കരൾ രോഗങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും ചികിത്സ ഉറപ്പാക്കാനുമായി സംസ്ഥനത്തുടനീളം 
ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്. രാജ്യത്താദ്യമായി കരൾ സംരക്ഷണത്തിനായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്ന സംസ്ഥാനമാണ് കേരളം. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ചികിത്സകൾ ക്ലിനിക്കുകൾ വഴി സൗജന്യമായി ലഭിക്കും. 

ആദ്യഘട്ടമായി മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ അന്തിമ ഘട്ടത്തിലാണ്. മെഡിക്കൽ കോളേജുകൾക്ക് പുറമേ ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവർ ക്ലിനിക്കുകൾ വ്യാപിപ്പിക്കും. 
 
ജനസംഖ്യയിൽ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി Metabolic Dysfunction Associated Steatotic Liver Disease (MASLD) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിർണായക ഇടപെടൽ നടത്തുന്നത്.  ആരോഗ്യത്തെ അതീവ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്ന രോഗമാണ് ഫാറ്റി ലിവർ. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. അതിനായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ഏറെ സഹായിക്കും. രക്ത പരിശോധനാ ലാബുകൾ, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീൻ ഉൾപ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരൾ കാൻസർ തുടങ്ങിയ ഗുരുതരമായ കരൾ രോഗങ്ങൾക്ക് ക്ലിനിക്കുകൾ വഴി ചികിത്സ ലഭിക്കും. 

ഫാറ്റി ലിവർ രോഗം അടക്കമുള്ള കരൾ രോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് സമഗ്ര ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാനം നടപ്പാക്കുന്ന ഫാറ്റി ലിവർ ക്ലിനിക്കുകൾ ദേശീയതലത്തിൽ മാതൃകയാണ്. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ഇത്തരം ആരോഗ്യ ഇടപെടലുകൾ പൊതുജനാരോഗ്യ സംരക്ഷണത്തിൽ നിർണായകമാവും.  സംസ്ഥാനത്തിന്റെ  ആരോഗ്യസംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിന് ഈ സംരംഭം വലിയ പിന്തുണയായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-21 15:06:13

ലേഖനം നമ്പർ: 1753

sitelisthead