ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനമായി രൂപം കൊണ്ടിട്ട് 68 വർഷം പിന്നിടുമ്പോൾ സമ്പൂർണ ഹരിത മാതൃക സൃഷ്ടിച്ച് കേരളം. മാലിന്യമുക്തം നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സംസ്ഥാനത്തെ പതിനായിരത്തിലേറെ സ്ഥാപനങ്ങൾ ഹരിതമാതൃകകളായി മാറും. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറും. ശുചിത്വത്തിനും മാലിന്യ സംസ്‌കരണത്തിനു പുറമെ ആരോഗ്യ,വിദ്യാഭ്യാസ, നവസാങ്കേതിക മേഖലകളിൽ മികച്ച പുരോഗതി കൈവരിച്ച കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയാണ്. ഈ കേരളപ്പിറവി ദിനത്തിൽ സമഗ്രമേഖലകളിലുമുള്ള വികസനത്തിനൊപ്പം സമ്പൂർണ ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള വളർച്ചയാണ് സംസ്ഥാനം ലക്ഷ്യം വെയ്ക്കുന്നത്.
ഐക്യകേരളപ്പിറവി : ഐക്യകേരളം എന്നാശയത്തെ തുടർന്ന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. 1956 ലെ സംസ്ഥാന പുനസ്സംഘടനാനിയമപ്രകാരം തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു തെക്കൻ താലൂക്കുകളും ചെങ്കോട്ട താലൂക്കിൻറെ ഒരു ഭാഗവും തിരുവിതാംകൂർ-കൊച്ചിയിൽനിന്നു വേർപെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർത്തു. ശേഷിക്കുന്നവയെ മലബാർ ജില്ല, തെക്കൻ കാനറാ ജില്ലയിലെ കാസർകോട് താലൂക്കുമായി ചേർത്താണ് 1956 നവംബർ 1ന് ഐക്യകേരളം രൂപീകരിച്ചത്. ഈ അവസരത്തിൽ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത് അഞ്ച് ജില്ലകൾ മാത്രമുള്ള കേരളം ആയിരുന്നു. ആറു പതിറ്റാണ്ടുകൾക്കിപ്പുറം സാമൂഹ്യ വികസനത്തിന്റെ ആഗോള മാതൃക സൃഷ്ടിക്കുന്നതിനും, സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ സുസ്ഥിര മാറ്റങ്ങൾക്ക് വഴിതെളിച്ച് നവകേരളത്തിലേക്കുള്ള അതിവേഗ പാതയിലാണിന്നു കേരളം.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ-ഹരിത പദവിയിലേക്ക്
ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ നിലവിൽ രണ്ടാം ഘട്ടത്തിലാണ്. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ സമ്പൂർണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ഈ ക്യാമ്പയിൻ. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ ജനകീയ പിന്തുണയോടെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. സമ്പൂർണ്ണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, സമ്പൂർണ ഹരിത ടൂറിസം കേന്ദ്രം, സമ്പൂർണ ശുചിത്വ ഗ്രാമം/നഗരം, സമ്പൂർണ ഹരിത ഓഫീസ്, സമ്പൂർണ ഹരിത വിദ്യാലയം/കലാലയം തുടങ്ങി വിവിധ ആശയങ്ങളാണ് സർക്കാർ ക്യാമ്പയിനിലൂടെ നടപ്പാക്കുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ മാലിന്യമുക്തമാക്കി സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സംഘടനകൾ, ഗ്രന്ഥശാലകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
ഈ കേരളപ്പിറവി ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് ഹരിത പദവിയിലേക്ക് എത്തുന്നത്. കേരളത്തിൽ 13353 സ്ഥാപനങ്ങളും ഓഫീസുകളുമാണ് ഇത്തരത്തിൽ ഹരിതമാതൃകകളായി മാറുന്നത്. 810 ടൗണുകൾ ഹരിത ടൗണുകളായി പ്രഖ്യാപിക്കും. 6048 ഹരിതവിദ്യാലയങ്ങളെയും 315 പൊതുസ്ഥലങ്ങളെയും 298 ഹരിതകലാലയങ്ങളെയും ഹരിതമാക്കി പ്രഖ്യാപിക്കും. 24713 അയൽക്കൂട്ടങ്ങളാണ് കേരളപ്പിറവിയിൽ ഹരിത പദവിയിലേക്ക് എത്തുന്നത്.
ശുചിത്വ മികവിൽ ടൂറിസം മേഖല
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഈ കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മുഖം അടിമുടി മാറുകയാണ്. കാഴ്ചകൾക്കൊപ്പം ശുചിത്വ മികവിലും മാതൃകയാകാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 68 വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് തയാറായി കഴിഞ്ഞത്. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക ടീം സ്ഥലം സന്ദർശിച്ച് മാലിന്യസംസ്‌കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
വാടിക (കോട്ട മൈതാനം, പാലക്കാട്) , അടവി ഇക്കോ ടൂറിസം കേന്ദ്രം പത്തനംതിട്ട, നിലമ്പൂർ തേക്ക് മ്യൂസിയം, കാരാപ്പുഴ ഡാം വയനാട്, ലോകനാർകാവ് ക്ഷേത്രം കോഴിക്കോട്, വിജയ ബീച്ച് പാർക്ക് ആലപ്പുഴ, പാണിയേലിപോര് എറണാകുളം, കാൽവരി മൗണ്ട് ഇടുക്കി, ജബ്ബാർകടവ് കണ്ണൂർ, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ബേക്കൽകോട്ട കാസർകോഡ് തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിദ്ധ്യ സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നത്. പാരിസ്ഥിതികവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള പ്രദേശങ്ങളാണ് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗവും.അവയെ ശുചിത്വമികവിലേക്ക് എത്തിക്കുക മാത്രമല്ല സമ്പൂർണ ഹരിത ടൂറിസം കേന്ദ്രങ്ങളായി സംരക്ഷിക്കാൻ കൂടിയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വകേരളമായി നമ്മുടെ നാട് മാറുന്നതിന് മുന്നോടിയായി അയൽക്കൂട്ടങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഹരിതമായി മാറികഴിഞ്ഞിരിക്കുന്നു. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ,കൃത്യമായി തരം തിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവ്യമാലിന്യങ്ങളും ഉറവിടത്തിൽ സംസ്‌കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിതകർമ്മസേനകൾ വഴി കൈമാറൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം കക്കൂസ് മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ പ്ലാന്റുകൾ സ്ഥാപിക്കുക, ജലസ്രോതസും നീർച്ചാലുകളും ശുദ്ധീകരിക്കുക, ശാസ്ത്രീയമായ രീതിയിൽ ലാൻറ് ഫില്ലുകൾ ആരംഭിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കി നടത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് കേരളപ്പിറവി ദിനത്തിലെത്തുന്ന ഈ ഹരിതമാതൃകകൾ. ലോകത്തിന് മുന്നിലേക്ക് ആറു പതിറ്റാണ്ടുകൾക്ക് ശേഷം ഐക്യകേരളം സൃഷ്ടിച്ച മികച്ച മാതൃകയായി ഹരിതമാതൃകൾ അഭിമാനമുയർത്തുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-01 16:02:34
ലേഖനം നമ്പർ: 1568