
സംസ്ഥാനത്ത് പാലുൽപാദന മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ഫോകസ് ബ്ലോക്ക് പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ഈ പദ്ധതി, ക്ഷീര ഉൽപാദനത്തെ പ്രോത്സാഹിപ്പിച്ച് ക്ഷീരകർഷകരുടെ സാമൂഹ്യാന്തരീക്ഷം മെച്ചപ്പെടുത്തും.
ക്ഷീരവികസന വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 5 അംഗങ്ങളുളള ക്ഷീരശ്രീ വനിതാ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതിയിൽ പൊതു വിഭാഗത്തിൽ ഒരു അംഗത്തിന് പശുവിനെ വാങ്ങിക്കുന്നതിന് 30000 രൂപ ധനസഹായ നിരക്കിൽ 5 അംഗങ്ങളുളള ഗ്രൂപ്പിന് 1,50,000 (ഒരു ലക്ഷത്തി അമ്പതിനായിരം) രൂപ ധനസഹായം നൽകും. പൊതു വിഭാഗത്തിൽ 8 ഗ്രൂപ്പുകളിലായി 40 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കും. പട്ടിക വർഗ്ഗ വിഭാഗത്തിലെ ഒരംഗത്തിന് പശു വാങ്ങിക്കുന്നതിന് 40,000 രൂപ ധനസഹായം നിരക്കിൽ 5 അംഗങ്ങളുളള ഗ്രൂപ്പിന് രണ്ടു ലക്ഷം രൂപ ധനസഹായം ലഭിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിലെ 2 ഗ്രൂപ്പുകളിലായി 10 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കും. 10 പശുക്കളെ പുതുതായി വാങ്ങിക്കാൻ സാധിക്കും.
ക്ഷീരവികസന വകുപ്പിൽ രജിസ്റ്റർ ചെയ്ത് ക്ഷീരസംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന് സ്വന്തമായി നിയമാവലിയും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കും. ഗ്രൂപ്പ് ക്ഷീര സംഘത്തിൽ പാൽ അളക്കുകയും പാൽ വില ക്ഷീരസംഘത്തിൽ നിന്നും ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറുന്നതുമാണ്. ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരവരുടെ വീട്ടിൽ തന്നെ പശുക്കളെ വളർത്താവുന്നതാണ്.
ക്ഷീര ഉൽപാദനത്തെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്രമായ നടപടിയാണ്
ഫോകസ് ബ്ലോക്ക് പദ്ധതി. ധനസഹായവും പരിശീലനവും ലഭ്യമാക്കി ക്ഷീരവികസന വകുപ്പ് ഈ മേഖലയിലെ സ്ത്രീകളടക്കം നിരവധി ആളുകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കും. ക്ഷീരസംഘങ്ങളുടെ ഏകോപനത്തിലൂടെ വിപണിയിൽ മികച്ച അവസരങ്ങൾ തേടിയെടുക്കാനും ഈ പദ്ധതി അവസരമൊരുക്കുന്നു. സംസ്ഥാനത്തെ പാലുൽപാദനം ശക്തിപ്പെടുത്തി ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള നീക്കത്തിന് ഈ പദ്ധതി നിർണ്ണായകമായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-19 16:12:52
ലേഖനം നമ്പർ: 1726