
കാൻസർ ചികിത്സയ്ക്ക് നൂതന സാങ്കേതിക വിദ്യ സൗകര്യങ്ങളൊരുക്കി തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ. ആർസിസിയിൽ അത്യാധുനിക സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി (എസ്.ജി.ആർ.ടി.) ആരംഭിച്ചു. റേഡിയേഷൻ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് എസ്.ജി.ആർ.ടി. സാധാരണ കോശങ്ങൾക്ക് കേടുപാട് വരുത്താതെ കാൻസർ കോശങ്ങളിൽ മാത്രം കൃത്യമായ റേഡിയേഷൻ നൽകാനും പാർശ്വഫലങ്ങൾ കുറയ്ക്കാനും എസ്.ജി.ആർ.ടിയിലൂടെ സാധിക്കും.
റേഡിയേഷൻ ചികിത്സയിൽ ഉയർന്ന കൃത്യത ഉറപ്പാക്കാനും ശരീരത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സഹായിക്കുന്നു. ത്രീഡി ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിലെ ഉപരിതലം നിരീക്ഷിക്കുന്നതിനാൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് തത്സമയം കണ്ടെത്താനും ഉടനടി പരിഹരിക്കാനും സാധിക്കുന്നു.
സ്തനാർബുദം, ശ്വാസകോശാർബുദം, മറ്റ് കാൻസർ രോഗങ്ങൾ എന്നിവയിലാണ് സാധാരണ എസ്.ജി.ആർ.ടി. ചികിത്സ നൽകുന്നത്. കൃത്യമായ സ്ഥലത്ത് റേഡിയേഷൻ നൽകുന്നതിലൂടെ അനാവശ്യമായ റേഡിയേഷൻ ശരീരത്തിൽ പതിക്കുന്നത് കുറയ്ക്കാൻ സാധിക്കുന്നു. ശരീരത്തിൽ ടാറ്റൂ ചെയ്ത് മാർക്കിട്ടാണ് സാധാരണ റേഡിയേഷൻ നൽകുന്നത്. എന്നാൽ ഈ നൂതന ചികിത്സയിൽ ടാറ്റു ചെയ്യേണ്ട ആവശ്യമില്ല. ചികിത്സയ്ക്കിടെ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ത്രീഡി സാങ്കേതികവിദ്യയിലൂടെ കണ്ടെത്താൻ സഹായിക്കുന്നു. ഇത് റേഡിയേഷൻ ചികിത്സയുടെ കൃത്യത വർദ്ധിപ്പിക്കുന്നു.
സ്തനാർബുദ ചികിത്സയിൽ സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി വളരെ ഫലപ്രദമാണ്. സ്തനത്തിലെ കാൻസർ കോശങ്ങളുടെ കൃത്യമായ സ്ഥാനത്ത് റേഡിയേഷൻ നൽകാൻ സാധിക്കുന്നതിനാൽ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് തടയുന്നു. ഇടത്തേ നെഞ്ചിൽ റേഡിയേഷൻ നൽകുമ്പോൾ ഹൃദയത്തിന് കേടുപാട് സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചികിത്സയിലൂടെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും റേഡിയേഷൻ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും സാധിക്കുന്നു. എസ്.ജി.ആർ.ടി. ഉപയോഗിച്ച് ശ്വാസോച്ഛ്വാസം നിരീക്ഷിച്ച് റേഡിയേഷൻ നൽകുന്നതിനാൽ ഈ അവയവങ്ങളെ സംരക്ഷിക്കാനും സാധിക്കുന്നു. ഇത് ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി സ്തനാർബുദ രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.
ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം കാൻസർ ചികിത്സയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. ആർസിസിയിൽ ആരംഭിച്ച സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി ഇതിന്റെ ഉദാഹരണമാണ്. നൂതന കിത്സാ മാർഗങ്ങൾ ക്യാൻസർ രോഗികൾക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള അഭിമാനകരമായ മുന്നേറ്റങ്ങളാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-20 16:39:33
ലേഖനം നമ്പർ: 1731