
സംസ്ഥാനത്തെ പാഠ്യപദ്ധതികളിൽ നവസാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉറപ്പാക്കുകയും കുട്ടികൾക്ക് ഈ മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടാൻ സഹായിക്കുകയും ചെയ്യുന്നതിനായി, സ്കൂളുകളിൽ റോബോട്ടിക് കിറ്റുകളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിലാണ് 29000 റോബോട്ടിക് കിറ്റുകൾ എല്ലാ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകൾക്കും ലഭ്യമാക്കിയത്. ആർടിഫിഷ്യൽ ഇന്റലിജൻസ് (AI) റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സിന്റെ (IOT) തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകൾ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആർഡിനോ യൂനോ ആർ 3, എൽഇഡികൾ, മിനി സർവോ മോട്ടോർ, എൽഡിആർ, ലൈറ്റ്, ഐആർ സെൻസർ മൊഡ്യൂളുകൾ, ബ്രെഡ് ബോർഡ്, ബസർ മൊഡ്യൂൾ, പുഷ് ബട്ടൺ സ്വിച്ച്, റെസിസ്റ്ററുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് ഓപ്പൺ ഹാർഡ്‌വെയർ അധിഷ്ഠിത റോബോട്ടിക് കിറ്റുകൾ.
ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇവിഎം, കാഴ്ചപരിമിതർക്കുള്ള വാക്കിങ് സ്റ്റിക് തുടങ്ങിയ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകൾ തയാറാക്കാൻ ഇതുവഴി കുട്ടികൾക്ക് അവസരം ലഭിക്കും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി പ്രോഗ്രാമിങ് പരിശിലീക്കുന്നത് കുട്ടികളിലെ യുക്തിചിന്ത, പ്രശ്ന പരിഹാരം, വിശകലന കഴിവുകൾ തുടങ്ങിയവ വളർത്താൻ സഹായിക്കും.
2022ൽ റോബോട്ടിക് കിറ്റുകളുടെ വിതരണത്തിന്റെ ആദ്യഘട്ടമായി 9000 കിറ്റുകൾ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പ്രമുഖ കമ്പനികളുടെ സിഎസ്ആർ സേവനം കൂടി പ്രയോജനപ്പെടുത്തി കൊണ്ട് കൈറ്റ് 20000 റോബോട്ടിക് കിറ്റുകൾ കൂടി വിതരണം ചെയ്‍തത്. 1000 രൂപയിൽ താഴെ ചെലവു വരുന്ന കിറ്റിന്റെ ഘടകങ്ങൾ വാറണ്ടി കാലയളവിന് ശേഷം തകരാറുണ്ടെങ്കിൽ പ്രത്യേകം വാങ്ങുന്നതിനും സ്‌കൂളുകൾക്ക് അവസരം ഉണ്ടായിരിക്കും.
ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് നവീന സാങ്കേതികവിദ്യകളുടെ അടിസ്ഥാനപരമായ ധാരണ ലഭിക്കുന്നതിനൊപ്പം, അവ പ്രായോഗികമായി ഉപയോഗിക്കുകയും ചെയ്യുന്നതിനുള്ള കഴിവുകൾ മെച്ചപ്പെടുത്താനാകും. hands-on learning വഴിയുള്ള ഈ സമീപനം, ഭാവിയിലെ ടെക്‌നോളജി അഭിരുചിയുള്ള തലമുറയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ ഒരു ഘട്ടമായി മാറും. സ്‌കൂൾ വിദ്യാഭ്യാസം നവീകരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഭാവിയിൽ മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്തി ആഗോള തലത്തിൽ മത്സരിക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിനും ഉപകാരപ്രദമാകും റോബോട്ടിക് കിറ്റ് പദ്ധതി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-11 14:19:14
ലേഖനം നമ്പർ: 1659