പരാതിപരിഹാരവും പൊതുജനക്ഷേമവും ഉറപ്പാക്കുന്നതിനായുള്ള ബൃഹത് കർമപരിപാടിയായ താലൂക്ക് തല പരാതിപരിഹാര അദാലത്തിന്റെ  രണ്ടാം ഘട്ടം ആരംഭിച്ച് സർക്കാർ. താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകൾ 2024  ഡിസംബർ 9 ന് ആരംഭിക്കും.അദാലത്തുകൾ 2025 ജനുവരി 13 വരെ നീണ്ടുനിൽക്കും.സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്നവ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. കളക്ടറേറ്റിലെയും, താലൂക്കിലെയും, പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത് സംഘടിപ്പിക്കുക.

21 വിഷയങ്ങളിൽ അദാലത്തിൽ അപേക്ഷ നൽകാവുന്നതാണ്. ഭൂമി സംബന്ധമായ വിഷയങ്ങളായ പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി  നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്  എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവ പരിഗണനാ വിഷയങ്ങളാണ്.

നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ, വായ്പ എഴുതി തള്ളൽ, പോലീസ് കേസുകൾ, ഭൂമിസംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള), ജീവനക്കാര്യം (സർക്കാർ), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.

താലൂക്ക് തല അദാലത്തുകളുടെ നേതൃപരമായ ചുമതലകൾ വഹിക്കാൻ വിവിധ മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾ karuthal.kerala.gov.in എന്ന പോർട്ടൽ മുഖേനയാണ് അപേക്ഷകൾ/പരാതികൾ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ, ഓൺലൈൻ, താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള അദാലത്ത് കൗണ്ടറുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം. ഒരു അപേക്ഷയിൽ ഒന്നിൽ കൂടുതൽ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാടില്ല. പരാതിക്കാരന്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. പരാതിയുടെ കൈപ്പറ്റ് രസീത് വാങ്ങണം. സമർപ്പിച്ച പരാതിയുടെ തൽസ്ഥിതി അറിയാനുള്ള സൗകര്യവും വൈബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   താലൂക്ക് തല അദാലത്ത് തീയതികൾ 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-21 17:29:32

ലേഖനം നമ്പർ: 1605

sitelisthead