
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ നൈസർഗ്ഗിക കലാ സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്ന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 2016ന് ശേഷം തിരുവനന്തപുരം വീണ്ടും കലാമാമാങ്കത്തിന് വേദിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും.
എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ക്ലാസുകളിലെ മത്സരങ്ങളെല്ലാം കേരള സ്‌കൂൾ കലോത്സവമായി തന്നെ അറിയപ്പെടും. ഒന്നാം ക്ലാസ് മുതൽ നാലുവരെ കാറ്റഗറി ഒന്ന്, അഞ്ച് മുതൽ ഏഴ് വരെ കാറ്റഗറി രണ്ട്, എട്ടു മുതൽ പത്തുവരെ കാറ്റഗറി മൂന്ന്, പതിനൊന്ന് മുതൽ പന്ത്രണ്ടു വരെ കാറ്റഗറി നാല് എന്നിങ്ങനെയാണ് മത്സരം നടക്കുന്നത്. ഇതിൽ മൂന്ന്, നാല് കാറ്റഗറികളിലെ പ്രതിഭകളാണ് സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കുന്നത്. ഇരുള നൃത്തം, മലയപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിങ്ങനെ കലോത്സവ ചരിത്രത്തിൽ ഇതാദ്യമായി അഞ്ച് തദ്ദേശീയ കലാരൂപങ്ങൾ കൂടി മത്സരയിനമായി അരങ്ങേറുന്നു എന്നതും പ്രത്യേകതയാണ്. കലോത്സവം പൂർണമായും ഹരിത പെരുമാറ്റ ചട്ടത്തിനു വിധേയമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം രൂപ നൽകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. 1986ൽ തൃശ്ശൂരിൽ വച്ച് നടന്ന ഇരുപത്തിയെട്ടാം കേരള സ്‌കൂൾ കലോത്സവത്തിൽ നിലവിൽ വന്ന നൂറ്റി പതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നൽകും. കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ കണ്ണൂർ ജില്ലയാണ് ജേതാക്കളായത്.
അപ്പീൽ കമ്മിറ്റി
പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കാനുള്ള പ്രശ്നപരിഹാര സമിതി ഈ കലോത്സവത്തിന്റെ പ്രധാന പ്രത്യേകതയാണ്. വിധി കർത്താക്കളുടെ വിധിനിർണ്ണയത്തിനെതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീൽകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പത്തൊമ്പത് സബ്കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണ പരിപാടികൾ ലഘു വീഡിയോകളായും ഡിജിറ്റൽ പോസ്റ്ററുകളായും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തുകൊണ്ടും എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും കലോത്സവത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചുകഴിഞ്ഞു.
പ്രോഗ്രാം കമ്മിറ്റി
25 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. 30 ഗ്രീൻ റൂം, 40 ഓളം ശുചിമുറികൾ, ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദി. സമീപത്തെ പവലിയനുകൾ അടക്കം ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയം ഒരുക്കിയിട്ടുള്ളത്. 12000 പേർക്കിരിക്കാവുന്ന പന്തൽ മഴ സാഹചര്യത്തിൽ ക്ലോസ്ഡ് ഓഡിറ്റോറിയമായി മാറ്റാൻ കഴിയുന്ന വിധത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്.
മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരയിനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 വേദികളിലും 5 ദിവസങ്ങളിലേക്കായി 2 ഷിഫ്റ്റുകളിലായി ആവശ്യമുള്ള ഒഫിഷ്യലുകളെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.മത്സരങ്ങൾ വീക്ഷിക്കുന്നതിനും മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് റിലീസ് ചെയ്തിട്ടുള്ള ഉത്സവം മൊബൈൽ ആപ്പ് ഉപയോഗിക്കാം. മത്സരങ്ങളും ഫലവും കൃത്യമായി അറിയാൻ കൈറ്റിന്റെ ulsavam.kite.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.
താമസസൗകര്യം
കുട്ടികൾ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യുന്ന സമയത്ത് അക്കോമഡേഷൻ സൗകര്യം ആവശ്യമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ഭാഗമായി നഗരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് നഗരത്തിലെ സ്‌കൂളുകളിൽ തന്നെയാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.
സുരക്ഷിതമായ താമസസൗകര്യത്തിനായി 25 കേന്ദ്രങ്ങളും പത്ത് റിസർവ് കേന്ദ്രങ്ങളുമാണ് തയാറാക്കിയിരിക്കുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം തന്നെ താമസ സൗകര്യമുണ്ട്. കൂടാതെ 10 സ്‌കൂളുകൾ റിസർവ്വായും കരുതിയിട്ടുണ്ട്. എല്ലാ സെന്ററുകളിലേയും സൗകര്യങ്ങൾ വിലയിരുത്തി കുട്ടികൾക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കും. പകലും രാത്രിയും ഷിഫ്റ്റടിസ്ഥാനത്തിൽ അധ്യാപകർ കേന്ദ്രങ്ങളിൽ ഉണ്ടാകും. കൂടാതെ പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സെന്ററുകളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഗതാഗതം
റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്‌ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ബസ്സ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും മത്സരാർത്ഥികളെ സ്വീകരിച്ച് വേദികളിലും, അക്കോമഡേഷൻ സെന്ററുകളിലും, ഭക്ഷണപന്തലിലും എത്തിക്കുന്നതിന് ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വേദികൾ, അക്കോമഡേഷൻ സെന്ററുകൾ, പ്രോഗ്രാം ഓഫീസ് എന്നിവ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്യൂ.ആർ. കോഡ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്‌മെന്റ് ബന്ധപ്പെട്ട ഡ്രൈവർമാർക്ക് ട്രെയിനിംഗ് നൽകിയിട്ടുണ്ട്.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്‌ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.
ഭക്ഷണ കമ്മിറ്റി
ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പുത്തരിക്കണ്ടം മൈതാനത്തിൽ ഭക്ഷണ പന്തൽ തയാറാക്കിയിരിക്കുന്നത്. പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ചൂടുവെള്ളം ശേഖരിച്ചുകൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്ലീനിംഗിനായി കോർപ്പറേഷന്റെ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കൽ പരിപാടി നടന്നുവരുന്നു.അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. 25 വേദികളിലും മെഡിക്കൽ ടീമും, കൗൺസിലർ ടീമും നിയോഗിക്കുന്നതിനുളള സജ്ജീകരണങ്ങൾ ഉണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, അക്കോമഡേഷൻ സെന്ററുകളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം ലഭ്യമാണ്.
ആരോഗ്യവും സുരക്ഷയും
പോലീസ് വകുപ്പുമായി ചേർന്നുകൊണ്ട് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്‌സ്, ജെ.ആർ.സി, സോഷ്യൽ സർവ്വീസ് സ്‌കീം എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറ് കുട്ടികളുടെ സേവനം എല്ലാ വേദികളിലും ലഭ്യമാക്കുന്നതാണ്. മുഖ്യ വേദിയിലെ വാഹന പാർക്കിംഗിനായി ആറ്റുകാൽ ടെംബിൾ പാർക്കിംഗ് ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, എം.ജി.കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മത്സര വേദികളിലേയും, നഗരത്തിലേയും ക്രമസമാധാനപാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി സിറ്റി പോലീസ് കമ്മീഷണുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനത്തിനായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിക്കരികിൽ കൺട്രോൾ റൂമും മറ്റ് വേദികളുടെ സമീപത്ത് ഔട്ട് പോസ്റ്റുകളുമുണ്ടാകും. ഒപ്പം ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പ്രോഗ്രാം ഷെഡ്യൂള്‍
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-01-04 10:59:55
ലേഖനം നമ്പർ: 1610