മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി വനംവകുപ്പ്. മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ (Mission FFW- Mission Food Fodder Water ) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. 

ആദ്യഘട്ടത്തിൽ വനമേഖലകൾ, കുളങ്ങൾ, അരുവികൾ എന്നിവയുടെയും പുൽമേടുകൾ, തുറന്ന വനപ്രദേശങ്ങൾ, കൂട് ട്രക്ക് പാതകൾ എന്നിവയെക്കുറിച്ചും വിവര ശേഖരണം നടത്തും. രണ്ടാം ഘട്ടത്തിൽ വേനൽക്കാലത്ത് വറ്റുന്ന അരുവികളിൽ ബ്രഷ്‌വുഡ് ചെക്ക് ഡാമുകൾ നിർമിക്കും. കുളങ്ങളിലെയും തടയണകളിലെയും ചെളിയും മണലും നീക്കം ചെയ്ത് വൃത്തിയാക്കും. വരൾച്ച സാധ്യതയുള്ള പ്രദേശങ്ങളിൽ കുളങ്ങൾ കുഴിക്കുകയോ കോൺക്രീറ്റ് ടാങ്കുകൾ നിർമ്മിക്കുകയോ ചെയ്ത് ജലം സംരക്ഷണം ഉറപ്പാക്കും. മൂന്നാം ഘട്ടത്തിൽ മണ്ണിലെ ഈർപ്പം ഇല്ലാതാക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ് തുടങ്ങിയ അധിനിവേശ മരങ്ങൾ പിഴുത് നശിപ്പിച്ച് വനത്തിനുള്ളിൽ പുൽമേടുകളും തുറസ്സായ സ്ഥലങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശയിനം വ്യക്ഷത്തോട്ടങ്ങൾ ഘട്ടംഘട്ടമായി മുറിച്ചു നീക്കി ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ വൃക്ഷയിനങ്ങൾ നട്ടുപിടിപ്പിക്കുന്ന നടപടികളിലേക്ക്  വനംവകുപ്പ് കടന്നിട്ടുണ്ട്.

മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗ സംഘർഷം കൂടുതലായി അനുഭവപ്പെടുന്ന ജനുവരി-മെയ് മാസങ്ങളിൽ വനത്തിനുള്ളിൽ ജലലഭ്യതയും ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്തുന്നതിനായി തയാറാക്കിയ Mission FFW പ്രത്യേക യജ്ഞം കൂടുതൽ വന്യമൃഗ സംഘർഷണമുള്ള മേഖലകളെയാണ് കേന്ദ്രീകരിക്കുന്നത്.

വയനാട്ടിലെ വനമേഖലകളിൽ ആറ് റേഞ്ചുകളിലായി 63 ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള ഡ്രോൺ പരിശോധയും പദ്ധതിയുടെ ഭാഗമായി നടക്കും. വനത്തിനകത്തുകൂടെയുള്ള റോഡ്, കൂപ്പ് റോഡ്, ട്രക്ക് പാത്ത് തുടങ്ങിയവയുടെ ഇരുവശങ്ങളിലും അടിക്കാടുകൾ, അധിനിവേശ സസ്യങ്ങൾ എന്നിവ 5 - 30 മീറ്റർ വീതിയിൽ നിർമ്മാർജ്ജനം ചെയ്യുന്നത് വിസ്ത ക്ലിയറൻസിലൂടെ റോഡ് അപകടങ്ങളും മനുഷ്യ-വന്യജീവി സംഘർഷവും കുറയ്ക്കുന്നതിന് സഹായിക്കും.തുറസ്സായ സ്ഥലങ്ങൾ സൃഷ്ടിക്കപ്പെടുന്നതുമൂലം വന്യജീവികളുടെ ഭക്ഷ്യലഭ്യത വർദ്ധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-14 14:12:48

ലേഖനം നമ്പർ: 1664

sitelisthead