
സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന നാടൻ ശുദ്ധജല മത്സ്യ ഇനങ്ങളെ സംരക്ഷിക്കാൻ നൂതന പദ്ധതി ആവിഷ്‌കരിച്ച് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെഎസ്ബിബി). ഉൾനാടൻ ജല ജൈവവൈവിധ്യ സംരക്ഷണവും ഭാവി മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ സ്ഥാപിക്കലും എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയിലൂടെ ഗവേഷകർ, പ്രാദേശിക മത്സ്യത്തൊഴിലാളികൾ, ജൈവവൈവിധ്യ പരിപാലന സമിതികൾ എന്നിവരെ പങ്കെടുപ്പിച്ച് കേരളത്തിന്റെ ജലജീവികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ശുദ്ധജലമത്സ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബോധവൽക്കരണവും നയതല ഇടപെടലുകളും പദ്ധതിയുടെ ലക്ഷ്യമാണ്.
ക്യാപ്റ്റീവ് ബ്രീഡിംഗ്, നാടൻ മത്സ്യ ഇനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, പ്രാദേശിക സമൂഹങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. വംശനാശഭീഷണി നേരിടുന്ന 10 മത്സ്യ ഇനങ്ങളായ ചെമ്പൻ കൂരൽ, ആശ്ചര്യ പരൽ, കരിംകഴുത്തൻ മഞ്ഞേട്ട, ചാലക്കുടി പരൽ, മോടോൻ, നാടൻ മുശി, ഈറ്റിലക്കണ്ട, കരിമ്പാച്ചി, കരിയാൻ, ചെങ്കണിയാൻ/മിസ് കേരള എന്നിവയെ സംരക്ഷിക്കലാണ് കെഎസ്ബിബി പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെയും (കുഫോസ്) അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങളായ കപ്പാസിറ്റി-ബിൽഡിംഗ് വർക്ക്‌ഷോപ്പുകൾ, പ്രാദേശിക പങ്കാളികളുമായുള്ള സഹകരണം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വൈവിധ്യമാർന്ന കാർഷിക രീതികളിലൂടെ പ്രാദേശിക സമൂഹങ്ങൾക്ക് ബദൽ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇതിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാനത്തിന്റെ ജലജീവവൈവിധ്യ സംരക്ഷണത്തിന് വഴിത്തിരിവാകുന്ന ഈ പദ്ധതി ജലജീവി സംരക്ഷണത്തിന് ഒരു മാതൃകയായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-13 13:02:32
ലേഖനം നമ്പർ: 1662