
പൊതുജനങ്ങൾക്ക് ആധുനികവും സൗകര്യപ്രദവുമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസിയിൽ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ഗതാഗത വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റുകൾക്കും പാസുകൾക്കും പകരം റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡ് (ട്രാവൽ കാർഡ്) ലഭ്യമാക്കുന്നതും ബസിന്റെ വിവരങ്ങൾ തത്സമയം അറിയാനും പാസുകൾ റീചാർജ് ചെയ്യാനും ചലോ മൊബൈൽ ആപ്ലിക്കേഷൻ സേവനം ഒരുക്കുന്നതുമാണ് പ്രധാന ആവിഷ്ക്കാരങ്ങൾ. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുക, പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക, കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കുക, യാത്രാ വിവരങ്ങൾ എളുപ്പമാക്കുക എന്നിവയാണ് കെഎസ്ആർടിസിയുടെ “സ്മാർട്ട് യാത്ര” പദ്ധതിയുടെ ലക്ഷ്യങ്ങൾ.
സ്മാർട്ട് കാർഡ്/ട്രാവൽ കാർഡ്: പരമ്പരാഗത പേപ്പർ ടിക്കറ്റുകൾക്ക് പകരം, യാത്രക്കാർക്ക് ഇനി റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡുകൾ ലഭിക്കും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ഈ കാർഡുകളിൽ രേഖപ്പെടുത്തും. ആദ്യഘട്ടത്തിൽ വിവിധ ജില്ലകളിൽ നടപ്പാക്കിയ സ്മാർട്ട് കാർഡ് പദ്ധതി വിജയകരമായിരുന്നു. ബസുകളിലെ കണ്ടക്ടർമാരിൽനിന്നും യൂണിറ്റുകളിൽ നിന്നും മാർക്കറ്റിംഗ് എക്സിക്യൂട്ടിവുകളിലുമായി നൂറു രൂപ നിരക്കിൽ കാർഡ് ലഭിക്കും. പൂജ്യം ബാലൻസിൽ ലഭിക്കുന്ന കാർഡിൽ യാത്രക്കാരന്റെ താത്പര്യമനുസരിച്ച് കുറഞ്ഞത് 50 രൂപ മുതൽ പരമാവധി 3,000 രൂപവരെ റീചാർജ് ചെയ്യാം. ഇ.ടി.എം ഡിവൈസുകളിൽ ട്രാവൽ കാർഡ് പ്രവർത്തിപ്പിക്കും. ട്രാവൽ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ കാത്തുനിൽക്കുന്ന സമയം ലാഭിക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യുന്നു.
കെഎസ്ആർടിസി സ്മാർട്ട് കാർഡിന് 100 രൂപ ചാർജ് ബാധകമാണ്. കാർഡ് വാങ്ങുമ്പോൾ അത് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഒരു വർഷമാണ് കാർഡിന്റെ കാലാവധി. കാർഡ് മറ്റൊരാൾക്ക് കൈമാറാൻ തടസ്സമില്ലെങ്കിലും, നഷ്ടപ്പെട്ടാൽ ഉത്തരവാദി കാർഡിന്റെ ഉടമ മാത്രമായിരിക്കും. കാർഡ് പ്രവർത്തനരഹിതമായാൽ അടുത്തുള്ള ഡിപ്പോയിൽ പേരും വിലാസവും ഫോൺ നമ്പറും സഹിതം അപേക്ഷ നൽകിയാൽ അഞ്ചുദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും; പഴയ കാർഡിലെ ബാലൻസ് പുതിയതിലേക്ക് മാറ്റിയും നൽകും. എന്നാൽ കാർഡ് പൊട്ടുകയോ ചുളിയുകയോ മറ്റ് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് ലഭിക്കില്ല. കൂടാതെ വിദ്യാർത്ഥി കൺസെഷൻ കാർഡുകളും ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള എല്ലാ യാത്രാ പാസുകളും സ്മാർട്ട് കാർഡിലേക്ക് മാറും. വിദ്യാർത്ഥികൾക്ക് കാർഡ് പുതുക്കാൻ ഇനി വർഷംതോറും ഓഫീസിൽ എത്തേണ്ടതില്ല; ബസിൽ തന്നെ പണം നൽകി കാർഡ് പുതുക്കാം. വിദ്യാർത്ഥികളിൽനിന്ന് കാർഡിന്റെ തുക മാത്രമേ ഈടാക്കൂ. യാത്ര സൗജന്യമാണ്.
വിവരങ്ങൾ ചലോ ആപ്പിൽ: കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാ വിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ ലഭ്യമാണ്. ഈ ആപ്പ് വഴി യാത്രക്കാർക്ക് ബസിന്റെ തത്സമയ ലൊക്കേഷൻ, റൂട്ടുകൾ, യാത്രാക്കൂലി, യാത്രാ പാസുകൾ എന്നിവയെക്കുറിച്ച് അറിയാം. കൂടാതെ പാസുകൾ പുതുക്കാനും റീചാർജ് ചെയ്യാനും ആപ്പ് ഉപയോഗിക്കാം. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അടുത്ത ബസിന്റെ വിവരം, അതിലെ ഒഴിവുള്ള സീറ്റുകളുടെ സ്ഥിതി എന്നിവയും അറിയാം. ബസ് തെരഞ്ഞെടുത്ത് കയറുന്നതിനു മുമ്പ് ടിക്കറ്റ് എടുക്കാമെന്നും ബസിൽ കയറുമ്പോൾ മൊബൈൽ ആപ്പിലെ ക്യൂആർ കോഡ് കണ്ടക്ടറെ കാണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയുടെ “സ്മാർട്ട് യാത്ര” പദ്ധതി പൊതുഗതാഗത മേഖലയിലെ വലിയ മാറ്റത്തിന് തുടക്കമിടുന്നു. പരമ്പരാഗത യാത്രാരീതികളെ ആധുനിക സാങ്കേതിക വിദ്യയുമായി ഏകോപിപ്പിക്കുന്ന ഈ പദ്ധതി സ്മാർട്ട് കാർഡുകളും ഡിജിറ്റൽ സംവിധാനങ്ങളായ ചലോ ആപ്പും വഴി യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നു. ഈ ഡിജിറ്റൽ പരിഷ്കാരം കെഎസ്ആർടിസിയുടെ സേവനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതോടൊപ്പം ഭാവിയിലെ പൊതുഗതാഗത മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ശക്തമായ അടിത്തറയൊരുക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-27 15:01:04
ലേഖനം നമ്പർ: 1786