വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് സ്കൂൾ കോളേജ് തലത്തിലെ കുട്ടികൾക്കായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ഒരുക്കുന്ന വിനോദ വിജ്ഞാന യാത്ര 'ട്രാവൽ ടു ടെക്നോളജി'ക്ക് സംസ്ഥാനത്ത് തുടക്കമായി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വ്യാവസായിക, സാങ്കേതിക മേഖലകളെ കൂടുതൽ അറിയുന്നതിനും കേരളത്തിന്റെ വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമായ മേഖലകളെക്കുറിച്ച് വിദ്യാർത്ഥികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ & ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാൻറ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകൾ ആണ് കെഎസ്ആർടിസി 'ട്രാവൽ ടു ടെക്നോളജി' യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് ഉച്ച ഭക്ഷണം ഉൾപ്പെടെ 500 രൂപയിൽ താഴെയായിരിക്കും ചാർജ്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനമാകും ഉപയോഗിക്കുക. കുറഞ്ഞ ബഡ്ജറ്റിൽ സാങ്കേതികവിദ്യയുടെയും വ്യവസായത്തിന്റെയും ലോകത്തെക്കുറിച്ചുള്ള അനുഭവവും ഉൾക്കാഴ്ചയും നേടാൻ ഈ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് മികച്ച അവസരം നൽകുന്നു.
യാത്രയുടെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-28 11:27:08
ലേഖനം നമ്പർ: 1584