
സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്ക് നിലവിൽ വന്നു. ഗുരുതരമായി പൊള്ളലേറ്റ രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്തിനകത്ത് തന്നെ ലഭ്യമാക്കുകയാണ് സ്‌കിൻ ബാങ്കിന്റെ ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അത്യാധുനിക സംവിധാനത്തിലൂടെ ആരോഗ്യവകുപ്പ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് അവരുടെ സ്വന്തം ചർമ്മം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്‌കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നു. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമ്മം സംരക്ഷിക്കുന്നത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (കെ-സോട്ടോ) അനുമതിയിൽ അവയവദാന പ്രക്രിയയിലൂടെയാണ് ത്വക്ക് ലഭ്യമാക്കുന്നത്. 6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് ഉടൻ സ്ഥാപിക്കും.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ സജ്‌ജമാണ്.തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. എറണാകുളം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ബേൺസ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ കൂടി ബേൺസ് യൂണിറ്റുകൾ ആരംഭിക്കും. കൂടാതെ ബേൺസ് യൂണിറ്റുകൾ സ്റ്റാന്റേഡൈസ് ചെയ്യും. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ആലപ്പുഴ, കണ്ണൂർ, കൊല്ലം മെഡിക്കൽ കോളേജുകളിൽ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തന സജ്ജമാണ്.
പൊള്ളലേറ്റ രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്തിനകത്ത് തന്നെ ലഭ്യമാകുന്നത്, ആരോഗ്യസേവന രംഗത്തെ വലിയ മുന്നേറ്റമാണ്. സ്‌കിൻ ബാങ്കിന്റെയും വിപുലീകരിച്ച ബേൺസ് യൂണിറ്റുകളുടെയും പ്രവർത്തനത്തിലൂടെ ഗുരുതര പൊള്ളലേറ്റ രോഗികൾക്ക് വേഗവും ഫലപ്രദവും ആയ ചികിത്സ ഉറപ്പാക്കാൻ കഴിയും. ആരോഗ്യരംഗത്തിലെ സമഗ്ര പുരോഗതിക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനും ഉപകാരപ്രദമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-07 14:10:59
ലേഖനം നമ്പർ: 1798