
സുസ്ഥിര ഊർജ്ജ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ രഹിത കേരളം എന്ന ആശയത്തിന്റെ പ്രതിബദ്ധത ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരളയുടെ രണ്ടാം എഡിഷൻ (IEFK 2025) ഫെബ്രുവരി 7, 8, 9 തീയതികളിൽ തിരുവനന്തപുരം, തൈക്കാട് കേരള പോലീസ് ഗ്രൗണ്ടിൽ നടക്കും. പുനരുപയോഗ ഊർജ്ജം, ഊർജ്ജ കാര്യക്ഷമത, ഉർജ്ജമേഖലയിലെ സുസ്ഥിര സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര ഊർജ മേള നടക്കുന്നത്.
ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള (ഐഇഎഫ്‌കെ)
'കാർബൺ രഹിത കേരളം ' എന്നതാണ് രണ്ടാം പതിപ്പിലെ പ്രമേയം. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം എന്നിവയാണ് ഐ.ഇ.എഫ്.കെയുടെ പ്രധാന ലക്ഷ്യം. ഊർജ മേഖലയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സുസ്ഥിര ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന് പ്രചോദനം നൽകുന്നതിനും സഹായിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ ഊർജ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഐ ഇ എഫ് കെ കരുത്തേകും.ഊർജ്ജ മേഖലയിലെ നൂതന പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രധാന വേദികൂടിയാണ് ഐഇഎഫ്‌കെ. സംസ്ഥാനത്തിന്റെ സുസ്ഥിര ഊർജ്ജ വികസനത്തിന് മേളയിലെ വ്യവസായ വിദഗ്ധർ, നയരൂപീകരണക്കാർ, നിക്ഷേപകർ, ക്ലയന്റുകൾ തുടങ്ങിയവരുടെ സാന്നിധ്യം മുതൽക്കൂട്ടാകും.
ഐ.ഇ.എഫ്.കെ മേളയുടെ ഭാഗമായി നവീന ഊർജ മാതൃകകളുടെ പ്രദർശനങ്ങൾ, ഇലക്ട്രിക് വാഹനങ്ങളുടെ റാലി, ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ തലത്തിലെ പ്രമുഖരും, സ്ഥാപനങ്ങളും, അവരുടെ പ്രവർത്തനങ്ങളുടെയും, നൂതനാശയങ്ങളുടെയും അവതരണം, സെമിനാറുകൾ, ക്വിസ്, ബിസിനസ്സ് മീറ്റുകൾ തുടങ്ങി വിവിധ പരിപാടികൾക്കൊപ്പം രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം പ്രതിനിധികൾ മേളയുടെ ഭാഗമാകും.
ഊർജ സംരക്ഷണം കാര്യക്ഷമത എന്നിവയുടെ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസികളായ ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡ്യാ സ്മാർട്ട് ഗ്രിഡ് ഫോറം, CLASP, GBPN, WRII,CSTEP, WISE, IFC-world bank Group, AEEE, ANDRITZ HYDRO, DMR-KIIFCON, CECFEE,prayas, Modern Energy Cooking Services (MECS) & Finovista എന്നിവയുടെ നേതൃത്വത്തിൽ അവതരണങ്ങളും പാനൽ ചർച്ചകളും മേളയുടെ ഭാഗമാകും.കാർബൺ രഹിത കേരളം,സുസ്ഥിര നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിക്കൽ, കാര്യക്ഷമമായ ജല-മാലിന്യ മാനേജ്‌മെന്റ്, കാർബൺ രഹിത വ്യവസായം, സ്‌കെയിലിംഗ് ഇലക്ട്രിക് മൊബിലിറ്റി , ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മേളയുടെ എക്‌സിബിഷനുകളും സാങ്കേതിക സെഷനുകളും പാനൽ ചർച്ചകളും നടക്കുന്നത്.
എനർജി മാനേജ്മെന്റ് സെന്റർ നടപ്പിലാക്കി വരുന്ന 'Go Electric' ക്യാമ്പെയിന്റെ ഭാഗമായി പുനരുപയോഗ ഊർജ സ്രോതസ്സുകളെയും മാർഗ്ഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഗ്രീൻ എക്സ്പോ മേളയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. ഇലക്ടിക് വാഹനങ്ങൾ, ഇലക്ട്രിക് കുക്കിംഗിനാവശ്യമായ ഉപകരണങ്ങൾ പാത്രങ്ങൾ എന്നിവയുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന മെഗാക്വിസ് ഗ്രാന്റ് ഫിനാലെ മേളയിൽ സംഘടിപ്പിക്കും. ഊർജമേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരമാണിത്. പതിനാല് ജില്ലകളിലെയും എനർജി ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മത്സരങ്ങൾ സ്റ്റുഡന്റ് എനർജി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉപന്യാസ രചന, പെയിന്റിംഗ് പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്ന സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം ഐ ഇ എഫ് കെ വേദിയിൽ നടക്കും.കേരള രാജ്യാന്തര ഊർജമേളയോടനുബന്ധിച്ച് ആയിരം വനിതകൾക്കായി എൽ ഇ ഡി റിപ്പയറിംഗ് പരിശീലനവും സംഘടിപ്പിക്കും. ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-06 17:14:15
ലേഖനം നമ്പർ: 1656