കർഷകർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിന് ജനസേവകേന്ദ്രങ്ങളുടെ പ്രവർത്തന മാതൃകയിൽ ആശ്രയകേന്ദ്രങ്ങളുമായി സംസ്ഥാന കൃഷിവകുപ്പ്. കൃഷിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിൽ ലഭ്യമാകുവാൻ സഹായകമാകുന്ന ആശ്രയ കേന്ദ്രങ്ങൾ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ്. 

കൃഷിവകുപ്പ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തിൽ എഐഎംഎസ് പോർട്ടലിലൂടെ കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം കതിർ പോർട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കുകയാണ് ആശ്രയ കാർഷിക സേവന കേന്ദ്രങ്ങളുടെ ലക്ഷ്യം. കൃഷിവകുപ്പ് നേരിട്ടാണ് ആശ്രയകേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.ഓൺലൈൻ വഴിയുള്ള സേവനങ്ങൾക്കൊപ്പം വിളകളുമായി ബന്ധപ്പെട്ട സേവനങ്ങൾ, കൃഷിനാശം, വിളപരിപാലനം തുടങ്ങീ കൃഷിയിടത്തിൽ നേരിട്ടെത്തിയുള്ള സേവനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു. 

നിലവിൽ പ്രവർത്തിച്ചുവരുന്ന സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ, കാർഷിക കർമ്മ സേനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ 'ആശ്രയ' ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങൾ ആരംഭിക്കുക. കാർഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി പിന്നീട് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓരോ കൃഷിഭവൻ പരിധിയിലും ഒരു കർഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം.


കർഷകന് സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അക്ഷയ സെന്ററുകൾക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കുന്നതാണ്. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങൾക്കും പുതിയ സേവനങ്ങൾക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നൽകും.
 
കൃഷിഭവൻ പരിധിയിൽ ലഭ്യമായിട്ടുള്ള AIMS രജിസ്ട്രേഷൻ, നെല്ല്/ പച്ചത്തേങ്ങ/ കൊപ്ര സംഭരണ രജിസ്ട്രേഷൻ, SMAM രജിസ്ട്രേഷൻ ഉൾപ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കർഷകർക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കുവാൻ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവർത്തിച്ച് കർഷകരുടെ ഒരു 'വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ' ആയാണ് ആശ്രയ പ്രവർത്തിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-28 14:50:35

ലേഖനം നമ്പർ: 1586

sitelisthead