മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനും സേവനം നല്‍കാനും വെര്‍ച്വല്‍ പിആര്‍ഒ സംവിധാനം നടപ്പാക്കി ഗതാഗതവകുപ്പ്. പിഴകളും മറ്റ് ഫീസും ഓണ്‍ലൈനായി അടയ്ക്കുന്നതുമുതല്‍ എംവിഡിയുമായി ബന്ധപ്പെട്ട എല്ലാ സേവനവും ഈ ഡിജിറ്റല്‍ സര്‍വീസ് ഡയറക്ടറി കാര്‍ഡ് വഴി സാധ്യമാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെ കുറിച്ചുള്ള അവശ്യ വിവരങ്ങള്‍, വിശദീകരണ വീഡിയോകള്‍, ഓഡിയോകള്‍, ഡോക്യുമെന്റുകള്‍, ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നേരിട്ടുള്ള ഹൈപ്പര്‍ലിങ്കുകള്‍ എന്നിവ വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡിലൂടെ ലഭിക്കുന്നു.

ഓഫീസുകളിലും പൊതുയിടങ്ങളിലും സോഷ്യല്‍മീഡിയയിലും ലഭ്യമായ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് പിഡിഎഫ് ഫോര്‍മാറ്റിലുള്ള വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡ് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാം. ഇ-ചെലാന്‍, ലൈസന്‍സ് ഡൗണ്‍ലോഡ് പോലുള്ള ട്യൂട്ടോറിയലുകളും മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഇ-ചലാന്‍, ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ടാക്‌സ്, സര്‍ക്കുലര്‍/ അറിയിപ്പ്, റോഡ് സുരക്ഷാ അവബോധം, 112 എസ്ഒഎസ് തുടങ്ങിയ സേവനങ്ങളും ഉള്‍പ്പെടുന്നതാണ് വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡ് സംവിധാനം.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്യാംപസ് ഇന്‍ഡസ്ട്രീസ് എന്ന  പദ്ധതിയുടെ ഭാഗമായാണ് വെര്‍ച്വര്‍ പിആര്‍ഒ വികസിപ്പിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് കളമശ്ശേരി, വിസ്മയ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്, സ്‌കില്‍ ഏജ് ഡിജിറ്റല്‍ അക്കാദമി മലപ്പുറം എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പരിപാലനവും പ്രവര്‍ത്തനവുമെല്ലാം ഈ സ്ഥാപനങ്ങള്‍ തന്നെയായിരിക്കും ചെയ്യുക. 

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലെത്തും. വാഹനനമ്പര്‍ നല്‍കിയാല്‍ ഫൈന്‍ ഉണ്ടോ എന്നറിയാം. പിഴകളും മറ്റു ഫീസുകളും ഓണ്‍ലൈനായി അടക്കുന്നത് മുതല്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ  വെര്‍ച്വല്‍ സംവിധാനത്തില്‍ സാധ്യമാകും. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരിലൂടെ പൊതുജനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് ലഭ്യമായിരുന്ന വിവരങ്ങള്‍ ലഭിക്കുന്നതു പോലെ ഒരു പിആര്‍ഒ നല്‍കുന്ന എല്ലാ വിവരങ്ങളും ഈ വെര്‍ച്വല്‍ പിആര്‍ഒ വഴി ലഭ്യമാകുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-16 15:23:16

ലേഖനം നമ്പർ: 1750

sitelisthead