
കേരളത്തിന്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗിന് (CSL) തുടക്കമായി. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി ഇതോടെ കേരളത്തിന് സ്വന്തമായി. യുവ കായികതാരങ്ങളെ വാർത്തെടുക്കുകയും, അവരെ പ്രൊഫഷണൽ കായിക രംഗത്തേക്ക് നയിക്കുകയും ചെയ്യുക എന്ന ബൃഹത്തായ ലക്ഷ്യമാണ് കോളേജ് സ്‌പോർട്സ് ലീഗിനുള്ളത്. കേരളം രൂപീകരിച്ച പുതിയ കായിക നയത്തിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ പദ്ധതി നടപ്പാക്കുന്നത്.
ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കോളേജ് സ്‌പോർട്‌സ് ലീഗിന്റെ ആദ്യ സീസൺ 2025 ജൂലൈ 18-ന് ആരംഭിച്ചു. കലിക്കറ്റ് സർവകലാശാലയിൽ ഫുട്‌ബോൾ മത്സരങ്ങളോടെയാണ് ലീഗിന് ഔദ്യോഗിക തുടക്കമായത്. വോളിബോൾ മത്സരം മഹാത്മഗാന്ധി സർവകലാശാലയിൽ നടക്കും. വരും വർഷങ്ങളിൽ അത്ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോൾ അടക്കമുള്ള കൂടുതൽ കായിക ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. സോണൽ തലത്തിലും സംസ്ഥാന തലത്തിലുമായിട്ടായിരിക്കും മത്സരങ്ങൾ. അതത് ഇനങ്ങളിൽ മികവ് കാണിക്കുന്ന കോളേജുകളെയാണ് ലീഗിൽ പങ്കെടുപ്പിക്കുന്നത്. ഓരോ കോളേജിനെയും മികച്ച സ്‌പോർട്‌സ് ഹബ്ബാക്കി വളർത്താനും ലീഗ് ലക്ഷ്യമിടുന്നു.
സ്‌പോർട്‌സ് ലീഗിനായി എല്ലാ കോളേജുകളിലും പ്രത്യേക സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ കൗൺസിലുകൾക്കായിരിക്കും ലീഗുകളുടെ പൂർണ്ണ നിയന്ത്രണം. ലീഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പൻഡുകൾ, പെർഫോമൻസ് ബോണസുകൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. കോളേജ് സ്‌പോർട്‌സ് രംഗത്തെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും അതിലൂടെ ആയിരക്കണക്കിന് തൊഴിലുകൾ സൃഷ്ടിക്കാനും CSL-ന് സാധിക്കും. സ്‌പോൺസർഷിപ്പിലൂടെയും സിഎസ്ആർ വഴിയുമെല്ലാമാണ് ലീഗ് നടത്തിപ്പിന് തുക കണ്ടെത്തുന്നത്. CSL-ന്റെ ഭാഗമായി സ്‌പോർട്‌സ് അനുബന്ധ കോഴ്‌സുകളെയും സ്‌പോർട്‌സ് സ്റ്റാർട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കും. യു.എസ്. പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്‌പോർട്‌സ് ലീഗുകളുടെ മാതൃകയിലാണ് മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോളേജുകളിലെ കായിക വികസനത്തിനായുള്ള ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് ഊർജ്ജസ്വലവും സുസ്ഥിരവുമായ ഒരു കായിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 'എല്ലാവർക്കും സ്‌പോർട്‌സ്' എന്ന ആശയം മുന്നോട്ട് വെച്ച് കായിക നയം നടപ്പാക്കിയിരുന്നു. 'കായികം എല്ലാവർക്കും', 'കായിക രംഗത്തെ മികവ്' എന്നീ അടിസ്ഥാന പ്രമേയങ്ങളിൽ നിന്നാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്. കായിക പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും അന്തർദേശീയ തലത്തിൽ കായിക മികവ് ഉറപ്പാക്കുന്നതിലും ഊന്നൽ നൽകുന്ന ഈ നയം ക്രിയാത്മകമായ ഒരു കായിക സമ്പദ്ഘടനക്കുള്ള അടിത്തറയാണ്. കമ്യൂണിറ്റി സ്‌പോർട്‌സ്, കായിക വിനോദസഞ്ചാരം, ഇ-സ്‌പോർട്‌സ്, കായിക വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ സംവിധാനങ്ങൾ തുടങ്ങി സമഗ്രവും സന്തുലിതവുമായ ഒരു കായിക ആവാസവ്യവസ്ഥയാണ് കായിക നയം വിഭാവനം ചെയ്യുന്നത്.
കോളേജ് സ്‌പോർട്സ് ലീഗ് രാജ്യത്ത് തന്നെ മാതൃകയായ ഒരു കായിക പാഠ്യപദ്ധതിയാണ്. യുവജനങ്ങളുടെ കഴിവുകളെ കണ്ടെത്തി വളർത്തുകയും, അവരുടെ ഭാവിയെ ഒരു സ്പോർട്സ് കരിയറിലേക്കും ദിശയിലേക്കും നയിക്കുകയും ചെയ്യുന്ന ഈ സംരംഭം, വിദ്യാഭ്യാസത്തിനൊപ്പം കായിക വളർച്ചക്കും ഒരേപോലെ പ്രാധാന്യം നൽകുന്നു. ആരോഗ്യകരമായ ഒരു കായിക സംസ്‌കാരം വളർത്തുന്നതിനും, തൊഴിൽ സാധ്യതകളും സാമ്പത്തികാവസരങ്ങളും വികസിപ്പിക്കുന്നതിനും ഈ പദ്ധതി വഴിതെളിക്കും. കേരളത്തിന്റെ കായിക ദൗത്യത്തിനും സമഗ്ര കായിക സമ്പദ്വ്യവസ്ഥയ്ക്കും കോളേജ് സ്‌പോർട്സ് ലീഗ് ശക്തമായ പിന്തുണ നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-25 15:32:49
ലേഖനം നമ്പർ: 1808