ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിൽ ഇതുവരെ 300 ലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. നാഷണൽ ഫയർ സർവീസ് കോളജിൽ നിന്നുൾപ്പടെയുള്ള ഓഫീസർമാർക്കും കേന്ദ്രത്തിൽ സ്‌കൂബാ ഡൈവിങ് പരീശീലനം നൽകുന്നുണ്ട്.
സംസ്ഥാനത്തെ അഗ്നി രക്ഷാസേന ബഹുമുഖദുരന്തങ്ങൾ ഫലപ്രദമായി നേരിടാൻ പ്രാപ്തമായ സേനയാണ്. ജലസുരക്ഷയിൽ വിദഗ്ധ പരിശീലനം നേടിയ വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരിലൂടെ പൊതുസുരക്ഷാ സേവനങ്ങളിൽ ലിംഗസമത്വം ഉറപ്പിക്കുന്ന കേരളം രാജ്യത്തിനുതന്നെ മികച്ച മാതൃകയാകുകയാണ്. സേനയിലെ വനിതാ ശാക്തീകരണത്തിന് ഒരു നിർണായക നാഴികക്കല്ലായി ഗാനെറ്റ്സ് സ്‌കൂബ ഡൈവിംഗ് ടീമിന്റെ പ്രവർത്തനം മാറും. .
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-12 14:44:21
ലേഖനം നമ്പർ: 1661