
രാജ്യത്ത് ആദ്യമായി കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി 'എൻപ്രൗഡ്' പദ്ധതി നടപ്പിലാക്കി കേരളം. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരിൽ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതി ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കും.
കോഴിക്കോട് കോർപ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമായി ആദ്യഘട്ടത്തിൽ ആരംഭിച്ച എൻപ്രൗഡ് പദ്ധതി സംസ്ഥാന വ്യാപകമായി വ്യാപിക്കും. പദ്ധതി പ്രകാരം നിശ്ചിത മാസങ്ങളിൽ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കും. കൂടാതെ പെർമനന്റ് കളക്ഷൻ സൈറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങൾക്ക് മരുന്നുകൾ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകൾ മുൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷൻ സെന്ററുകളിൽ എത്തിക്കും. ശേഖരിക്കുന്ന മരുന്നുകൾ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കും. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകർമ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് സർക്കാർതലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.
വീടുകളിൽ അവശേഷിക്കുന്ന മരുന്നുകൾ, വിറ്റഴിയാതെ ഫാർമസികളിൽ തന്നെ കെട്ടിക്കിടന്ന് കാലാവധി അവസാനിച്ച മരുന്നുകൾ തുടങ്ങിയവ കത്തിക്കുകയോ കുഴിച്ചുമൂടുകയോ വലിച്ചെറിയുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നതും മരുന്നുകളുടെ അശാസ്ത്രീയമായ നിർമാർജനവും ആന്റിമൈക്രോബിയൽ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് ആക്ട് ആന്റ് റൂളിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകൾ നിർമാർജനം ചെയ്യുവാനാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.ഉപയോഗശൂന്യമായ മരുന്നുകൾ 1,200 സെൽഷ്യസ് ചൂടിൽ ഇൻസനറേറ്റ് ചെയ്ത് നശിപ്പിക്കണമെന്നാണ് ചട്ടം. 2019ൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ വിഭാഗം മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിന് ''പ്രോഗ്രാം ഓൺ റിമൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്‌സ്' എന്ന പേരിലൊരു പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ പുതിയ പതിപ്പാണ് എൻപ്രൗഡ്.
ആരോഗ്യ സംരക്ഷണത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള എൻപ്രൗഡ് പദ്ധതി, മരുന്നുകളുടെ അശാസ്ത്രീയ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാകും. പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമ്പോൾ ദേശീയ തലത്തിൽ മെഡിക്കൽ മാലിന്യ നിർമാർജനരംഗത്ത് കേരളം ഒരു മാതൃകയായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-01 12:05:31
ലേഖനം നമ്പർ: 1708