പൊതുജനങ്ങൾക്ക് സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗ പരിഹാരം ലഭിക്കുന്നതിനായി സമയം പദ്ധതി നടപ്പാകി ലീഗൽ സർവീസസ് അതോറിറ്റി. പൊലീസിന് കൈകാര്യം ചെയ്യാൻ സാധിക്കാത്തതും ഭാവിയിൽ ക്രിമിനൽ കേസാകാൻ സാധ്യതയുള്ളതുമായ കേസുകൾ പ്രത്യേക പരിശീലനം ലഭിച്ച അഭിഭാഷകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പരിഹരിക്കുന്നതാണ് സമയം പദ്ധതി. രാജ്യത്ത് ആദ്യമായാണ് നിയമനടപടികൾ അതിവേഗത്തിലാക്കാൻ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്.

പരാതിക്കാർക്ക് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങാതെ ഈ പദ്ധതി വഴി പരമാവധി ഒരു മാസത്തിനകം പരിഹാരം കാണാനാകും. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികൾ, എസ്എച്ച്ഒമാർക്ക് അതത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കോ കൈമാറാം. തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിയോഗിക്കുന്ന പരിശീലനം ലഭിച്ച അഭിഭാഷകരടങ്ങുന്ന പ്രത്യേക പാനൽ ഇരുകക്ഷികളുമായും ചർച്ച നടത്തും. പ്രശ്‌നം പരിഹരിച്ച് ഒത്തുതീർപ്പിലെത്താൻ ശാസ്ത്രീയ പരിശീലനം ലഭിച്ച കൗൺസിലർമാരുടെയും പാരാലീഗൽ വോളന്റിയർമാരുടെയും സഹായവുമുണ്ടാകും. ഇതെതുടർന്ന് ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു കരാറിൽ ഏർപ്പെടും.

ഈ കരാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തിൽ വിധിയായി പുറപ്പെടുവിക്കും. ഇത് കോടതി വിധിക്ക് തുല്യമായ ഗൗരവമുള്ളതാണ്.ഈ വിധി നടപ്പാക്കിയില്ലെങ്കിൽ പരാതിക്കാരന് കോടതിയിൽ നേരിട്ട് സമീപിക്കാം. കേരള ഹൈക്കോടതി അധ്യക്ഷനും കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാൻ നാമനിർദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ഉൾപ്പെടുന്നതാണ് സമയം സംസ്ഥാനതല പ്രവർത്തക സമിതി. ഒരു മുതിർന്ന അഭിഭാഷകനായിരിക്കും പദ്ധതിയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ.

സംസ്ഥാന, ജില്ലാതലത്തിലും പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നോഡൽ ഓഫീസറാകും. ജില്ലാതലത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും താലൂക്ക് തലത്തിൽ താലൂക്ക്തല ലീഗൽ സർവീസസ് കമ്മിറ്റിയുമാണ് നടത്തിപ്പ്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും താലൂക്ക്തല ലീഗൽ സർവീസസ് കമ്മിറ്റിയിലും നേരിട്ട് പരാതി നൽകാനുമാകും. സേവനം പൂർണമായും സൗജന്യമാണ്. പദ്ധതിക്കായി ഓരോ ജില്ലയിലും 25 പേരടങ്ങുന്ന അഭിഭാഷകരുടെ പാനലുകളും തയ്യാറാക്കും. ടോൾ ഫ്രീ നമ്പർ: 15100.

കോടതികളുടെ തിരക്കും കാലതാമസവും കുറയ്ക്കുന്നതിനും ജനങ്ങൾക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ പദ്ധതി നിയമനടപടികളുടെ ജനപ്രാതിനിധ്യവും ആളുകളിൽ വിശ്വാസവും ഉറപ്പാക്കുന്നതാണ്. സിവിൽ കേസുകളും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളും അതിവേഗമായി പരിഹരിക്കാനുള്ള പുതിയ മാതൃകയായി 'സമയം പദ്ധതി' മാറും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-13 11:29:40

ലേഖനം നമ്പർ: 1762

sitelisthead