
കേരളത്തിലെ സ്ത്രീകളുടെ ബഹുമുഖ ശാക്തീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സ്നേഹിത എക്സ്റ്റൻഷൻ സെൻററുകൾക്ക് തുടക്കം. എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലുമാണ് എക്സ്റ്റൻഷൻ സെൻററുകൾ ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളുടെ പരിധിയിൽ വരുന്ന പോലീസ് സ്‌റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ അടിയന്തിര മാനസിക പിന്തുണയും ക്ഷേമമവും ആവശ്യമുള്ളവർക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാരെ ചുമതലപ്പെടുത്തി സ്‌നേഹിത എക്‌സ്റ്റൻഷൻ സെന്ററുകളിലൂടെ മാനസിക പിന്തുണ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയിൽ മുൻ നിശ്ചയിക്കപ്പെട്ട രണ്ട് ദിവസമാണ് എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കുക. സെൻററുകളിൽ പരിശീലനം ലഭിച്ച കമ്മ്യണിറ്റി കൗൺസിലർമാരുടെ സേവനം ലഭ്യമാകും.
സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളിൽ വനിതാശിശു സൗഹൃദമായ കൗൺസലിംഗ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നീ സൗകര്യങ്ങളുണ്ടാകും. ശിശു സൗഹൃദത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സർക്കാർ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളിൽ പുനരധിവാസം നൽകും. സെൻററിലെ പ്രവർത്തനങ്ങൾക്കും ഫീൽഡ്തല പ്രവർത്തനങ്ങൾക്കും ആവശ്യമായ പിന്തുണ പോലീസ് ഉറപ്പു വരുത്തണം. പോലീസ് സ്റ്റേഷനിൽ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബ പ്രശ്നങ്ങൾ, മാനസിക പിന്തുണ ആവശ്യമായ മറ്റു കേസുകൾ എന്നിവ എക്സ്റ്റൻഷൻ സെൻററിലേക്ക് റഫർ ചെയ്യാം. ഇത്തരം കേസുകൾ സ്റ്റേഷനിലെ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെത്തുന്നവർക്ക് മനസിക പിന്തുണ നൽകുന്നതിനുള്ള നിർണായക നടപടിയാണ് കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളുടെ ആരംഭം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംയോജിതമായ ഇടപെടലുകൾ സുനിശ്ചിതമാക്കുന്നതിനും ഈ സെന്ററുകൾ പ്രവർത്തിക്കും. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ പ്രവർത്തനം പോലീസിന്റെ സജീവ സഹകരണത്തോടെയായതിനാൽ സ്റ്റേഷനുകളിലെത്തുന്നവർക്കുള്ള സേവനം കൂടുതൽ മെച്ചപ്പെടുകയും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം രൂപീകരിക്കാൻ സഹായിക്കുകയും ചെയ്യും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-18 10:43:42
ലേഖനം നമ്പർ: 1724