സംസ്ഥാനത്ത് വൈദ്യുതി ബിൽ തുക മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ഓൺലൈനായി അടയ്ക്കുന്നതിനുള്ള സ്‌പോട്ട് ബിൽ പേയ്‌മെന്റ് പദ്ധതി നടപ്പിലാക്കി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി ). ഉപഭോക്താക്കൾക്ക് അവരുടെ വൈദ്യുതി ബിൽ  മീറ്റർ റീഡർ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ  അനായാസം അടയ്ക്കാൻ സാധിക്കുന്ന സംവിധാനമാണ് കെഎസ്ഇബി അവതരിപ്പിച്ചിരിക്കുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. 

കെ.എസ്.ഇ.ബി ഓഫീസ് ക്യാഷ് കൗണ്ടറിലെത്തി പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാൽ  വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കും.  കെ.എസ്.ഇ.ബി കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌പോട്ട് ബിൽ പേയ്‌മെന്റ് സേവനത്തിന് സർവീസ് ചാർജോ, അധിക തുകയോ നൽകേണ്ടതില്ല. 

2024 നവംബർ 15 മുതൽ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. കൂടാതെ കെഎസ്ഇബിയും  ഉപഭോക്താക്കളും തമ്മിൽ കൂടുതൽ സംവേദനാത്മകവും ഉപയോക്തൃ-സൗഹൃദവുമായ അന്തരീക്ഷമൊരുക്കുന്നതിനും സംവിധാനം സഹായകമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-05 16:21:33

ലേഖനം നമ്പർ: 1589

sitelisthead