
വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർഥിനികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും, അവരെ തൊഴിൽ സജ്ജരാക്കുകയും, നവലോക തൊഴിൽ പരിചയം നൽകുകയും ചെയ്യുന്നതിന് എംപവർ (emPOWER ) പദ്ധതിയുമായി കേരള നോളെജ് ഇക്കോണമി മിഷൻ. സംസ്ഥാനത്തെ വനിതാ കോളേജുകളിലെ വിദ്യാർഥിനികളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്. വിദ്യാർഥിനികൾക്ക് കരിയറിൽ ഉയർച്ച നേടുന്നതിനായി മാനസികമായി തയ്യാറാക്കുക, തൊഴിൽ രംഗത്ത് പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രാപ്തരാക്കുക, പ്രവൃത്തിപരിചയം നൽകുന്ന പരിശീലനങ്ങൾ നടത്തുക എന്നിവയാണ് എംപവർ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
വിജ്ഞാന തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷൻ ആരംഭിച്ച തൊഴിലരങ്ങത്തേക്ക് പദ്ധതിക്കു കീഴിലാണ് എംപവർ. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി ‘ഏകദിന കരിയർ ക്ലാരിറ്റി ആൻഡ് വർക്ക് റെഡിനെസ്’ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും. ആദ്യ ഘട്ടത്തിൽ 56 വനിതാ കോളേജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊഴിൽ നിയമങ്ങൾ, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, കരിയർ ബ്രേക്ക്, കരിയർ ഗോൾ & ഗ്രോത്ത്, ഇന്റർവ്യൂ പ്രിപ്പറേഷൻ, റെസ്യുമെ ബിൽഡിങ്, ഇൻഡസ്ട്രി എക്‌സ്‌പേർട് സെഷൻ തുടങ്ങിയവ വർക്ക്‌ഷോപ്പിന്റെ ഭാഗമാകും. എംപവർ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വർക്ക്ഷോപ്പ് കോഴിക്കോട് ജില്ലയിലെ വെള്ളാനൂർ സാവിത്രി ദേവി സാബൂ മെമ്മോറിയൽ വിമൻസ് കോളേജിൽ നടന്നു. മാർച്ച് മാസത്തോടെ എല്ലാ ജില്ലകളിലും വർക്ക്‌ഷോപ്പുകൾ പൂർത്തിയാക്കും.
നിലവിൽ സ്ത്രീകൾ തൊഴിൽ നേടുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രശ്നങ്ങൾ മറികടക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ എംപവർ പദ്ധതിയിലൂടെ ആവശ്യമായ എല്ലാ പിന്തുണയും നൽകും. ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം വിദ്യാർഥിനികൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള വഴികൾ തുറക്കുകയും, അവരെ തൊഴിൽ വിപണിയിലേക്ക് പ്രാപ്തരാക്കുകയും ചെയ്യുന്നതാണ്. തൊഴിൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലൂടെ ഒരു ശക്തമായ വിജ്ഞാന തൊഴില്മേഖല രൂപീകരിക്കുകയാണ് എംപവർ പദ്ധതിയുടെ ദൗത്യം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-15 16:57:10
ലേഖനം നമ്പർ: 1723