
പ്രവാസി മലയാളി സമൂഹത്തിന്റെ ക്ഷേമം ഉറപ്പിക്കുന്നതിനായി ആദ്യ ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോം 'ലോക കേരളം ഓൺലൈൻ' സംവിധാനം നടപ്പാക്കി കേരളം. പ്രവാസികൾക്ക് ആശയ വിനിമയത്തിനും തൊഴിൽ അവസരങ്ങൾ തേടാനും സാംസ്കാരിക വിനിമയം സാധ്യമാക്കാനും സഹായകമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ മുഖേന ഒരുക്കുന്നത്.
ലോക കേരള സഭ വേദിയിൽ നിന്ന് ലഭിച്ച നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക കേരളം ഓൺലൈൻ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപം കൊണ്ടത്. ഈ സംവിധാനം വഴി ഓൺലൈൻ മാനസികാരോഗ്യപരിചരണം, ആയുർവേദ ചികിത്സ, കലാമണ്ഡലത്തിന്റെ ഹ്രസ്വകാല കോഴ്‌സുകൾ, സ്‌കിൽ സർട്ടിഫിക്കേഷൻ, സർക്കാർ ഇ-സേവനങ്ങൾ എന്നിങ്ങനെയുള്ള സേവനങ്ങൾ ലഭിക്കും.
നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്ഫോമിൽ, സ്വകാര്യതയും ഡാറ്റാ സുരക്ഷയും കർശനമായി പാലിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ലോക കേരളം ഓൺലൈൻ മൊബൈൽ അപ്ലിക്കേഷൻ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ആധുനിക സാങ്കേതികതയുടെ പിന്തുണയോടെ ലോകമാകെ വ്യാപിച്ചിരിക്കുന്ന മലയാളികൾക്ക് സംവാദത്തിനും സേവങ്ങൾക്കുമായി അവതരിപ്പിച്ച ലോക കേരളം ഓൺലൈൻ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സംസ്ഥാനത്തിന്റെ പ്രവാസി ക്ഷേമനയത്തിൽ ഒരു നിർണായക വഴിത്തിരിവാണ്. ഭരണത്തിൻറെ സുതാര്യതയും സേവനവിനിമയത്തിന്റെ പ്രാപ്യതയും ഉറപ്പുവരുത്തുന്ന ഈ പ്ലാറ്റ്ഫോം, പ്രവാസികളുടെ ജീവിതത്തിൽ ഗുണാത്മകമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള മലയാളി സമൂഹവുമായുള്ള ബന്ധം കുടുതൽ ദൃഢമാക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപകരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-02 12:28:54
ലേഖനം നമ്പർ: 1759