
സംസ്ഥാനത്ത് പരമ്പരാഗത വനമേഖലയ്ക്ക് പുറമെ വൃക്ഷവത്ക്കരണം വ്യാപിപ്പിക്കുന്നതിനായി ട്രീ ബാങ്കിങ് പദ്ധതി നടപ്പാക്കാൻ വനം വകുപ്പ്. സ്വകാര്യ ഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ട്രീ ബാങ്കിങ്. കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം, വാർഷിക ധനസഹായം, കാർബൺ ക്രെഡിറ്റ് വരുമാനം തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ഉറപ്പാക്കും. സ്വകാര്യ ഭൂമികളിൽ മരങ്ങൾ നടുന്നത് പ്രോത്സാഹിപ്പിച്ച് കാർബൺ ബഹിർഗമനം കുറച്ച് പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രാദേശിക വിപണിയിൽ തടിയുടെ വിതരണം വർദ്ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കും.
സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 15 വർഷത്തെ ലീസിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിയിൽ അംഗങ്ങളാവാം. തൈകൾ നട്ടു വളർത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം മൂന്നാം വർഷം മുതലാണ് നൽകുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തി പരിപാലിക്കുന്നവർക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷത്തിന് ശേഷം ഉടമകൾക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാം.
വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ തേക്ക്, റോസ് വുഡ്, ചന്ദനം, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, കരിമരുത്, കുമ്പിൾ, വെന്തെക്ക്, മഹാഗണി, ആഞ്ഞിലി, തുടങ്ങിയ തദ്ദേശീയ ഇനങ്ങളാണ് പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഉയർന്ന വാണിജ്യ മൂല്യമുള്ള ചന്ദന തൈകളാണ് പദ്ധതിയിൽ നട്ടുപിടിപ്പിക്കുക.
വനവികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ഏകോപിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പിന്തുടരുകയാണ് ട്രീ ബാങ്കിങ് പദ്ധതി. കാർഷിക വനവത്ക്കരണത്തിന് വഴിതെളിയിച്ച് സ്വകാര്യ ഭൂമിയിലെ ജൈവവൈവിധ്യത്തെ പുതുക്കാനും കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാനും സാധിക്കും. കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം നൽകിയും പരിസ്ഥിതി സംരക്ഷണത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കിയും ചെയ്യുന്ന ഈ പദ്ധതി, വൃക്ഷവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സംരംഭമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-14 12:43:31
ലേഖനം നമ്പർ: 1801